അച്ഛൻ ഉറ്റുനോക്കുന്ന സിനിമയാണ്! ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്, ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു; വിനീത് ശ്രീനിവാസൻ
മലയാള സിനിമയിലെ പകരക്കാരില്ലാത്ത സാന്നിധ്യമാണ് നടൻ ശ്രീനിവാസൻ. നടൻ എന്നതിലുപരി തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രമെടുത്താൽ അതിൽ മാറ്റി നിർത്താൻ കഴിയാത്ത പേരുകളിൽ ഒന്നാണ് ശ്രീനിവാസൻ എന്നത്. നിരവധി സൂപ്പർ ഹിറ്റുകളാണ് ശ്രീനിവാസന്റെ രചനയിൽ മലയാളത്തിന് ലഭിച്ചിട്ടുള്ളത്. അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്.
അതിനിടെ ആശുപത്രിയിൽ നിന്ന് വന്ന ശേഷം ശ്രീനിവാസൻ ആദ്യമായി അഭിനയിച്ച കുറുക്കൻ എന്ന ചിത്രം റിലീസിനും ഒരുങ്ങുകയാണ്. മകൻ വിനീത് ശ്രീനിവാസന് ഒപ്പമാണ് നടൻ കുറുക്കനിൽ അഭിനയിച്ചത്. ഇപ്പോഴിതാ, ശ്രീനിവാസൻ കുറുക്കനിലേക്ക് എത്തിയതിനെ കുറിച്ചും അദ്ദേഹം അസുഖം മാറി തിരിച്ചുവരുന്നത് വരെ മറ്റുള്ളവർ സഹകരിച്ചതിനെക്കുറിച്ചും പറയുകയാണ് വിനീത് ശ്രീനിവാസൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'അച്ഛൻ ഭയങ്കരമായിട്ട് ഉറ്റുനോക്കുന്ന ഒന്നായിരിക്കും കുറുക്കന്റെ റിലീസ്. അത്രയും എഫോർട്ട് ഇട്ട് ചെയ്തതാണ്. അത്രയും ഫിസിക്കൽ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും അതിനെയെല്ലാം മറികടന്നാണ് അത് ചെയ്തത്. അച്ഛന്റെ എക്സ്പീരിയൻസ് അതിന് സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ പ്രൊജക്ടിലേക്ക് ആദ്യം വരുന്നത് അച്ഛനാണ്. അച്ഛന് വയ്യാതെ ആകുന്നതിന് മുന്നേ, ഒരു രണ്ടു മൂന്ന് വർഷം മുൻപ് പറഞ്ഞ കഥയാണ്. അച്ഛൻ അന്ന് ഈ സിനിമയെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് ഞാൻ ഈ സിനിമയിലേക്ക് വന്നിട്ടില്ല',
'അതുകൊണ്ട് തന്നെ അച്ഛൻ ഈ സിനിമയിൽ വേണമെന്ന് സംവിധായകനും നിർമാതാവിനുമെല്ലാം നിർബന്ധമായിരുന്നു. അച്ഛന് വേണ്ടി ഷൂട്ട് നീട്ടി വയ്ക്കുകയാണ് ചെയ്തത്. ഒരാളുപോലും ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും ഡേറ്റ്സ് അഡ്ജസ്റ്റ് ചെയ്ത് അച്ഛന് പറ്റുന്ന സമയത്തേക്ക് മാറ്റി,' വിനീത് പറഞ്ഞു.
സിനിമയിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സെറ്റിലെ ഷൈനിനെ കുറിച്ചും വിനീത് അഭിമുഖത്തിൽ സംസാരിച്ചു. ഷൈനിന് സെറ്റിൽ രണ്ടു ഭാവമുണ്ടെന്നാണ് വിനീത് പറഞ്ഞത്. 'ഷൈൻ സെറ്റിൽ എത്തിയാൽ ഒരു ആഘോഷമാണ്. ആകെ മൊത്തം ബഹളമാണ്. പക്ഷേ കോടതി സീൻ എടുക്കുന്ന ദിവസം ഷൈൻ അതിൽ വളരെ ഫോക്കസ്ഡ് ആയിരുന്നു. മുഴുവൻ സമയവും ഡയലോഗുകൾ പഠിച്ചുകൊണ്ടിരിക്കുന്ന ഷൈനിനെയാണ് കണ്ടത്',

'മൂന്ന്, നാല് ദിവസം ഷൈൻ അതിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു. എഴുതി പഠിക്കുന്നത് വരെ കണ്ടു. ഷൈനിന് ഇമ്പോർട്ടന്റ് എന്ന് തോന്നുന്ന ഏരിയ വളരെ ഫോക്കസ് ചെയ്താണ് ചെയ്യുന്നത്. ബാക്കിയുള്ള സമയത്തൊക്കെ ഫുൾ ബഹളമാണ്. ഷൈനിന് പല മൂഡ്‌സ് ഉണ്ട്. വളരെ അർമാദിച്ച് നടക്കുന്ന ഷൈനിനെയും നമ്മൾ കാണും. വളരെ ഫോക്കസ്ഡ് ആയിട്ട് നടക്കുന്ന ഷൈനിനെയും നമ്മൾ കാണും. ഇത് രണ്ടും ഞാൻ ഈ പടത്തിൽ കണ്ടിട്ടുണ്ട്,' വിനീത് ശ്രീനിവാസൻ പറഞ്ഞു.
അതേസമയം വിനീത് ശ്രീനിവാസൻ (പ്രധാന വേഷത്തിൽ എത്തുന്ന കുറുക്കൻ ജൂലൈ 27 നാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള ഫൺ ഇൻവെസ്റ്റിഗേഷൻ സിനിമയാണെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും വലിയ ശ്രദ്ധനേടിയിരുന്നു.
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയ്ക്കും പുറമെ സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications