ആരും എന്നെ തിരിച്ചറിയുന്നില്ല! നേരിൽ കാണുന്നത് പോലെയല്ല സിനിമയിൽ; ലിസബത്ത് ടോമി പറയുന്നു
മലയാളത്തിലെ യുവ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മഹാറാണി. നവംബർ 24ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതുമുഖം ലിസബത്ത് ടോമി ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. തൊടുപുഴക്കാരിയായ ലിസബത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് മഹാറാണിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലിസബത്ത്. ചെറുപ്പം മുതലെ നല്ല സിനിമാ ഭ്രാന്തിയാണ് താനെന്ന് ലിസബത്ത് പറയുന്നു. 'ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒറ്റയ്ക്ക് തിയറ്ററിൽ പോയി സിനിമ കാണുമായിരുന്നു. എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് അഭിനയമോഹം തോന്നിത്തുടങ്ങുന്നത്. അപ്പോഴും എനിക്ക് അഭിനയിക്കാൻ പറ്റുമെന്നൊന്നും അറിയില്ലായിരുന്നു,'

'കാഴ്ചയിൽ സാധാരണ സിനിമയിൽ കാണാറുള്ള നായികമാരെപ്പോലെയുള്ള ലുക്ക് അല്ല എനിക്ക്. അതിനാൽ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. മൂന്നര വർഷങ്ങൾക്കു മുമ്പാണ് നല്ല അത്മവിശ്വാസം തോന്നിത്തുടങ്ങിയത്. അപ്പോൾ മുതൽ ആക്ടീവായി സിനിമയിൽ അവസരം നോക്കുന്നുണ്ടായിരുന്നു,' ലിസബത്ത് മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വേർ വീ സ്റ്റാൻഡ് എന്ന വെബ്സീരീസിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഒഡിഷനിലൂടെയാണ് മഹാറാണിയിൽ എത്തിയത്. ഓഡിഷൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു. കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ, മൂന്നു ദിവസത്തിനു ശേഷം തന്നെ അത്ഭുതപ്പെടുത്തികൊണ്ട് കോൾ വരുകയായിരുന്നുവെന്ന് ലിസബത്ത് പറയുന്നു.
സിനിമയുടെ റിലീസിന് ശേഷം മാത്രമാണ് ലിസബത്ത് ആണ് ചിത്രത്തിലെ നായിക എന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. സിനിമയിലെ ലുക്കും തന്റെ യഥാർത്ഥ ലുക്കും രണ്ടായതിനാൽ ഇപ്പോൾ ആളുകൾക്ക് തന്നെ മനസിലാകാത്ത സ്ഥിതിയുണ്ടെന്നും അതിൽ വിഷമമുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
'എന്റെ മുഖം സിനിമയുടെ റിലീസിനു മുമ്പ് വെളിപ്പെടുത്തില്ലെന്നു ആദ്യമേ പറഞ്ഞിരുന്നു. ഞാനതിൽ ഓകെ ആയിരുന്നു. സിനിമ ഇറങ്ങിയ ശേഷം നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞാനെന്ന വ്യക്തിയും റാണി എന്ന കഥാപാത്രവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അതിനാൽ, സിനിമ ഇറങ്ങിയിട്ടും പലർക്കും ഞാനാണ് ആ കഥാപാത്രം ചെയ്തതെന്ന് മനസിലായിട്ടില്ല. ലുക്കിൽ നല്ല വ്യത്യാസമുണ്ട്. എന്നെ നേരിൽ കാണുന്നതു പോലെയല്ല സിനിമയിൽ. സ്ക്രീനിൽ വേറെ ആളായി തോന്നിയതു തീർച്ചയായും സന്തോഷമുള്ള കാര്യമാണ്,'

'റിയൽ ലൈഫിൽ നിന്നു വ്യത്യസ്തമായ കഥാപാത്രം ചെയ്യുമ്പോഴാണല്ലോ ശരിക്കും ആക്ടർ ആകുന്നത്. പിന്നെ, ആകെയൊരു കുഴപ്പമുള്ളത്, ഒരു സിനിമയിൽ അഭിനയിച്ചിട്ടും ആരും എന്നെ തിരിച്ചറിയുന്നില്ല എന്നാണ്. അതു സാരമില്ല. കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ടല്ലോ,' ലിസബത്ത് ടോമി പറഞ്ഞു.
സിനിമയിൽ അഭിനയിക്കാനുള്ള മോഹത്തിന് ആദ്യം കുടുംബത്തിൽ നിന്ന് വലിയ പിന്തുണയുണ്ടായിരുന്നില്ല. എനിക്കിതിനോട് വളരെയേറെ ഇഷ്ടമുണ്ടെന്ന് അവർക്ക് തോന്നിയ പോയിന്റിൽ ചെറുതായി മഞ്ഞുരുകി. അവൾ ചെയ്തു നോക്കട്ടെ എന്നു നിലപാടിലായി പിന്നീട്. സിനിമ ഇറങ്ങി, നല്ല പ്രതികരണങ്ങൾ ലഭിച്ചപ്പോൾ അവർക്ക് സന്തോഷമായെന്നും ലിസബത്ത് ടോമി അഭിമുഖത്തിൽ പറഞ്ഞു.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ കൂടാതെ ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ഇഷ്ക്, അടി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയുടേതാണ് തിരക്കഥ.


Click it and Unblock the Notifications