ബാലുവും കുഞ്ഞുമുള്ള ലോകം മനസ് സൃഷ്ടിച്ചു; സംസാരിക്കാന്‍ വന്ന സൈക്കോളജിസ്റ്റിനെ ഇറക്കിവിട്ടു!
ബാലഭാസ്‌കറിന്റെ മരണം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തനിക്ക് മാസങ്ങള്‍ വേണ്ടി വന്നുവെന്ന് ഭാര്യ ലക്ഷ്മി. 2018 ലുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരണപ്പെടുന്നത്. അപകടത്തില്‍ ഗുരുതര പരുക്കുകളേറ്റ ലക്ഷ്മി മാസങ്ങളോളം ആശുപത്രിയിലായിരുന്നു. ഇപ്പോഴിതാ അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ലക്ഷ്മി തുറന്ന് സംസാരിക്കുകയാണ്.
അപകടവും വിവാദവുമൊക്കെയുണ്ടായി ആറു വര്‍ഷത്തിന് ശേഷമാണ് ലക്ഷ്മി മൗനം വെടിയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നിരിക്കുന്നത്. ബാലുവിന്റെ മരണം തനിക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. തന്റെ മനസില്‍ രണ്ട് ലോകങ്ങളായിരുന്നു. അതില്‍ ഒന്നില്‍ താനും ബാലുവും മകളുമുള്ള ജീവിതം നടക്കുകയായിരുന്നു ആ സമയത്തെന്നാണ് ലക്ഷ്മി പറയുന്നത്.

''ശരിക്കും ബോധം വരുമ്പോള്‍ ഞാന്‍ ഐസിയുവിലായിരുന്നു. അതിന് മുമ്പ് പല തവണ ബോധം വരികയും പോവുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പേരടക്കം ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ബോധം വന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ കയ്യിലും കാലും കെട്ടിവച്ചിരിക്കുകയാണ്. കിടന്നോളൂ, ചെറിയൊരു മുറിവുണ്ട്. അതിനാല്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കിടന്നോളൂവെന്ന് നഴ്‌സ് പറഞ്ഞു'' ലക്ഷ്മി പറയുന്നു.
ആ സമയത്ത് ഞാന്‍ ബാലുവിനെ അന്വേഷിച്ചിരുന്നു. എല്ലാവരും പുറത്തുണ്ട്, വിശ്രമിച്ചോളൂവെന്നായിരുന്നു എന്നോട് ആദ്യം പറഞ്ഞത്. അത് എന്റെ മനസില്‍ നന്നായി പതിഞ്ഞിരുന്നു. പിന്നീട് ബാലു ഇല്ല എന്ന കാര്യം ഞാന്‍ അംഗീകരിച്ചിരുന്നില്ല. പുറത്തുണ്ട്. ബ്രെയിന്‍ ഇഞ്ചുറി ആയതിനാലാകാം, ഞാന്‍ ബാലുവിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നൊരു ലോകം സമാന്തമായി നടക്കുന്നുണ്ടായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്.
ആ ലോകത്ത് ഞാന്‍ ബാലുവിനോട് സംസാരിക്കുന്നുണ്ട്. ബാലു എന്നോട് തിരിച്ചും സംസാരിക്കുന്നുണ്ട്. ആ അവസ്ഥ മാസങ്ങളോളം നീണ്ടു പോയി. എന്റെ മാനസികാവസ്ഥയെക്കുറിച്ച് ഞാന്‍ തന്നെ പേടിക്കാന്‍ തുടങ്ങി. രണ്ട് രീതിയിലാണ് പോകുന്നത്. കണ്ണ് തുറക്കുമ്പോള്‍ തല മുതല്‍ കാല് വരെ വളരെയധികം വേദനകളോടെ കിടക്കുകയാണ്. ആളുകള്‍ അനുശോചനം അറിയിക്കാന്‍ വരുന്നു. അത് കഴിഞ്ഞ് എപ്പോഴോ മയങ്ങുന്നു. പിന്നെ കാണുന്നത് ഞങ്ങളുടെ നോര്‍മല്‍ ലൈഫ് ആണ് എന്നും ലക്ഷ്മി പറയുന്നു.
അതില്‍ ബാലുവും കുഞ്ഞും ഉണ്ട്. ഞാന്‍ ഇങ്ങനൊരു സ്വപ്‌നം കാണുന്നുണ്ട് എന്ന് ബാലുവിനോട് പറയുന്നുണ്ട്. മോശം സ്വപ്‌നങ്ങള്‍ പങ്കുവച്ചാല്‍ പിന്നെ നടക്കില്ല. അതുകൊണ്ട് കുഴപ്പമില്ലെന്ന് ബാലു എന്നോട് പറയുന്നുണ്ട്. ഞങ്ങളുടെ നോര്‍മല്‍ ലൈഫ് നടക്കുകയാണ്. കണ്ണുതുറക്കുമ്പോള്‍ വീണ്ടും റിയാലിറ്റിയും വേദനയും. ഇതില്‍ സ്വപ്‌നമേതാ, യഥാര്‍ത്ഥ്യമേതാ, ഹാലൂസിനേഷന്‍ ആണോ, അങ്ങനെ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നുവെന്നും ലക്ഷ്മി ഓര്‍ക്കുന്നു.

കുറച്ച് മാസങ്ങള്‍ എടുത്തു യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കാന്‍. അപ്പോഴേക്കും വിവാദങ്ങളും തുടങ്ങിയിരുന്നു.പക്ഷെ അതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല. എന്റെ പ്രാഥമിക പ്രശ്‌നം ബാലുവും മകളുമായിരുന്നു. അതിനപ്പുറത്തേക്ക് ഞാന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. ബാലുവിന്റെ മരണത്തെക്കുറിച്ച് തന്നോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണവും ലക്ഷ്മി ങ്കുവെക്കുന്നുണ്ട്.
ആശുപത്രിയില്‍ വച്ച് തന്നെയാണ് എന്നോട് പറയുന്നത്.പക്ഷെ ഞാനത് അംഗീകരിച്ചിരുന്നില്ല. അതിനാല്‍ സൈക്കോളജിസ്റ്റ് എന്നോട് സംസാരിക്കാന്‍ വന്നു. അവര്‍ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അവരോട് കടന്നു പോകാന്‍ പറഞ്ഞു. നഴ്‌സിംഗ് സ്റ്റാഫിനോട് ഇവര്‍ വരികയാണെങ്കില്‍ എന്നോട് സംസാരിക്കാന്‍ അനുവദിക്കരുത്, അവര്‍ എന്നെ വിഷമിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് പറഞ്ഞു. ആ സമയത്തൊന്നും ഞാനത് അംഗീകരിച്ചിരുന്നില്ലെന്നാണ് ലക്ഷ്മി പറയുന്നത്.


Click it and Unblock the Notifications