മകൻ ജനിച്ച സമയത്ത് അപ്പൻ വേണമായിരുന്നെന്ന് തോന്നി; നല്ല സുഹൃത്തായിരുന്നു, അടിയും ഉണ്ടായിട്ടുണ്ട്: ചാക്കോച്ചൻ
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രീയ റൊമാന്റിക് നായകനാണ് കുഞ്ചാക്കോ ബോബൻ. ക്യാമ്പസ് പ്രണയ ചിത്രങ്ങളിലൂടെയും ചോക്ലേറ്റ് ബോയ് വേഷങ്ങളിലൂടെയുമൊക്കെയാണ് കുഞ്ചാക്കോ ബോബന്‍ ആരാധകരെ നേടിയെടുക്കുന്നത്. റൊമാൻസെല്ലാം കുറച്ച് എല്ലാത്തരം വേഷങ്ങളും പരീക്ഷിക്കുന്ന നടനായി കുഞ്ചാക്കോ ബോബൻ മാറിയെങ്കിലും ഇന്നും കുഞ്ചാക്കോ ബോബനെന്നാല്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷിച്ചു നടന്നിരുന്ന ആ പയ്യനായിരിക്കും.
നായകനായെത്തിയ അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ ലഭിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് നിറം, മയിൽപീലിക്കാവ്, പ്രേം പൂജാരി, പ്രിയം തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകളും നടനോടുള്ള ഇഷ്ടത്തിന് കാരണമായിട്ടുണ്ട്. അങ്ങനെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരു കഥാപാത്രമായിരുന്നു കസ്തൂരിമാൻ എന്ന ചിത്രത്തിലേതും.

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് എകെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു. ചാക്കോച്ചൻ നായകനായി എത്തിയ ചിത്രത്തിൽ മീര ജാസ്മിനായിരുന്നു നായിക. ചിത്രത്തിൽ സാജൻ ജോസഫ് ആലൂക്ക എന്ന കഥാപാത്രമായാണ് നടൻ എത്തിയത്. നടൻ ലിഷോയ് ആണ് സിനിമയിൽ കുഞ്ചാക്കോ ബോബന്റെ അച്ഛനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടൻ ലിഷോയിയും ചാക്കോച്ചനും.
കസ്തൂരിമാൻ ചിത്രത്തിന് ശേഷം ചാക്കോച്ചൻ തന്നെ എവിടെവച്ചുകണ്ടാലും അപ്പാ എന്നാണ് വിളിക്കുന്നതെന്ന് ലിഷോയി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് സംഘടിപ്പിച്ച കുഞ്ചാക്കോ ബോബൻ ഫാൻസ് മീറ്റപ്പിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കസ്തൂരിമാൻ കൂടാതെ ഒന്ന് രണ്ടു സിനിമകളിൽ കൂടി താൻ ചാക്കോച്ചന്റെ അപ്പനായിട്ടുണ്ടെന്ന് ലിഷോയ് പറഞ്ഞു.
തന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ചിത്രമാണ് കസ്തൂരിമാൻ. സാജൻ ആലുക്ക എന്ന കഥാപത്രത്തിന് ഞാനുമായി സാമ്യമുണ്ട്. അപ്പോൾ ഞങ്ങളുമായും അത്തരത്തിൽ ഒരു ബന്ധം ഉണ്ടാകുമല്ലോ എന്നായിരുന്നു ഇതിനു പിന്നാലെ ചാക്കോച്ചൻ പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ലിഷോയുടെ മകൻ ലിയോണയ്ക്ക് ഒപ്പം താൻ അഭിനയിച്ചിരുന്നെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അന്ന് മുതൽ ഇന്നുവരെ ചാക്കോച്ചൻ ദേഷ്യപ്പെടുന്നത് താൻ കണ്ടിട്ടില്ലെന്നും ലിഷോയ് പരിപാടിയിൽ പറഞ്ഞു. അത് ചാവേറിൽ കാണേണ്ടി വരുമെന്നായിരുന്നു നടന്റെ മറുപടി. ഇരുപത് വർഷങ്ങൾക്ക് മുൻപ് താൻ കണ്ട അതേ ആൾ തന്നെയാണ് ചാക്കോച്ചൻ ഇന്നും. ഒരു മാറ്റവും വന്നിട്ടില്ലെന്നും ലിഷോയ് പറഞ്ഞു. പിന്നാലെ തന്റെ അച്ഛനെ മിസ് ചെയ്യുന്നതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ സംസാരിച്ചു.

'ജീവിതത്തിൽ അപ്പനെ മിസ്സ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്റെ കൂട്ടുകാർ അപ്പൻെറയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിങ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ട്',
'അപ്പൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്നേഹത്തിന്റെ പുറത്താണ് സംഭവിക്കുന്നത്. എന്റെ ഹീറോ ആയിരുന്നു അപ്പൻ', കുഞ്ചാക്കോ ബോബൻ പറഞ്ഞു.


Click it and Unblock the Notifications