കിടന്നു പോയപ്പോള്‍ കുറച്ചേറെ വിഷമിച്ചു, മരണം അവള്‍ക്കൊരു ആശ്വാസമായിരുന്നു; ഭാര്യയുടെ ഓര്‍മകളില്‍ മധു
മലയാള സിനിമയുടെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് മധു. തനിക്കൊപ്പം മലയാള സിനിമയും വളരുന്നതും പടര്‍ന്ന് പന്തലിക്കുന്നതും കണ്ട മനുഷ്യന്‍. 1933 സെപ്തംബര്‍ 23 നായിരുന്നു മധുവിന്റെ ജനനം. അച്ഛന്‍ ആര്‍ പരമേശ്വരന്‍പിള്ള തിരുവനന്തപുരം മേയറായിരുന്നു. അമ്മ കമലമ്മ. ഇരുവരുടേയും മൂത്ത മകനാണ് മധു. പി മാധവന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് മധു. നാഗര്‍കോവില്‍ ഹിന്ദു കോളജിലെ ലക്ചറര്‍ ഉദ്യോഗം മതിയാക്കി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം പഠിക്കാന്‍പോയി.നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു.

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിനും നിര്‍മ്മാണത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 12 സിനിമകള്‍ സംവിധാനം ചെയ്യുകയും 14 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ റണ്‍ കല്യാണിയിലാണ് മധു ഒടുവിലായി അഭിനയിച്ചത്. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട് മധു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏകാന്തതയെക്കുറിച്ചും ഭാര്യയുടെ മരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മധു. മനോമര ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.
''ഭാര്യ ജയലക്ഷ്മി മരിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു. വിവാഹ ശേഷം ഒരു കാലത്തും 24 മണിക്കൂറും ഒരുമിച്ചു തന്നെ ഉണ്ടായിരുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് വേണം പറയാന്‍. സിനിമയുമായി ബന്ധപ്പെട്ടു കൂടുതലും അകന്നു ജീവിക്കുന്ന സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ അടുത്തില്ലല്ലോ എന്നൊരു തോന്നലില്ല. ഉണ്ടെന്നും തോന്നുന്നില്ല.
കിടന്നു പോയപ്പോള്‍ കുറച്ചേറെ വിഷമിച്ചിരുന്നു. അതുകൊണ്ട് തന്നെ മരണം അവള്‍ക്കൊരു ആശ്വാസം തന്നെയായിരുന്നു എന്നാണു തോന്നിയത്. മകള്‍ ഉമ വീടിനോടു ചേര്‍ന്നു തന്നെയാണ് താമസം. ഏകാന്തത അങ്ങനെയൊന്നു അനുഭവപ്പെടുന്നില്ല. കാണാനുള്ള സിനിമകള്‍ തന്നെ ഏറെയുണ്ട്. മൂന്ന് പത്രം വരുന്നുണ്ട്. ഓരോ കോളുകള്‍, ഗസ്റ്റുകള്‍, തനിച്ചല്ല തനിച്ചാണെന്ന തോന്നലുമില്ല'' എന്നാണ് മധു പറയുന്നത്.

ഭാര്യ ജയലക്ഷ്മി 2014 ജനുവരിയിലാണ് മരിക്കുന്നത്. മുമ്പ് നല്‍കിയൊരു അഭിമുഖത്തിലും മധു ഭാര്യയുടെ മരണത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍... ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍. പെട്ടന്നൊരുനാള്‍ രോഗശയ്യയിലായി. പിന്നീട് ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല.' 'എത്ര വൈകിയാലും വീട്ടിലെത്തും. അവള്‍ കിടക്കുന്ന മുറിയിലെത്തി... ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. എട്ട് വര്‍ഷം മുമ്പ് അവള്‍ പോയി... എന്റെ തങ്കം.
എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല. അമ്പത് വര്‍ഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ ഞാന്‍ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവള്‍ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല'' എന്നാണ് മധു അന്ന് പറഞ്ഞത്.


Click it and Unblock the Notifications











