ആളുകൾക്ക് ഇത്രയും മനസാക്ഷിയില്ലാതെ പെരുമാറാൻ കഴിയുമെന്ന് ഞാൻ അന്ന് മനസിലാക്കി; ദുരനുഭവം പങ്കുവച്ച് ലാൽ ജോസ്
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ലാൽ ജോസിന്റെ കരിയറിലെ വ്യത്യസ്തമായ സിനിമകളിൽ ഒന്നാണ് അച്ഛനുറങ്ങാത്ത വീട്. സലീം കുമാറിനെ അതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച സിനിമ പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്നതായിരുന്നു. മുക്തയായിരുന്നു ചിത്രത്തിലെ നായിക. മറക്കാനാക്കാത്ത ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങളും ഉള്ളുലയ്ക്കുന്ന രംഗങ്ങളും നിറഞ്ഞ സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്.
ലാൽ ജോസിനെ സംബന്ധിച്ചും ഒരുപാട് വേദനകൾ നൽകിയ സിനിമയായിരുന്നു അത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ലാൽ ജോസ്. ചിത്രത്തിന്റെ റിലീസിന് തടസമായത് നിർമാതാവ് റെജി പുത്തേഴത്ത് തന്നെയായിരുന്നെന്ന് ലാൽ ജോസ് പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പി.കെ.ആർ പിള്ളയുടെ ഷിർദി സായ് ഫിലിംസാണ് പടം റിലീസിന് എടുത്തത്. അദ്ദേഹം റിലീസിന് ഒരു ദിവസം മുൻപ് ലാബിൽ നിന്നും പരിഭ്രാന്തനായി എന്നെ വിളിച്ചു. ലാലു, ഇവിടെ ഒരു കത്ത് കിടപ്പുണ്ട്. മദ്രാസിലെ സിനിമാക്കാർക്ക് പണം കടംകൊടുക്കുന്ന സഞ്ജയ് ബാദി എന്നയാളുടെ കത്താണ്. അയാൾക്ക് ഈ പടത്തിന്റെ നിർമാതാവായ റജി പുത്തേഴത്ത് പൈസ കൊടുക്കാനുണ്ടെന്നും അത് കൊടുക്കാതെ സിനിമ റിലീസ് ചെയ്യാൻ പറ്റില്ലെന്നുമാണ് പറയുന്നത്',
'പണം എത്രയാണെന്നും അറിയില്ല. അദ്ദേഹത്തെ സെറ്റിൽ ചെയ്തതിന് ശേഷമേ പ്രിന്റ് റിലീസ് ചെയ്യാൻ പറ്റുകയുള്ളു. ആ കത്തുള്ളത് കൊണ്ട് ലാബിൽ നിന്ന് പ്രിന്റ് തരില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പരിഭ്രാന്തരായി സഞ്ജയ് ബാദ്വയുടെ ഓഫീസിൽ പോയി കാര്യം അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഈ സിനിമയുടെ നെഗറ്റീവ് പ്ലഡ്ജ് ചെയ്തിട്ട് റെജി പുത്തേഴത്ത് അഞ്ച് ലക്ഷം രൂപ വാങ്ങിച്ചിട്ടുണ്ടെന്നാണ്. ആ പൈസയാണ് പുളി സിനിമയ്ക്കെന്ന പേരിൽ ഞങ്ങൾക്ക് കൊണ്ടു തന്നത്. ആ പണം അവിടെ അടയ്ക്കാതെ സിനിമ റിലീസ് ചെയ്യാനാവില്ല',
'എനിക്കാണെങ്കിൽ എന്ത് ചെയ്യുമെന്നും അറിയില്ല. ഞാൻ ദുബായിലും കുവൈറ്റിലുമുള്ള എന്റെ കുറച്ച് സുഹൃത്തുകളെ വിളിച്ചിട്ട് സഹായിക്കണമെന്ന് പറഞ്ഞു. അവർ ഒറ്റ ദിവസംകൊണ്ട് അഞ്ചുലക്ഷം രൂപ സമാഹരിച്ച് തന്നു. എന്നിട്ട് ആ പൈസയും കൊണ്ട് ഞാൻ സഞ്ജയ് എന്നയാളെ കാണാൻ പോയി. അപ്പോഴൊന്നും നിർമാതാവായ റെജി പുത്തേഴത്തിനെ കാണാനുണ്ടായിരുന്നില്ല. അങ്ങനെ സഞ്ജയിനെ കണ്ടു, അഞ്ച് ലക്ഷം രൂപ കൊടുത്തു',
'കാറിലേക്ക് കയറുമ്പോൾ ഇനി അഞ്ച് ലക്ഷം രൂപ കൂടി വേണമെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് അയാളിൽ നിന്നും വാങ്ങിയത്. നാളെ രാവിലെ കൊണ്ടുവന്നാലും മതിയെന്ന് പറഞ്ഞ് അയാൾ കാറിൽ കയറി പോയി. എന്റെ കാലിന്റെ തള്ള വിരലിൽ നിന്ന് മുകളിലേക്ക് ഒരു തണുപ്പ് കയറി. ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം. ഞാൻ ബോധംകെട്ട് വീണു. എല്ലാവരും കുടി എന്നെ കാറിലേക്ക് എടുത്ത് കിടത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോയി',
'അറ്റാക്ക് ആണെന്നാണ് എല്ലാവരും കരുതിയത്, കുറച്ച് കഴിഞ്ഞ് കാറ്റടിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു. ബാക്കി അഞ്ച് ലക്ഷം കൂടി കൊടുത്താലേ സിനിമ റിലീസ് ചെയ്യാൻ സാധിക്കുകയുള്ളു, എന്തു ചെയ്യാമെന്നായിരുന്നു എന്റെ ചിന്ത. ആ പൈസ പിന്നെ കടം വാങ്ങി വന്നപ്പോഴേക്കും ശനിയാഴ്ചയായി. വെള്ളിയാഴ്ച റിലീസ് നടന്നില്ല. തിങ്കളാഴ്ചയാണ് പടം റിലീസായത്. അത് സിനിമയുടെ കളക്ഷനെ നന്നായിട്ട് ബാധിച്ചു', ലാൽ ജോസ് പറയുന്നു.

'അങ്ങനെ ആ വർഷത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച രണ്ടാമത്തെ സിനിമയ്ക്കും രണ്ടാമത്തെ നടനുമുള്ള അവാർഡ് സിനിമയ്ക്ക് കിട്ടി. നിർമാതാവിനും സംവിധായകനും കൂടി ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. അത് കിട്ടിയാൽ കടം തിരിച്ചുകൊടുക്കാമല്ലോ എന്ന് ഞാൻ കരുതി. 40000 രൂപ സംവിധായകനും 50000 രൂപ നിർമാതാവിനുമാണ് തുക. അവാർഡ് വാങ്ങാൻ ചെന്നപ്പോൾ റെജി പുത്തേഴത്ത് എനിക്കൊപ്പം സ്റ്റേജിൽ വന്ന് ചെക്കും ഷീൽഡും സർട്ടിഫിക്കറ്റും ഒരു നാണവുമില്ലാതെ വാങ്ങി',
'സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ 60000ന്റെ ചെക്ക് തരണമെന്നും പടം റിലീസ് ചെയ്യാൻ ഒരുപാട് പേരുടെ അടുത്ത് നിന്ന് കടം വാങ്ങിയെന്നും ആ പൈസയെങ്കിലും എനിക്ക് തരണമെന്നും പറഞ്ഞു. തീർച്ചയായും എന്നായിരുന്നു അയാളുടെ മറുപടി. ആളുകൾക്ക് ഇത്രയും ലജ്ജയില്ലാതെ, മനസാക്ഷിയില്ലാതെ പെരുമാറാൻ കഴിയുമെന്ന് ഞാൻ മനസിലാക്കിയത് അന്നാണ്. ഇതിന് പിറകിലുണ്ടായ കണ്ണീർക്കഥകളൊന്നും അയാളെ സ്പർശിച്ചിട്ടേയില്ല',
'അയാൾ എന്തിനാണ് ഈ സിനിമ ചെയ്യാൻ വന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അന്ന് നമുക്ക് പോകുന്നതിന് മുൻപ് നമുക്കൊന്ന് കാണണമെന്ന് ഞാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ ഉടനെ കാണാമെന്ന് അയാൾ പറഞ്ഞു. പിന്നെ അയാളെ ഞാൻ കണ്ടിട്ടേയില്ല. 2005ലാണ് സംഭവം. പിന്നീട് ഇന്നുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല',- ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications











