കുട്ടിക്കാലം മുതലുള്ള പരിചയം പ്രണയത്തിലേക്ക്; ഒരു സായിപ്പിനെ കല്യാണം കഴിക്കണമെന്നായിരുന്നു ദിവ്യയ്ക്ക്!
മലയാളികളുടെ പ്രിയ ഗായകനാണ് മധു ബാലകൃഷ്ണന്‍. തന്റെ വേറിട്ട ശബ്ദം കൊണ്ട് അദ്ദേഹം മനോഹരമാക്കിയ പാട്ടുകള്‍ നിരവധിയാണ്. റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിലും മധു ബാലകൃഷ്ണന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കിടുകയാണ് മധു ബാലകൃഷ്ണനും ഭാര്യ ദിവ്യയും. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
ചെറുപ്പം മുതലേ അറിയാം. ഞങ്ങള്‍ ബന്ധുക്കള്‍ കൂടിയാണ്. ദിവ്യയുടെ കസിന്‍സൊക്കെ എന്റെ സുഹൃത്തുക്കളുമാണ്. ഇവരുടെ തറവാട്ടില്‍ പോയി ക്രിക്കറ്റ് കളിക്കുമായിരുന്നു. ആ സമയത്ത് അപ്പുറത്ത് നിന്ന് ഷട്ടില്‍ കളിക്കുന്നുണ്ടാകും ദിവ്യ. മറൂണ്‍ കളര്‍ പാവടയും വെള്ള ടോപ്പും കണ്ണടയുമൊക്കെ വച്ച്. അതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. പക്ഷെ അന്നൊന്നും ഞങ്ങള്‍ക്കിടയില്‍ പ്രേമമൊന്നുമില്ല. ഞങ്ങള്‍ ഒരേ ഗുരുനാഥന്റെ ശിഷ്യരുമായിരുന്നു പാട്ടില്‍. പക്ഷെ ഒരുമിച്ച് പാട്ട് പഠിച്ചിട്ടുമില്ലായിരുന്നു. പലരും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് മധു ബാലകൃഷ്ണന്‍ പറയുന്നത്.

കല്യാണത്തിന് ഒന്നര രണ്ട് കൊല്ലം മുമ്പാണ് ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുന്നത്. രണ്ടു പേര്‍ക്കും പ്രണയം തോന്നുകയായിരുന്നു. ഞാന്‍ ഒരു റിയാലിറ്റി ഷോ ചെയ്തിരുന്നു. ഞാന്‍ തന്നെ അവതാരകനും വിധികര്‍ത്താവുമായ ഷോ ആയിരുന്നു. രാഗതരംഗം എന്ന പേരില്‍ സൂര്യ ടിവിയിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ശനിയും ഞായറുമായിരുന്നു സംപ്രേക്ഷണം. ആ സമയത്ത് അത് കഴിയുമ്പോള്‍ വൈകുന്നേരം ദിവ്യയും ശ്രീശാന്തും സ്ഥിരമായി വിളിച്ച് അതിന്റെ നല്ലതും വിമര്‍ശനവുമൊക്കെ പറയുമായിരുന്നുവെന്നും ഗായകന്‍ പറയുന്നു.
അങ്ങനെ അത് സ്ഥിരമായി. ചില ദിവസം ഇവരുടെ കോള്‍ കണ്ടില്ലെങ്കില്‍ അവരെന്താണ് വിളിക്കാത്തത് എന്നാകും ചിന്ത. ചിലപ്പോള്‍ ഗോപു മാത്രമായിരിക്കും വിളിക്കുക. അപ്പോള്‍ ശ്ശേ ദിവ്യ എന്താണ് വിളിക്കാത്തത് എന്നാകും ചിന്ത. അങ്ങനെ തോന്നിത്തുടങ്ങി. പിന്നെ ദിവ്യയെ ഇടയ്ക്ക് ഇടയ്ക്ക വിളിക്കും. അങ്ങനെ പ്രേമം മൊട്ടിട്ടു. തളിര്‍ത്തു. വിടര്‍ന്ന് ഇവിടെ വരെ എത്തിയെന്നും മധു ബാലകൃഷ്ണന്‍ പറുയുന്നു.
അധികം സംസാരിക്കുകയുമൊന്നുമില്ലായിരുന്നു അന്ന്. പാട്ടിനോടുള്ള ഇഷ്ടവും ആളുടെ ശാന്ത സ്വഭാവവുമൊക്കെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും മധു ചേട്ടനോട് അന്ന് ആരാധനയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്.

ഒതുങ്ങിയ സ്വഭവമാണ്. എല്ലാവരോടും ചിരിക്കും. 24 മണിക്കൂറും ചിരിയാണ്. കല്യാണം കഴിച്ചപ്പോഴാണ് മനസിലാക്കുന്നത് ഉറക്കത്തിലും ചിരിക്കുമെന്ന്. ഉറക്കത്തില്‍ സംസാരിക്കുകയും ചിരിക്കുകയും ചിലപ്പോള്‍ പേടിച്ച് ഒച്ചയിടുകയും ചെയ്യും. സ്വപ്‌നാടനം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല. ഒരു തവണ ചവിട്ടും കിട്ടിയിട്ടുണ്ട്, ഒരു തവണ കഴുത്തില്‍ ഞെക്കിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും മധു ദിവ്യയെക്കുറിച്ച് തമാശരൂപേണ പറയുന്നുണ്ട്.
ഒരു ഗായകനെ വിവാഹം കഴിക്കും എന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല എന്നാണ് ദിവ്യ പറയുന്നത്. ഉടനെ ഒരു സായിപ്പിനെ വിവാഹം കഴിക്കണം എന്നായിരുന്നു ഇവള്‍ക്ക് എന്ന് മധു ബാലകൃഷ്ണന്‍ കൗണ്ടര്‍ അടിക്കുന്നുണ്ട്. ഒരു സയന്റിസ്റ്റ് ആകാന്‍ ആയിരുന്നു തനിക്ക് ഇഷ്ടം, എന്നാല്‍ പ്രണയത്തിന്റെ പുറത്ത് ആ ആഗ്രഹം വേണ്ടെന്ന് വച്ചുവെന്നാണ് ദിവ്യ പറയുന്നത്.


Click it and Unblock the Notifications











