twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആണുങ്ങള്‍ക്ക് പക്ഷേ പൊന്നിയില്‍ സെല്‍വന്‍ ഇഷ്ടമാവില്ല! പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥ

    |

    കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചലച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 1 തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്ക് ആദ്യ ദിവസം പിന്നിടുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും സംവിധായകന്റെ മേക്കിംഗുമെല്ലാം കയ്യടി നേടുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ ഐശ്വര്യ റായയുടെ കഥാപാത്രത്തെക്കുറിച്ചുമുള്ള ലിജീഷ് കുമാറിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്.

    Also Read: വാപ്പച്ചി ഡബിള്‍ റോള്‍ ചെയ്യാനുള്ള പ്ലാനിലാ! മമ്മൂട്ടിയോടുള്ള മുകേഷിന്റെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടിAlso Read: വാപ്പച്ചി ഡബിള്‍ റോള്‍ ചെയ്യാനുള്ള പ്ലാനിലാ! മമ്മൂട്ടിയോടുള്ള മുകേഷിന്റെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

    ഇത് നാല്‍പ്പത്തൊമ്പതില്‍ ഐശ്വര്യ റായ്ക്കുള്ള ട്രിബ്യൂട്ടാണ്. അമ്പതോടടുക്കുമ്പോള്‍ ആത്മ വിശ്വാസം ചോരുന്ന പെണ്ണുങ്ങള്‍ക്കുള്ള കോണ്‍ഫിഡന്‍സ് ബൂസ്റ്ററാണ് എന്നാണ് ലിജീഷ് തന്റെ കുറിപ്പില്‍ പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    നന്ദിനി


    ''ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശി ആദിത്ത കരികാലനും, സുഹൃത്തും വാണര്‍കുല രാജകുമാരനുമായ വന്തിയത്തേവനും നാടെങ്ങും ചോള രാജ്യത്തിന്റെ കൊടി നാട്ടാന്‍ പോരാടിയ അര മണിക്കൂര്‍ നേരം. ജനം നിശബ്ദരായി അത് നോക്കിയിരുന്നു. തമിഴകത്തിന്റെ താര രാജക്കന്മാരുടെ വീരശൂര പരാക്രമങ്ങള്‍. കാര്‍ത്തിയുടെ വന്തിയത്തേവനും വിക്രത്തിന്റെ കരികാലനും''.

    Also Read: ആക്ഷൻ, ഡാൻസ് രം​ഗങ്ങൾ ശ്രദ്ധിക്കപ്പെട്ടത് എന്റെ കടന്നു വരവോടെ: ലൂസിഫറിനെക്കുറിച്ചും ചിരഞ്ജീവിAlso Read: ആക്ഷൻ, ഡാൻസ് രം​ഗങ്ങൾ ശ്രദ്ധിക്കപ്പെട്ടത് എന്റെ കടന്നു വരവോടെ: ലൂസിഫറിനെക്കുറിച്ചും ചിരഞ്ജീവി

    സുന്ദര ചോളനെത്തേടിപ്പോയ വന്തിയത്തേവന്റെ കുതിര, നന്ദിനിയുടെ പല്ലക്കിലിടിച്ച നിമിഷമാണ് മണല്‍ത്തരി വീണാല്‍ കേള്‍ക്കാമായിരുന്ന തീയേറ്ററകം ഒന്നനങ്ങിയത്. പഴുവൂരിന്റെ ഭരണാധികാരി, ചോള രാജ്യത്തിന്റെ ധനാധികാരി, യുദ്ധത്തിലേറ്റ അറുപത്തി നാലു പരിക്കുകള്‍ ഉടലില്‍ പേറുന്നവന്‍, പെരിയ പഴുവേട്ടൈയര്‍. അയാളുടെ പെണ്ണ് നന്ദിനി. ആദിത്ത കരികാലന്റെ ആദ്യത്തേയും അവസാനത്തേയും പെണ്ണ്. ചോള രാജ്യത്ത് മാത്രമല്ല, ലോകത്തൊരിടത്തും അവളോളം സുന്ദരിയില്ല. പല്ലക്കിന്റെ നേര്‍ത്ത തിരശ്ശീല വകഞ്ഞ് മാറ്റി അവള്‍ മുഖം പുറത്ത് കാട്ടിയപ്പോള്‍ കൈയ്യടികളും വിസിലടികളും ആര്‍പ്പുവിളികളും തീയേറ്ററില്‍ മുഴങ്ങിയെന്നാണ് ലിജീഷ് പറയുന്നത്.

    വിജയത്തിന്റെ സൈറണ്‍

    പൊന്നിയില്‍ സെല്‍വന്‍ വിജയത്തിന്റെ സൈറണ്‍ മുഴക്കിയ നിമിഷം അതായിരുന്നു. മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസിന്റെയും സുഭാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സിന്റെയും ഭാഷയില്‍ പറഞ്ഞാല്‍ അഞ്ഞൂറ് കോടി വിലയുള്ള തുറുപ്പ് ചീട്ട്, ഒറ്റപ്പേര് - ഐശ്വര്യ റായ്
    'തസ്മാദയമാകാശഃ
    സ്ത്രീയാപുര്യത ഏവ'
    എനിക്ക് ബൃഹദാരണ്യകോപനിഷത്ത് ഓര്‍മ്മ വന്നു. തസ്മാത് = അതിനാല്‍, അയം ആകാശഃ എന്നതിന്, ഈ ശൂന്യത എന്നാണര്‍ത്ഥം. സ്ത്രീയാ പൂര്യതേ ഏവ എന്നാല്‍, സ്ത്രീയാല്‍ പൂരിപ്പിക്കപ്പെടുന്നു എന്നും. ബൃഹദാരണ്യകോപനിഷത്ത് പറയുന്നു, അതിനാല്‍ ഈ ശൂന്യത സ്ത്രീയാല്‍ പൂരിപ്പിക്കപ്പെടുന്നു എന്ന്. തീയേറ്ററുകളില്‍ താനില്ലാത്ത നീണ്ട കാലത്തിന്റെ ശൂന്യതയെ, ഐശ്വര്യ റായ് തന്നിലൂടെ തന്നെ നികത്തുകയാണ്. ഈ കൈയ്യടി അതിന്റെയാണ് എന്നാണ് ലിജീഷ് പറയുന്നത്.

    Also Read: 'അതിന്റെ വിധി അന്നേ തീരുമാനമായി, എല്ലാത്തിനേക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല'; ബാലAlso Read: 'അതിന്റെ വിധി അന്നേ തീരുമാനമായി, എല്ലാത്തിനേക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല'; ബാല

    കുട്ടിക്കാലം തിരിച്ച് കിട്ടും


    റെക്‌സിനടിച്ച് ചെമപ്പിച്ച ബിന്ദു ടാക്കീസിലെ കസേരയിലിരുന്നാണ് ഐശ്വര്യ റായിയെ ആദ്യമായി കണ്ടത്. അവരെ മണത്ത് നോക്കിയാല്‍ എനിക്കെന്റെ കുട്ടിക്കാലം തിരിച്ച് കിട്ടും. ഇന്നിരുന്ന് നന്ദിനിയെക്കാണുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ബിന്ദു ടാക്കീസിലിരുന്ന് കണ്ട പഴയ ഒരു നന്ദിനിയെയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന പടത്തിലെ നന്ദിനി ദര്‍ബാറിനെ. എനിക്കന്ന് സ്വീറ്റ് തേര്‍ട്ടീനാണ്. സല്‍മാന്‍ ഖാനും അജയ് ദേവ്ഗണും ഒറ്റക്കാമുകിയായിരുന്നു ആ പടത്തില്‍. അവര്‍ ഇരുവര്‍ക്ക് മാത്രമായിരുന്നില്ല, അന്നാ തീയേറ്റര്‍ മുറിയിലിരുന്ന് അവളെ നോക്കിയ ആള്‍ക്കൂട്ടത്തിനത്രയും അവളായിരുന്നു കാമുകി. ഇരുവര്‍ മുതലിന്നോളമുള്ള ഐശ്വര്യ റായ്ക്കാലത്തില്‍ സമാനത കണ്ടെത്താവുന്ന ഒന്ന് അതാണെന്നും അദ്ദേഹം പറയുന്നു.

    നന്ദിനിയെപ്പോലെയായിരുന്നു പാര്‍വതിയും. ആണ്‍ കാലത്തും ഉയരെത്തന്നെ പറന്ന പെണ്ണ്. ശരത്ചന്ദ്ര ചതോപാധ്യായയുടെ ബംഗാളി നോവല്‍ ദേവദാസ്. മാധുരി ദീക്ഷിതിന്റെ ചന്ദ്രമുഖിയോ ഷാരൂഖിന്റെ ദേവദാസ് മുഖര്‍ജിയോ എന്റെ ഓര്‍മ്മയിലില്ല. ഓര്‍ക്കുന്നത് പാര്‍വതിയെ മാത്രമാണ്. മറ്റൊരാള്‍ ബിനോദിനിയാണ്. ഋതുപര്‍ണ ഘോഷിന്റെ ബംഗാളി ക്ലാസിക് ചോക്കര്‍ ബാലിയിലെ കാമിനിയായ വിധവ, വിനോദിനി.

    ഐശ്വര്യകാലത്തിന്റെ കണക്കു പുസ്തകം

    മഹാ സൃഷ്ടികളോടായിരുന്നു എന്നും ഋതുപര്‍ണ ഘോഷിന് പ്രിയം. അതിലേറെ തനിക്ക് പോകാനുണ്ട് എന്ന തോന്നലാവണം അതിന് പിന്നില്‍. രബീന്ദ്ര നാഥ ടാഗോറിന്റെ ചോക്കര്‍ ബാലിയെ സിനിമയാക്കിയ പോലെ, ഒ.ഹെന്‍ട്രിയുടെ ദി ഗിഫ്റ്റ് ഓഫ് ദി മാജിക്കിനെ റെയിന്‍ കോട്ടാക്കിയിട്ടുണ്ട് ഘോഷ്. അതിലുമുണ്ട് വികാരങ്ങളെ ഒളിപ്പിച്ചു പിടിക്കുന്ന ഐശ്വര്യയുടെ നായിക, നീരു. ഇരുവര്‍, ജോധാ അക്ബര്‍, റാവണ്‍, ഗുസാരിഷ് ഇന്ത്യന്‍ സിനിമയ്ക്ക് ഒരു ഐശ്വര്യ റായ്ക്കാലമുണ്ട്. ആയിരം പടങ്ങളില്ല ആ പട്ടികയില്‍, കുറച്ചേ ഉള്ളൂ. വിരലിലെണ്ണാവുന്ന ഈ പട്ടിക കൊണ്ടാണ് ഇന്ത്യന്‍ സിനിമയെ അടക്കി ഭരിച്ച നായക ശരീരങ്ങളിലേറെയും ഐശ്വര്യ റായ് മറികടന്ന് പോയത്.

    രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, മികച്ച നടിക്കുള്ള പതിനൊന്ന് അവാര്‍ഡ് നോമിനേഷനുകള്‍, ഗംഭീരമാണ് ഐശ്വര്യകാലത്തിന്റെ കണക്കു പുസ്തകം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയംഗമായ ആദ്യത്തെ ഇന്ത്യന്‍ നടിയാണ് ഐശ്വര്യ റായ്. ദി ഓപ്ര വിന്‍ഫ്രി ഷോയില്‍ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരിയും അവരാണ്. ഫ്രാന്‍സിലെ പരമോന്നത ബഹുമതികളിലൊന്നായ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് പുരസ്‌കാരം നേടിയ ഇന്ത്യന്‍ നടിയും അവരാണ്, പത്മശ്രീ ഐശ്വര്യ റായ്.

    പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥ

    തക്കം കിട്ടിയാല്‍ സകലമാന ബോഡി ഷേമിംഗിലൂടെയും പെണ്ണിനെ ഒന്നുമല്ലാതാക്കിക്കളയുന്ന ലോകം, തോറ്റ് തൊപ്പിയിട്ട കലിയില്‍ ചോദിക്കും സൗന്ദര്യ വാഴ്ത്തിനപ്പുറം എന്തുണ്ട് എന്ന്. അതെനിക്കറിയാം. മേപ്പറഞ്ഞത് അതിനുത്തരമാണ്. എന്നു കരുതി നിങ്ങളുടെ തന്ത്രത്തില്‍ വീണ് ഞാനിതവസാനിപ്പിക്കില്ല. ഇനി പറയാന്‍ പോകുന്നത് ഐശ്വര്യ റായ് എന്ന സുന്ദരിയെക്കുറിച്ചാണ്.

    ലോക സുന്ദരിപ്പട്ടം തലയിലേറ്റുന്ന ഒറ്റ നിമിഷത്തെയും അതിനു മുമ്പുള്ള ഒരു നടത്തത്തേയും മാത്രം കണ്ട നമ്മളും, കാണിച്ച മീഡിയയുമാണ് ഇവിടുള്ളത്. വലിയ ചോദ്യങ്ങളേയും കടമ്പകളേയും മറികടന്ന് ഒരാള്‍ ആ കിരീടം ചൂടുന്നത് നമ്മുടെ കാഴ്ചയിലില്ല. നോര്‍ത്താണ് ഇക്കാഴ്ചകളിലെപ്പോഴും മുമ്പേ പറന്നിട്ടുള്ളത്. മംഗലാപുരത്ത് നിന്ന് ഒരു പെണ്‍കുട്ടി ബോളിവുഡ് വിരിച്ച ചെമന്ന കാര്‍പ്പറ്റിലൂടെ നടന്ന്, ബോളിവുഡിനെ അടക്കി വാണ ബച്ചന്‍ കുടുംബത്തിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവസാനിച്ചു എന്ന് കരുതിയ നമ്മളാണ്. അഭിനേത്രികള്‍ അങ്ങനെ അവസാനിച്ചതാണ് നമ്മുടെ ചരിത്രം.

    ഭര്‍ത്താക്കന്മാരാണ് ചരിത്രത്തില്‍ പലപ്പോഴും വിജയിച്ചിട്ടുള്ളത്. പക്ഷേ ഐശ്വര്യ റായിയെക്കാള്‍ താരമൂല്യമുള്ള പേരല്ല ഇന്ത്യന്‍ സിനിമയ്ക്ക് അഭിഷേക് ബച്ചന്‍. അന്നുമല്ല, ഇന്നുമല്ല. പൊന്നിയില്‍ സെല്‍വനായി സിനിമയില്‍ വന്ന ജയം രവിയെക്കാളും, മുഴുനീളം പടത്തില്‍ വിലസിയ കാര്‍ത്തിയെക്കാളും പ്രതിഫലം PS - 1 ല്‍ ഐശ്വര്യയ്ക്കാണ്. മണിരത്‌നത്തെ പോലെ ഒരു സംവിധായകന് ഒരു പകരം പേര് കണ്ടെത്താനില്ലാത്തത്ര ഉയരത്തിലാണ് ഇന്നും ഐശ്വര്യ റായ് എന്ന നായിക.

    എന്നു തുടങ്ങിയ യാത്രയാണിത്. എന്റെ എട്ടാം വയസ്സു മുതല്‍ ലോകത്തേറ്റവും സുന്ദരിയായ സ്ത്രീ എന്ന് ഐശ്വര്യ റായ് ആഘോഷിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കിപ്പുറത്തും ആ ആഘോഷം അവസാനിച്ചിട്ടില്ല. ഈ ഒക്ടോബര്‍ കഴിയുമ്പോള്‍ ഐശ്വര്യ റായ്ക്ക് 49 ആവും. ആണും പെണ്ണുമായി പൊന്നിയില്‍ സെല്‍വനില്‍ വന്നു പോയവരെല്ലാം, 48 കടന്ന ആ ഉടലിനെ അസൂയയോടെ നോക്കുന്നത് കാണാന്‍ എന്ത് രസമാണ്.

    കിടപ്പറയില്‍ നിന്ന് കൊട്ടാരത്തിന് പുറത്തേക്കുള്ള വാതില്‍ തുറന്ന് കൊടുത്ത് നന്ദിനി വന്തിയത്തേവനോട് പറഞ്ഞു, 'പോവുന്ന വഴികളില്‍ നിധിക്കൂമ്പാരമുണ്ട്. അതുകണ്ട് മയങ്ങിപ്പോകരുത്.' കാര്‍ത്തിയുടെ വന്തിയത്തേവന്‍ ഐശ്വര്യ റായിയുടെ നന്ദിനിയെ നോക്കി കണ്ണു തള്ളിക്കൊണ്ട് മറുപടി പറഞ്ഞു, 'ഞാനൊരു വൈരക്കിഴി തന്നെ കണ്ടു കൊണ്ടിരിക്കുയല്ലേ ' വശ്യമായി അവള്‍ ചോദിക്കുന്നു, 'എന്തേ, മയങ്ങിപ്പോയോ ?' നിന്നെക്കണ്ടാല്‍ കൃഷ്ണന്‍ പതിനാറായിരത്തെട്ട് ഭാര്യമാരെയും ഉപേക്ഷിച്ച് നിന്നിലേക്ക് മാത്രമൊതുങ്ങുമെന്ന് അല്പം മുമ്പ് അവളോട് പറഞ്ഞ വന്തിയത്തേവനാണ്. അവള്‍ കണ്‍മുന്നില്‍ നിന്ന് മായും വരെ അവനങ്ങനെ നോക്കി നിന്നു.

    മണിരത്‌നത്തിന്റെ പെണ്ണുങ്ങള്‍ എക്കാലത്തും സുന്ദരികളാണ്. അഞ്ച് നായികമാരില്‍ ഒരാളായാണ് മണിരത്‌നത്തിന്റെ ഇരുവരിലൂടെ ഐശ്വര്യ റായ് രംഗപ്രവേശം ചെയ്യുന്നത്. അന്ന് പക്ഷേ അവള്‍ക്ക് മാത്രം ഇരട്ട വേഷമായിരുന്നു, കല്പനയും പുഷ്പവല്ലിയും. തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പൊന്നിയില്‍ സെല്‍വനിലുമുണ്ട് നിറയെ പെണ്ണുങ്ങള്‍. ഇന്നും മണിരത്‌നത്തിന്റെ ഇരട്ട വേഷത്തിന്റെ നറുക്ക് ഐശ്വര്യ റായ്ക്ക് തന്നെ.

    പറഞ്ഞു വരുന്നത് തൃഷയിലേക്കാണ്. കുന്ദവൈ, സുന്ദര ചോളന്റെ സുന്ദരിയായ മകള്‍ - ഇളയ തമ്പുരാട്ടി. ചോള രാജ കുടുംബത്തിലെ ബുദ്ധി കൂര്‍മ്മതയുള്ള പെണ്ണ്. അവള്‍ സുന്ദര ചോളനെ കാണാന്‍ കൊട്ടാരത്തിലേക്ക് എഴുന്നള്ളുന്ന ഒരു രംഗമുണ്ട് പൊന്നിയില്‍ സെല്‍വനില്‍. സ്വീകരിക്കാന്‍ താലവുമായി ചെന്ന് നന്ദിനി പറയുന്നു, 'വന്നാലും ഇളവരശീ, ഇളവരശിയുടെ വരവോടു കൂടെ തഞ്ചാവൂര്‍ കോട്ടയുടെ സൗന്ദര്യം ഏറിയിട്ടുണ്ട്.'

    ചിരിച്ചു കൊണ്ട് തൃഷയുടെ ഇളവരശി ഐശ്വര്യ റായിയുടെ ഉടലു നോക്കി പറയുന്നു, 'ലോകത്തിന്റെ സൗന്ദര്യം മുഴുവന്‍ തഞ്ചാവൂര്‍ക്കോട്ടയ്ക്കകത്ത് അടച്ചു വെച്ചിരിക്കുകയാണ് എന്നാണല്ലോ പുറത്ത് മൊഴി '
    ഇത് നാല്‍പ്പത്തൊമ്പതില്‍ ഐശ്വര്യ റായ്ക്കുള്ള ട്രിബ്യൂട്ടാണ്. അമ്പതോടടുക്കുമ്പോള്‍ ആത്മ വിശ്വാസം ചോരുന്ന പെണ്ണുങ്ങള്‍ക്കുള്ള കോണ്‍ഫിഡന്‍സ് ബൂസ്റ്ററാണ്. പണ്ട് ഞാന്‍ ഇങ്ങനൊന്നുമായിരുന്നില്ല എന്ന് സങ്കടത്തോടെ പറയുന്ന പെണ്ണുങ്ങളെ എനിക്കറിയാം.

    ബുദ്ധി കൊണ്ട്, പ്രതിഭ കൊണ്ട്, പലതരം ശേഷികള്‍ കൊണ്ട്, ആഘോഷിക്കപ്പെട്ട പോലെ ശരീരം കൊണ്ട് ആഘോഷിക്കപ്പെട്ട മനുഷ്യരുമുണ്ട്. പ്രസവവും അടുക്കളയും മടുപ്പും അവഗണനയും കൊണ്ട് ഉടഞ്ഞു പോയവര്‍. പ്രോട്ടീന്‍ പൗഡറോ വര്‍ക്ക്ഔട്ടോ ഡയറ്റോ കൊണ്ട് മാത്രം തിരിച്ചു പിടിക്കാവുന്നതല്ല അവര്‍ക്ക് പോയ കാലത്തെ. മമ്മൂട്ടിയാവുന്നത്ര എളുപ്പമല്ല, ഐശ്വര്യ റായിയാവാന്‍.
    കരിയറിനൊപ്പം പന പോലെ വളര്‍ന്ന ഗോസിപ്പുകളിലവസാനിച്ചില്ല ഐശ്വര്യ റായ്.

    ആരാധ്യയുണ്ടായ ആദ്യ നാളുകളില്‍ മഞ്ഞപ്പാപ്പരാസികളും ആണലമ്പുകളും പടച്ചു വിട്ട ബോഡി ഷെയിമിംഗുകളില്‍ തളര്‍ന്നില്ല ഐശ്വര്യ റായ്. ബച്ചന്‍ കുടുംബത്തിന്റെ വലിപ്പത്തിന് അവളെ വിഴുങ്ങാന്‍ കഴിഞ്ഞില്ല. മോഹന്‍ ലാലിനൊപ്പം നായികയായാണ് ഐശ്വര്യ റായിയുടെ തുടക്കം. അവളോളം തുല്യ വേതനം വാങ്ങി ലാലേട്ടനിനിയൊരിക്കലും ഒരു പടം ചെയ്യാനാവില്ല. പൊന്നിയില്‍ സെല്‍വന്‍ ഒരു ഐശ്വര്യ റായ് പടമാണ്.

    ആണുങ്ങള്‍ക്ക് പക്ഷേ പൊന്നിയില്‍ സെല്‍വന്‍ ഇഷ്ടമാവില്ല. മസിലില്‍ പിടിപ്പിച്ച ക്യാമറയുമായി ലോകം ചുറ്റുന്ന ആധുനിക ബ്രഹ്‌മാണ്ഡ പടങ്ങളുടെ പട്ടികയിലല്ല ഇപ്പടം. ആര്‍.ആര്‍.ആറോ, ബാഹുബലിയോ, കെ.ജി.എഫോ അവശേഷിപ്പിക്കുന്നതല്ല പൊന്നിയില്‍ സെല്‍വന്‍ തീയേറ്ററില്‍ അവസാനിപ്പിക്കുന്നത്. ആണളവുകളിലോ, ആണഴകുകളിലോ, ആണലര്‍ച്ചകളിലോ ക്യാമറ വെക്കുന്നില്ല മണിരത്‌നം. ഇത് പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥയാണ്. അവരെ കറക്കുന്ന പെണ്ണുങ്ങളുടേയുമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: aishwarya rai
    English summary
    Lijeesh Kumar Pens A Note About Aishwarya Rai From Ponniyin Selvan 1 And Its Going Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X