വാതിലില്‍ മുട്ടുന്നവന്റെ പല്ലടിച്ച് കൊഴിക്കാനറിയാം; ഹേമ കമ്മിറ്റി അമ്മയിലെ നടിമാരുടെ മൊഴിയെടുത്തിട്ടില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. കമ്മിറ്റി അമ്മയിലെ അംഗങ്ങളായ സ്ത്രീകളില്‍ നിന്നും മൊഴിയെടുത്തിട്ടില്ലെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഡബ്ല്യുസിസിക്കെതിരേയും ലക്ഷ്മി പ്രിയ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പ്രതികരിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ ആരൊക്കെയാണ് മൊഴി കൊടുത്തത്? എത്രപേരുടെ മൊഴി എടുത്തിട്ടുണ്ട്? അവര്‍ എത്രകാലം സിനിമയില്‍ തുടരുന്നുണ്ട്? എന്നും താരം ചോദിക്കുന്നുണ്ട്. ലക്ഷ്മി പ്രിയയുടെ വാക്കുകളിലേക്ക്.
പ്രിയമുള്ളവരേ, രണ്ടു മൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആകെ എരിവും പുളിയും മസാലയും. പ്രതികരിക്കാതെ ഇരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. പണ്ടേ മുഖം നോക്കാതെ പ്രതികരണവും അഹങ്കാരി എന്ന വിശേഷണവും അലങ്കാരമായി കൊണ്ടു നടക്കുന്നവള്‍ ആയതിനാല്‍ ഒന്നു രണ്ടു വിവരങ്ങള്‍ എഴുതണം എന്നു തോന്നി. ഈ ഹേമാ കമ്മീഷനെക്കുറിച്ച് ചോദിക്കുന്നതിനു മുന്‍പ് പലവട്ടം പലയിടത്തും സൂചിപ്പിച്ച ഒരു കാര്യം, വീണ്ടും ആവര്‍ത്തിക്കുന്നു.

അല്പ കാലം മുന്‍പ് W C C വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ ' സിനിമയുടെ സമസ്ത മേഖലയിലും ' ജോലി ചെയ്യുന്ന വനിതകള്‍ക്കായി ഒരു സിനിമാ കൂട്ടായ്മ ഉണ്ടാകുന്നു എന്ന് ഒരു ' അമ്മ ' ജനറല്‍ ബോഡി മീറ്റിംഗ് ' ല്‍ ശ്രീമതി ഗീതു മോഹന്‍ ദാസ് അനൗണ്‍സ് ചെയ്യുന്നു. ആദരണീയനായ ശ്രീ മമ്മൂട്ടി എന്താണ് വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്നും അതിന് എന്തൊക്കെ സാധ്യതകള്‍, അത്തരം ഒരു സംഘടനയുടെ ആവശ്യകത ഇവയെ എല്ലാം പറ്റി വിശദമായി സംസാരിക്കുകയും വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് അമ്മയില്‍ നിന്നും വിഭിന്നമായ ഒരു സംഘടന അല്ല, ആയതിനാല്‍ അമ്മയിലെ മുഴുവന്‍ സ്ത്രീകളും w c c യില്‍ അംഗത്വം എടുക്കണം എന്ന് ആഹ്വാനം ചെയ്യുകയും ഞങ്ങള്‍ മുഴുവന്‍ അംഗങ്ങളും ഈ പ്രമേയം കയ്യടിച്ചു പാസാക്കുകയും അനന്തരം വളരെ വൈകാരികമായി w c c യ്ക്ക് അമ്മ നല്‍കിയ സപ്പോര്‍ട്ടിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
പിന്നീട് എന്താണ് മേല്‍പ്പറഞ്ഞ സംഘടനയ്ക്ക് സംഭവിച്ചത്? അമ്മയില്‍ നിന്നും എത്ര പേര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുണ്ട്? നാളിതുവരെ എത്ര പേര് ആ സംഘടനയില്‍ അംഗങ്ങളായി ഉണ്ട്? ഈ സംഘടന രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും മേല്‍പ്പറഞ്ഞ സംഘടന ഫേസ്ബുക്കില്‍ അത് പറഞ്ഞു, ഇതു പറഞ്ഞു എന്ന് എഴുതി കാണുന്നതിന്റെ അടിസ്ഥാനത്തില്‍ എന്റെ ഇന്റര്‍വ്യൂ എടുത്തമാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ഈ സംഘടനയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ച ചോദ്യങ്ങള്‍, എവിടെ ആണ് ഈ സംഘടനയുടെ ആസ്ഥാനം? എന്താണ് അഡ്രസ്സ്? എന്താണ് ബൈലോ? എന്തുകൊണ്ട് ഞങ്ങളെ മെമ്പര്‍മാര്‍ ആക്കുന്നില്ല? ഇതിന് മറുപടിയായി ശ്രീമതി സജിതാ മഠത്തില്‍ സംഘടന ശൈശവ അവസ്ഥയില്‍ ആണ് എന്നും ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും സംഘടനയ്ക്ക് ( ഒരു കൊല്ലം ആയിട്ടും ) ആയിട്ടില്ല എന്നും ഞങ്ങളെ എല്ലാവരെയും ക്ഷണിക്കും എന്നും പറയുകയുണ്ടായി.
കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ജ്യോതിയും വന്നില്ല, തീയും വന്നില്ല, അമ്മയിലെ സ്ത്രീകള്‍ക്ക് ക്ഷണവും വന്നില്ല. ശേഷം അമ്മ മുന്‍കൈ എടുത്ത് എറണാകുളത്ത് വച്ച് ഞങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു യോഗം സംഘടിപ്പിക്കുകയും പല വിഷയങ്ങളെയും കുറിച്ച് ഓപ്പണ്‍ ആയി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
2017 മുതല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ആരംഭിച്ച ഹേമാ കമ്മീഷന്‍ മലയാള സിനിമയിലെ 90% സ്ത്രീകളും അംഗങ്ങള്‍ ആയ ' അമ്മയിലെ ' നടിമാരോട് എന്തേ ഒന്നും ആരാഞ്ഞിട്ടില്ല? 225 പേര് അമ്മയില്‍ സ്ത്രീ മെംബേര്‍സ് ആയി ഉണ്ട്. എന്റെ അറിവില്‍ ഇവരില്‍ ആരോടും കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടില്ല! എന്തുകൊണ്ട്? 7 കൊല്ലം എടുത്തിട്ടും എന്തുകൊണ്ടാണ് മുതിര്‍ന്ന അഭിനേത്രി ശ്രീമതി ശാരദ കൂടി അംഗമായ കമ്മിറ്റി ഞങ്ങളെ വിളിക്കാതിരുന്നത്?
ആ റിപ്പോര്‍ട്ടില്‍ ആരൊക്കെയാണ് മൊഴി കൊടുത്തത്? എത്രപേരുടെ മൊഴി എടുത്തിട്ടുണ്ട്? അവര്‍ എത്രകാലം സിനിമയില്‍ തുടരുന്നുണ്ട്? ഹേമാ കമ്മീഷന്‍ എന്നെ വിളിച്ചിരുന്നു എങ്കില്‍ എനിക്ക് പറയാരുന്നു, കൂടെ കിടന്നാലേ ചാന്‍സ് തരൂ എന്നും മറ്റും എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മുറി വാതില്‍ക്കല്‍ ആരും തട്ടിയിട്ടില്ല.അങ്ങനെ ഉണ്ടായാല്‍ അവന്റെ പല്ലടിച്ചു കൊഴിക്കാനും ആ ചാന്‍സ് വേണ്ട എന്നും പറയാനും എനിക്കറിയാം. അങ്ങനെയുള്ള ഡിമാന്‍ഡ് കള്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടാവാം.. അതില്‍ എനിക്ക് പരാതിയില്ല. സന്തോഷമേ ഉള്ളൂ.

പിന്നെ, പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ടു തരാതെ ഇരിക്കുന്ന ചില വിദ്വാന്‍മാരെപ്പറ്റി എനിക്കു പറയാരുന്നു. പെണ്ണുങ്ങളെ കാണുമ്പോ അശ്ലീല കമെന്റ് പറയുന്നവരെപ്പറ്റി പറയാരുന്നു. ഒക്കത്തിലും എന്റെ പ്രതികരണവും അറിയിക്കാരുന്നു.
ഒരുകാലത്ത് ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും നേരിട്ടിരുന്ന കാലത്ത് സ്ത്രീകള്‍ ഒക്കെ സഹിച്ചിട്ടുണ്ടാവാം. ഇന്ന് ഈ പുരോഗമന കാലത്ത് ഇത്രയും വിദ്യാസമ്പന്നര്‍ ആയ സ്ത്രീകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്തരം സഹനങ്ങള്‍ എന്ന് ചോദിക്കാമായിരുന്നു. കൂടെ കിടക്കാന്‍ ഒരു പെണ്ണും തയ്യാറായില്ല എങ്കില്‍ ആണുങ്ങള്‍ പെണ്‍വേഷം കെട്ടി അഭിനയിക്കുമോ എന്നും ചോദിച്ചേനെ. സര്‍വ്വോപരി സ്ത്രീകള്‍ തൊഴിലെടുക്കുന്ന എല്ലാ മേഖലകളിലും ഇത്തരം കമ്മീഷനെ വച്ച് ഇത്തരം പഠന റിപ്പോര്‍ട്ട് എഴുതിക്കണം. കാരണം എല്ലാ മേഖലകളിലും സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ടല്ലോ?


Click it and Unblock the Notifications