പിറ്റേന്ന് എന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു! അഭിനയം തന്നെ മാറ്റിയ അനുഭവം പങ്കിട്ട് മാലാ പാര്‍വ്വതി
മലയാള സിനിമയിലെ ന്യൂ ജന്‍ അമ്മയാണ് മാലാ പാര്‍വ്വതി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്‌ള മാലാ പാര്‍വ്വതിയുടെ അമ്മ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. ഈയ്യടുത്തിറങ്ങിയ മാസ്റ്റര്‍ പീസ് എന്ന സീരീസിലെ മാലാ പാര്‍വ്വതിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ താന്‍ അഭിനയ പരിശീലനം നടത്തുന്ന കാലത്ത് നേരിട്ട രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് മാലാ പാര്‍വ്വതി. അഭിനയത്തിന്റെ തീവ്രത കാരണം മുടി നരച്ചു പോയ അനുഭവമാണ് മാലാ പാര്‍വ്വതി പങ്കുവെക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാലാ പാര്‍വ്വതി മനസ് തുറന്നത്.

നീലത്താമരയിലൂടെ അഭിനയത്തില്‍ സജീവമായ മാറിയതിന് ശേഷമായിരുന്നു സംഭവം. ''അക്കാലത്താണ് ജ്യോതിഷിന്റെ അഭിനയ എന്ന നാടകക്കളരിയിലെത്തുന്നത്. ഞാന്‍ പല രീതിയില്‍ അഭിനയിച്ചു കാണിച്ചിട്ടും ജ്യോതിഷിന് തൃപ്തിയാകുന്നില്ല. ആ കണ്ണുകള്‍ എന്നെയിങ്ങനെ നോക്കരുത് എന്ന ഒറ്റഡയലോഗാണ് പറയേണ്ടത്. ഒടുവില്‍ കറക്ടായി പറഞ്ഞതിന്റെ പിറ്റേന്ന് നോക്കുമ്പോള്‍ എന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു. ശരിക്കും അഭിനയം നമ്മളെ അടിമുടിമാറ്റും. എത്രയെത്ര ഇമോഷന്‍സിലൂടെയാണ് നാം കടന്നു പോവുക'' എന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.
സിനിമയ്‌ക്കൊപ്പം ഇപ്പോള്‍ നാടകത്തിലും സജീവമാണ്. ഭഗവത്ജ്വഹം അടക്കം ജ്യോതിഷ് സംവിധാനം ചെയ്ത നാല് നാടകങ്ങളില്‍ ഇതുവരെ അഭിനയിച്ചു. ജീവിതത്തില്‍ ആരേയും വിഷമിപ്പിക്കാതിരിക്കാന്‍ നാം എപ്പോഴും അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരിക്കും. ഇതിനിടയില്‍ ഒന്നുറക്കെ കരഞ്ഞാല്‍ നല്ലൊരു സുഖം കിട്ടില്ലേ. അതുതന്നെയാണ് അഭിനയത്തിലും കിട്ടുന്നത്. ഞാന്‍ ഞാനായത് അഭിനയത്തില്‍ വന്ന ശേഷമാണെന്നും അവര്‍ പറയുന്നു.
എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിന്റെ രഹസ്യവും മാലാ പാര്‍വ്വതി പങ്കുവെക്കുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്തു പോലും ബസില്‍ കയറേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. ഇല്ലെങ്കില്‍ വീട്ടില്‍ നിന്നു കാര്‍ വരും. വിവാഹ ശേഷം ജീവിതം വേറൊരു തരത്തില്‍ മാറി. ചെറിയൊരു വാടകവീട്ടില്‍ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. സാമ്പത്തികമായി രണ്ട് എക്‌സ്ട്രീമും കണ്ടു ജീവിച്ചൊരാളാണു ഞാനെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.

പ്രശസ്തി, പണം, അതില്‍ ഒന്നും ഒരു പരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയന്റില്‍ മനസിലാകും. നല്ല വ്യക്തികള്‍, സൗഹൃദങ്ങള്‍, മനുഷ്യനോടു മര്യാദയ്ക്ക് പെരുമാറുക, അതൊക്കെയല്ലേ പ്രധാനമെന്നാണ് അവര്‍ ചോദിക്കുന്നത്. തൃപ്തിയും കംപാഷനുമാണ് ജീവിതത്തില്‍ നമ്മള്‍ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും. 52 വയസ് കടന്ന എന്റയീ ജീവിതത്തില്‍ ഇതുവരെ ഞാന്‍ പൂര്‍ണ തൃപ്തയാണെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കുന്നു.
അതേസമയം ശേഷം മൈക്കില്‍ ഫാത്തിമയാണ് മാലാ പാര്‍വ്വതിയുടേതായി ഒടുവില്‍ തീയേറ്ററിലെത്തിയ സിനിമ. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായ ആര്‍ഡിഎക്‌സിലും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നയന്‍താരയുടെ 75-ാം സിനിമയുള്‍പ്പടെ തമിഴിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി നിരവധി സിനിമകളാണ് മാലാ പാര്‍വ്വതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications