ദിലീപും നിർമാതാവും പറഞ്ഞ് സ്ലാങ് മാറ്റി, പടം പരാജയപ്പെട്ടു; ആ സ്ലാങ്ങിൽ വന്ന മമ്മൂട്ടി ചിത്രം ഹിറ്റായി!
മലയാള സിനിമയിലെ ഹിറ്റ് മേക്കർമാരിൽ ഒരാളാണ് സംവിധായകൻ ലാൽ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മില്‍ മുതല്‍ ക്ലാസ്‌മേറ്റ്‌സ് വരെ മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. പൊതുവെ ഫീല്‍ ഗുഡ് സിനിമകളും തമാശ ചിത്രങ്ങളുമൊക്കെയാണ് ലാൽ ജോസ് ഒരുക്കാറുള്ളത്. അതുകൊണ്ട് തന്നെ അവയുടെ വിജയ സാധ്യത വളരെ വലുതായിരുന്നു.
എന്നാൽ അടുത്തകാലത്തായി കരിയറിൽ അത്ര നല്ല സമയമല്ല ലാൽ ജോസിന്. അവസാനം പുറത്തിറങ്ങിയ ലാൽ ജോസിന്റെ ഒരു സിനിമയും വിജയം കണ്ടില്ല. ഒരു കാലത്തെ ഹിറ്റ് സംവിധായകൻ ഇന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. അതേസമയം കരിയറിലെ തുടക്ക കാലത്തും ഇതുപോലൊരു ഘട്ടത്തിലൂടെ ലാൽ ജോസിന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സൂപ്പർ ഹിറ്റായ മീശ മാധവന് ശേഷം ചില പരാജയങ്ങൾ ലാൽ ജോസിനുണ്ടായി.

ഇതിലൊന്നായിരുന്നു 2001ൽ ദിലീപിനെ നായകനാക്കി ഒരുക്കിയ രസികൻ. ഇപ്പോഴിതാ ആ സിനിമയുടെ പിന്നണിയിലെ ചില സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. രസികൻ സിനിമയുടെ ഡയലോഗുകൾ തിരുവനന്തപുരം സ്ലാങ്ങിലാണ് എഴുതിയിരുന്നതെന്നും എന്നാൽ ദിലീപും നിർമാതാവും ആവശ്യപ്പെട്ടത് കൊണ്ടാണ് അത് മാറ്റിയതെന്നും ലാൽ ജോസ് പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം സ്ലാങ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് മനസിലാകുമോ എന്ന സംശയത്താലാണ് മുരളി ഗോപി അത് ന്യൂട്രൽ രീതിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്ലാങ്ങിലാണ് രസികൻ സിനിമയുടെ സംഭാഷണങ്ങൾ വന്നതെങ്കിൽ അതിലെ തമാശകൾ വർക്കാകുമായിരുന്നു എന്നും പിന്നീട് അതേ സ്ലാങ്ങിൽ വന്ന മമ്മൂട്ടിയുടെ രാജമാണിക്യം വലിയ ഹിറ്റായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'രസികൻ തിരുവനന്തപുരത്ത് നടക്കുന്ന കഥയായിരുന്നു. അത് കൊണ്ട് തന്നെ തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു മുരളി ഗോപി അതിലെ സംഭാഷണങ്ങൾ എഴുതിയിരുന്നത്. എന്നാൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് ഈ സ്ലാങ് മനസ്സിലാകുമോ എന്നൊരു സംശയം ദിലീപിനും നിർമാതാവിനും വന്നു. തിരുവനന്തപുരത്ത് മാത്രം പടം ഓടിയാൽ മതിയോ എന്നും അവർ ചോദിച്ചു. പിന്നീട് അവരുടെ ആവശ്യാനുസരണമാണ് സംഭാഷണങ്ങൾ ഒരു ന്യൂട്രൽ ഭാഷയിലേക്ക് മാറ്റിയത്. അല്ലായിരുന്നു എങ്കിൽ ആ സ്ലാങ്ങിന്റെതായുള്ള തമാശകൾ എങ്കിലും വർക്ക് ചെയ്യുമായിരുന്നു',

'ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. അത് കഴിഞ്ഞ് പിൽക്കാലത്ത് ഇതേ സ്ലാങ്ങിൽ വന്ന രാജമാണിക്യം വലിയ ഹിറ്റാവുകയും ചെയ്തു. അൻവർ റഷീദിന്റെ ആദ്യ സിനിമ. മമ്മൂട്ടി മുഴുവൻ തിരുവനന്തപുരം സ്ലാങ് സംസാരിച്ച ആ സിനിമ ആളുകൾക്ക് വലിയ ഇഷ്ടമായി. ചില നിർഭാഗ്യങ്ങൾ ചില സമയത്ത് നമ്മളെ പിന്തുടരും. അങ്ങനെ രസികൻ തിയേറ്ററിൽ പരാജയപ്പെട്ടു', ലാൽജോസ് പറഞ്ഞു.
രസികന്റെ പരാജയം തന്നെ വലിയ രീതിയിൽ ബാധിച്ചെന്നും ഡിപ്രഷനിലേക്ക് പോയെന്നും ലാൽ ജോസ് ഇതേ അഭിമുഖത്തിന്റെ അടുത്ത ഭാഗത്തിൽ പറയുകയുണ്ടായി. മോഹൻലാലിന്റെ കടുത്ത ആരാധകനായ ശിവൻകുട്ടി എന്ന യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീപിന് പുറമെ മുരളി ഗോപി, ബിജു മേനോൻ, സംവൃത സുനിൽ, സുകുമാരി, അഭി, ജഗതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സംവൃത സുനിലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications