'അന്ന് കയ്യിൽ ഉണ്ടായിരുന്നത് 40 പൈസ മാത്രം, അവസാനം ആലീസിന്റെ വീട്ടിൽ നിന്ന് മോഷ്ടിക്കേണ്ടി വന്നു': ഇന്നസെന്റ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. നടന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും ഇതുവരെ മുക്തരായിട്ടില്ല എന്ന് വേണം പറയാൻ. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇന്നസെന്റിന്റെ മരണം. ന്യുമോണിയ ബാധിതനായി ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. നടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് താരങ്ങൾ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. നിർമ്മാതാവിൽ നിന്ന് മലയാള സിനിമയിലെ ഹാസ്യ രാജാവായി മാറിയ ഇന്നസെന്റിന്റെ യാത്രയെ കുറിച്ച് പലരും സംസാരിച്ചിരുന്നു.

പല ബിസിനസുകളും ചെയ്ത് അതിലെല്ലാം പരാജയം രുചിച്ച ശേഷമായിരുന്നു ഇന്നസെന്റ് സിനിമ നിർമ്മാണത്തിലേക്ക് എത്തിയത്. സുഹൃത്തിനൊപ്പം നിർമ്മിച്ച സിനിമകൾ സാമ്പത്തികമായി അത്ര വിജയം കണ്ടില്ലെങ്കിലും ഇന്നസെന്റിന് അഭിനയത്തിലേക്കുള്ള വാതിൽ തുറന്നു നൽകുകയായിരുന്നു. പിന്നീട് അവിടുന്നാണ് ഇന്നസെന്റ് മലയാളത്തിന്റെ പ്രിയപ്പെട്ട നടനായി വളർന്നു വന്നത്.

ഇപ്പോഴിതാ, സിനിമയിൽ എത്തുന്നതിന് മുൻപ് കയ്യിൽ പൈസ ഇല്ലാതെ വന്നപ്പോൾ ഭാര്യ ആലീസിന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിക്കണ്ടി വന്നതിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത് ശ്രദ്ധ നേടുകയാണ്. കൗമുദിയിലെ ഇന്നസെന്റ് കഥകളുടെ പുതിയ എപ്പിസോഡിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ഒരു നാടകത്തെ കുറിച്ച് പറഞ്ഞാണ് ഇന്നസെന്റ് അതിലേക്ക് കടക്കുന്നത്.

'പണ്ട് കാലത്ത് പ്രൊഫഷണൽ നാടകങ്ങൾ കാണുക എന്നത് എനിക്ക് താൽപര്യമുള്ള കാര്യമായിരുന്നു. എന്നാൽ അതിൽ പൈസ വേണമായിരുന്നു. എങ്കിലും ഞാൻ ഒരുപാട് നാടകങ്ങൾ കണ്ടിട്ടുണ്ട്. ഒരാൾ കൂടി കള്ളനായി എന്നൊരു നാടകം, അത് ഇന്നും എന്റെ മനസിന്റെ അകത്ത് എവിടെയോ ഉണ്ട്. ഒരു മുസ്ലിം കഥാപാത്രം അദ്ദേഹത്തിന്റെ മകൾ, അവിടേയ്ക്ക് ഒരു കോളേജ് പയ്യൻ വരാറുണ്ട്. അവിടത്തെ കണക്കൊക്കെ എഴുതാൻ ഇരിക്കും. ഒരു സഹായം പോലെ,'

'എന്നാൽ ആ ചെറുപ്പക്കാരന് ആ മകളുമായി പ്രണയമുണ്ട്. അങ്ങനെയിരിക്കെ ഈ പയ്യന് പൈസക്ക് ആവശ്യം വരും. കടയിൽ ആളില്ലാത്ത തക്കത്തിന് പണ പെട്ടിയിൽ നിന്ന് അയാൾ ചില്ലറ എടുക്കും അതെ സമയം ആ പെൺകുട്ടി വരും. അവളിത് കണ്ടെന്ന പേടിയിൽ ഇവന്റെ കയ്യിൽ നിന്ന് ചില്ലറ താഴെ വീഴും,'

'ആ സമയത്ത് പ്രേക്ഷകരായ നമ്മൾ അയാൾക്ക് ഒപ്പമാവും. അയാളുടെ ദാരിദ്ര്യമാണ് അത് ചെയ്യിച്ചത്. എന്നാൽ ആ പെൺകുട്ടി വന്ന് അതെല്ലാം പെറുക്കി ഇയാളുടെ കയ്യിൽ വെച്ച് കൊടുക്കുകയാണ്. ആ സീനിൽ നമ്മളും കരയും അവരും കരയും,' ഇന്നസെന്റ് പറഞ്ഞു.

തുടർന്നാണ് താൻ നടത്തിയ മോഷണത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. 'കല്യാണമൊക്കെ കഴിഞ്ഞ് ഒറ്റ പൈസ എന്റെ കയ്യിൽ ഇല്ലാതിരുന്ന കാലമുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ വരെ എനിക്ക് കമ്പനിയും എല്ലാം ഉണ്ടായിരിന്നു. അത് കഴിഞ്ഞ് കേസായി. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. പ്രശ്‌നങ്ങളായി. കേന്ദ്ര സർക്കാരിന് പൈസ കൊടുക്കാനുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും പിടിക്കാമെന്ന അവസ്ഥ. ഇത്രയൊക്കെ ആയിട്ടും ഞാൻ എന്റെ വീട്ടിലും പറഞ്ഞിരുന്നില്ല,'

'അങ്ങനെയിരിക്കെ ഞാൻ ആലീസിന്റെ വീട്ടിൽ പോയി. ആഴ്ചയിൽ ഒരിക്കെ ഞാൻ പോകാറുണ്ട്. അവിടെ പോയി തമാശയൊക്കെ പറഞ്ഞിരിക്കും. അവർ എല്ലാം ഒരുക്കി തരും. ആലീസിനും അപ്പനുമൊക്കെ അത് ഭയങ്കര ഇഷ്ടവുമാണ്. പക്ഷെ അന്ന് ഞാൻ ചെല്ലുമ്പോൾ ഈ അവസ്ഥയൊന്നും ഇവർക്ക് അറിയില്ല. അന്ന് അവിടെന്ന് തിരിച്ചു പോരാൻ നേരം കയ്യിൽ പൈസയില്ല. ആകെ ഒരു 40 പൈസയുണ്ട് എന്റെ കയ്യിൽ. 60 പൈസ കൂടി വേണം'

innocent

'എന്നാൽ അത് ചോദിക്കാനും മടി. ഞാൻ ഇത്രയും ദാരിദ്ര്യം പിടിച്ച ആളാണെന്ന് ഭാര്യ അറിയണ്ട എന്ന തോന്നൽ. അങ്ങനെ നിൽക്കുമ്പോൾ കഞ്ഞി കുടിച്ചിട്ട് പോയാൽ മതിയെന്ന് അമ്മയും ആലീസും ഒക്കെ പറയുന്നുണ്ട്. അന്ന് അവർക്കൊരു റൈസ് മില്ലുണ്ട്. അവിടുത്തെ കാശെല്ലാം അവിടെയൊരു മേശയുടെ വലിപ്പിലാണ് കൊണ്ട് വന്ന് വെക്കുക. അതിങ്ങനെ കുറച്ചു തുറന്ന് ഇരിക്കുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ ആലീസോ അവളുടെ സഹോദരങ്ങളോ അപ്പനോ ആരുമില്ല,'

'അങ്ങനെ ഞാൻ അതിൽ നിന്ന് പൈസ ആരും അറിയാതെ എടുത്തു. അന്ന് എനിക്ക് ഒരാൾ കൂടി കള്ളനായി എന്ന നാടകമാണ് ഓർമ്മ വന്നത്' എന്ന് പറഞ്ഞ് ഇന്നസെന്റ് നിർത്തി. ഇറങ്ങാൻ ഇരിക്കുന്ന ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ചത്. വിടപറഞ്ഞെങ്കിലും ചെയ്തു വെച്ച നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

Read more about: innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X