എന്നും രാവിലേയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് അയക്കും; പ്രണയാഭ്യര്‍ഥനയെക്കുറിച്ച് മഹിമ
ആര്‍ഡിഎക്‌സ് നേടിയ മിന്നും വിജയത്തിന്റെ സന്തോഷത്തിലാണ് മഹിമ നമ്പ്യാര്‍. ദിലീപ് നായകനായ കാര്യസ്ഥനിലൂടെയാണ് മഹിമ സിനിമയിലെത്തുന്നത്. പിന്നീട് തമിഴില്‍ നായികയായി സജീവമായപ്പോഴും മലയാളത്തില്‍ മഹിമയെ തേടി നായിക വേഷങ്ങള്‍ അധികം എത്തിയിരുന്നില്ല. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആര്‍ഡിഎക്‌സും മിനിയും മഹിമയിലേക്ക് എത്തുന്നത്.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് സ്ഥിരമായി മെസേജ് അയക്കുന്ന ഒരാളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഹിമ നമ്പ്യാര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹിമ മനസ് തുറന്നത്.

''ഇന്‍സ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് ഇടുന്ന ഒരാളുണ്ട്. ഒന്നിച്ചു വീട്ടില്‍ നിന്നിറങ്ങി വൈകിട്ട് ഒന്നിച്ച് തിരിച്ചെത്തുന്ന പോലെയാണ് ആ മെസേജുകള്‍. ഇതിനിടെയിലുള്ള ഓരോ കാര്യവും സ്വയം സങ്കല്‍പ്പിച്ചു കളയും. തല്‍ക്കാലം എനിക്ക് എന്നോടു തന്നെയാണ് പ്രണയം. ഒരുപാട് ആഗ്രഹിച്ചു സിനിമയില്‍ വന്നതാണ്. വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം'' എന്നാണ് മഹിമ പറയുന്നത്.
തന്റെ പുറത്തിറങ്ങാനുള്ള സിനിമകളെക്കുറിച്ചും മഹിമ അഭിമുഖത്തില്‍ സംസാരിക്കന്നുണ്ട്. ലിറ്റില്‍ ഹാര്‍ട്‌സിന് ശേഷം ഉണ്ണി മുകുന്ദന്റെ നായികയായി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേശാണ് വരുന്നത്. മലയാളത്തില്‍ രണ്ട് സിനിമകള്‍ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയ 800 ആണ് റിലീസാകാനുള്ളത്. അതില്‍ മുത്തയ്യ മുരളീധരന്റെ ഭാര്യയായ മതിമലരിന്റെ വേഷമാണെന്നും മഹിമ പറയുന്നു.
വിവിധ ഭാഷകളിലായി റിലീസ് ചെയ്യുന്ന 800 ന്റെ പ്രൊമോഷനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറേയും സൗരവ് ഗാംഗുലിയേയും സനത് ജയസൂര്യയേയും അടക്കം കുറേ ക്രിക്കറ്റ് താരങ്ങളെ നേരില്‍ കണ്ടു. അതിനിടെ ഒരു അബദ്ധം പറ്റി കെട്ടോ. ഒരു പരിപാടിയില്‍ അവതാരക ചെറിയൊരു ക്രിക്കറ്റ് ക്വിസ് നടത്തി. ഒറ്റ ചോദ്യത്തിനു പോലും എനിക്ക് ഉത്തരം അറിയില്ല. പ്രോഗ്രാം കഴിഞ്ഞ് മുരളീധരന്‍ സാര്‍ അടുത്തു വന്നു ചോദിച്ചു. ക്രിക്കറ്റിനെപ്പറ്റി ഒന്നും അറിയില്ല അല്ലേ'' മഹിമ പറയുന്നു.

ആര്‍ഡിഎക്‌സില്‍ മഹിമയുടെ ഫൈറ്റ് രംഗം വലിയ കയ്യടി നേടിയിരുന്നു. അതേക്കുറിച്ചും മഹിമ സംസാരിക്കുന്നുണ്ട്. ''വിളിക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു ഒരു സീനില്‍ കരാട്ടെ ചെയ്യണമെന്ന്. ലൊക്കേഷനില്‍ ചെന്ന ദിവസം മുതല്‍ കാണുന്നതു നായകന്മാരെല്ലാം കഠിനമായി പ്രാക്ടീസ് ചെയ്യുന്നതാണ്. അപ്പോഴും എന്നോട് ഒരു തയ്യാറെടുപ്പും നടത്താന്‍ ആരും പറഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ചെല്ലുമ്പോഴാണ് സീന്‍ കാണിച്ചു തന്നത്. ഞെട്ടിപ്പോയി. കുറച്ചു കഷ്ടപ്പെട്ടാണ് ഓക്കെ ആക്കിയതെങ്കിലും തിയേറ്ററില്‍ ആ സീനിനു വലിയ കയ്യടി കിട്ടി'' എന്നാണ് മഹിമ പറയുന്നത്.


Click it and Unblock the Notifications