82 വയസൊക്കെ കഴിഞ്ഞു, നമ്മളെ നോക്കാനും ആരേലും വേണ്ടേ: പൂജപ്പുര വിടും മുമ്പ് രവി അന്ന് പറഞ്ഞത്
മലയാള സിനിമയ്ക്ക് വീണ്ടുമൊരു തീരാനഷ്ടം കൂടി സമ്മാനിച്ച് നടന്‍ പൂജപ്പുര രവിയും വിട വാങ്ങി. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ പൂജപ്പുര രവി വില്ലനായും കോമഡി നടനായുമെല്ലാം നമ്മളെ ഒരുപാട് രസിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് പ്രിയദർശന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു പൂജപ്പുര രവി. തന്റെ വ്യത്യസമായ ഡയലോഗ് ഡെലിവറിയും അഭിനയരീതിയുമൊക്കെയാണ് പൂജപ്പുര രവിയെ ജനപ്രീയനാക്കുന്നത്.
ചിരിപ്പിക്കാനും ഇടയ്ക്ക് പേടിപ്പിക്കാനുമൊക്കെ രവിയ്ക്ക് സാധിച്ചു. നാടകത്തിലൂടെയായിരുന്നു പുജപ്പുര രവിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എസ്എല്‍ പുരം സദാനന്ദന്‍ ഒരുക്കിയ ഒരാള്‍കൂടി കള്ളനായി എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെയാണ് നാടകത്തില്‍ പൂജപ്പുര രവി അവതരിപ്പിച്ചത്. 1962 ല്‍ പുറത്തിറങ്ങിയ വേലുത്തമ്പി ദളവ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. അവിടുന്നിങ്ങോട്ട് അറുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പൂജപ്പുര രവി.

നാടകത്തിനും സിനിമയ്ക്കും പുറമെ ടെലിവിഷനിലും പൂജപ്പുര രവി സാന്നിധ്യം അറയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു മരണം. മറയൂരിലെ മകളുടെ വീട്ടിലായിരുന്നു മരിക്കുമ്പോള്‍ പൂജപ്പുര രവി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് ഒടുവില്‍ അഭിനയിച്ച സിനിമ. ചിത്രത്തിലെ പൂജപ്പുര രവിയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.
രവി എന്നതിനൊപ്പം തന്നെ പ്രേക്ഷകര്‍ പറയുന്ന പേരാണ് പൂജപ്പുരയെന്നത്. പൂജപ്പുരയും രവിയും രണ്ടല്ല, ഒന്നായിരുന്നു. ജീവിതത്തിന്റെ അവസാന കാലം വരെ പൂജപ്പുരയില്‍ തന്നെയായിരുന്നു രവി താമസിച്ചിരുന്നത്. ഈയ്യടുത്താണ് പൂജപ്പുരയില്‍ നിന്നും രവി മകളുടെ കൂടെ മറയൂരിലേക്ക് പോകുന്നത്. രവീന്ദ്രന്‍ നായര്‍ എന്ന തന്റെ പേര് പൂജപ്പുര രവി എന്നാക്കുന്നത് പൂജപ്പുരയോട് അദ്ദേഹത്തിനുണ്ടായിരുന്ന അതിയായ സ്‌നേഹം കൊണ്ടായിരുന്നു. ജനിച്ചതും വളര്‍ന്നതുമെല്ലാം പൂജപ്പുരയിലാണ്.
40 വര്‍ഷം മുമ്പാണ് രവി പൂജപ്പുരയില്‍ സ്വന്തമായി വീടുണ്ടാക്കുന്നത്. അന്ന് മുതല്‍ അവിടെ തന്നെയായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന മകന്‍ വിദേശത്തേക്ക് പോയപ്പോഴാണ് മകളുടെ കൂടെ മറയൂരിലേക്ക് അദ്ദേഹം താമസം മാറ്റുന്നത്. പൂജപ്പുര രവി പൂജപ്പുരയില്‍ നിന്നും പോകുന്നുവെന്നത് വാര്‍ത്തയായതോടെ താരത്തെ കാണാന്‍ മാധ്യമങ്ങള്‍ എത്തി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
സീ കേരളം ചാനലിനോട് അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. മോന്റെയും മരുമകളുടെയും കൂടെയാണ് താമസിച്ചിരുന്നത്. മകനായിരുന്നു എല്ലാം നോക്കിയിരുന്നത്. അവന് തിരുവനന്തുരത്തായിരുന്നു ജോലി. ഇപ്പോള്‍ അവന്‍ യുകെയിലേക്ക് പോവുകയാണ്. അവന്റെ ഭാര്യ നേരത്തെ പോയിരുന്നു. അതിനാല്‍ ഇവിടെ ഞാന്‍ മാത്രമല്ലേയുള്ളൂ, നമ്മളെ നോക്കാനും ആരെങ്കിലും വേണ്ടേ?'' എന്നാണ് തന്റെ കൂടുമാറ്റത്തെക്കുറിച്ച് പൂജപ്പുര രവി പറഞ്ഞത്.

82 വയസൊക്കെ കഴിഞ്ഞു. ഇനി മോളുടെ കൂടെ മറയൂര്‍ പോയി താമസിക്കാം എന്ന് കരുതുന്നു, അത്രേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നെ പൂജപ്പുര രവി ആക്കിയതും പത്തുപേര്‍ അറിയപ്പെടുന്ന ആളാക്കിയതും ഈ സ്ഥലം ആണ്. അതുകൊണ്ട് തിരുവനന്തപുരം വിട്ടുപോകാന്‍ നല്ല വിഷമം ഉണ്ടെന്നും ആ പൂജപ്പുരക്കാരന്‍ പറഞ്ഞു. ജഗതി എന്ന് കേട്ടാല്‍ ശ്രീകുമാര്‍ ആണെന്ന് എല്ലാവര്ക്കും മനസിലാവില്ലേ അതുപോലെയാണ് പൂജപ്പുര എന്ന് കേട്ടാല്‍ പൂജപ്പുര രവി ആണെന്ന് മനസിലാവുമെന്നും അത് നിസാരകാര്യം അല്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications