മുസ്ലീം പേര് കേട്ടാല്‍ സംശയം; സാരിയുടുത്ത് പൊട്ട് തൊട്ട എന്നോടെന്ന പോലെയല്ല പര്‍ദ്ദയിട്ടവരോട് പെരുമാറുക
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാലാ പാര്‍വതി. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് മാല. ഇപ്പോഴിതാ പുതിയ സിനിമയായ എഫ്‌ഐആര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തെക്കുറിച്ചും ചിത്രത്തിന്റെ പ്രസക്തിയെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മാല പാര്‍വതി. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ എഫ്‌ഐആറിന്റെ പ്രസക്തി എന്താണെന്ന ചോദ്യത്തിനായിരുന്നു മാല പാര്‍വതി മനസ് തുറന്നത്. ''.ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ കാണുന്നുണ്ട്. മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മുസ്ലിം പേര് കേള്‍ക്കുന്ന വഴി അധികാരികള്‍ക്ക് സംശയം വരും. ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്'' എന്നാണ് താരം പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

''എയര്‍പോര്‍ട്ടില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന വ്യക്തി പര്‍ദ്ദ ധരിച്ചാല്‍, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക. അവരുടെ പെട്ടിയും മറ്റ് വസ്തുക്കളും പരിശോധിക്കുന്നതിലും അവരോടുള്ള സമീപനത്തിലും എല്ലാം നമുക്ക് അത് മനസ്സിലാകും. എന്നാല്‍ സാരി ഉടുത്ത് പൊട്ടു തൊട്ടു നില്‍ക്കുന്ന എന്നോട് ഒരിക്കലും അങ്ങനെയാകില്ല പെരുമാറുക. അതില്‍ ഒരു കമ്മ്യൂണിറ്റി മാത്രമല്ല നമ്മുടെ ഭരണഘടനയെ വിശ്വസിക്കുന്ന എല്ലാവരും അതില്‍ വിഷമിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ഒരു വീക്ഷണത്തെ എഫ്‌ഐആര്‍ എന്ന സിനിമ വ്യക്തമായി നോക്കി കാണുന്നുണ്ട്'' എന്നാണ് മാല പാര്‍വതി പറയുന്നത്. വിഷ്ണു വിശാല്‍ നായകനായ ചിത്രമാണ് എഫ്‌ഐആര്‍. പിന്നാലെ ഹേമ കമ്മീഷനെക്കുറിച്ചും മാല പാര്‍വതി നിലപാട് വ്യക്തമാക്കുന്നുണ്ട്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരില്ലന്ന് നമുക്ക് അറിയാമായിരുന്നുവെന്നാണ് മാല പാര്‍വതി പറയുന്നത്. ഞാന്‍ റീസേര്‍ച്ച് സ്‌കോളേഴ്സിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവിടെ നടക്കുന്ന ജെന്‍ഡര്‍ ഇഷ്യൂസ് പഠിക്കാനും മീനാക്ഷി ഗോപിനാഥ് ചെയര്‍മാനായി നിയോഗിച്ച സമാഗതി റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു. വിശദമായി തന്നെ ഞങ്ങള്‍ അതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചു? യാതൊന്നും സംഭവിച്ചില്ലെന്നാണ് താരം പറയുന്നത്. കെമിസ്ട്രിയിലും ബിയോളജിയിലും റീസേര്‍ച്ച് ചെയ്യാന്‍ വരുന്നവര്‍ അവരെ ഗൈഡ് ചെയ്യാന്‍ നിയോഗിക്കപെട്ടവരില്‍ നിന്നും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിരുന്നു. കേരളം അതിനെക്കുറിച്ച് ചര്‍ച്ചയും ചെയ്തില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഹേമ കമ്മിറ്റിയിലും അതിന്റെ റെക്കമെന്റേഷന്‍സ് പുറത്തുവരും. അതുമാത്രമേ വരുകയുള്ളു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇതിന് നിയമങ്ങള്‍ ഒന്നും ഇല്ലല്ലോ. തുറന്നു പറഞ്ഞാല്‍ ഇവര്‍ക്ക് എതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നൊന്നും വ്യക്തതയുമില്ല. അതിനാല്‍ അത് പുറത്തുവരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നാണ് മാലാ പാര്‍വതി വ്യക്തമാക്കുന്നത്.

അതേസമയം മലയാള സിനിമയിലെ താര സംഘടനയായ അമ്മയിലെ ഇന്റേണല്‍ കമ്മിറ്റിയെക്കുറിച്ചും മാല പാര്‍വതി പറയുന്നുണ്ട്. അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട്. എന്നാല്‍ അത് പ്രവര്‍ത്തികമാകില്ലെന്നാണ് മാലാ പാര്‍വതി പറയുന്നത്. കാരണം അമ്മ എന്ന സംഘടന ഒരിക്കലും തൊഴിലുടമ അല്ല. വിശാഖ കമ്മിറ്റി റിപ്പോര്‍ട്ട് നമ്മള്‍ വായിക്കുമ്പോള്‍ തൊഴിലുടമ- തൊഴിലാളി ബന്ധമാണ്. അമ്മ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു മീറ്റിങ്ങിലോ അല്ലെങ്കില്‍ ഒരു പരിപാടിയിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഇന്റേണല്‍ കമ്മിറ്റിയിലേക്ക് വരാം എന്നേയുള്ളു എന്നാണ് താരം ചൂണ്ടിക്കാണിക്കുന്നത്.
Recommended Video

തന്റെ അറിവില്‍ അമ്മ എന്ന സംഘടന നാള്‍ ഇന്നുവരെ ഒന്നും തന്നെ നിര്‍മ്മിച്ചിട്ടില്ല. അവരുടെ ഷോ പ്രൊഡ്യൂസ് ചെയ്യുന്നത് ഏതെങ്കിലും ചാനല്‍ ആയിരിക്കാം അല്ലെങ്കില്‍ മറ്റൊരു ടീം ആയിരിക്കാം. എന്നാല്‍ സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. പ്രൊഡ്യൂസര്‍മാര്‍ വരണം. ചേംബര്‍ ഇത് ഗൗരവമായി എടുക്കണം എന്നാണ് മാലാ പാര്‍വതി പറയുന്നത്. അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അടുത്ത ദിവസം തൊട്ട് വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വരും എന്നും മാലാ പാര്‍വതി അഭിപ്രായപ്പെടുന്നുണ്ട്. എന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണം എന്ന് അവര്‍ പറയുന്നു. സിനിമ ചെയ്യാനായി വരുന്ന, സിനിമ മാത്രം ചെയ്യാന്‍ വരുന്ന ചിലരുണ്ട്. ഇപ്പോള്‍ അമല്‍ നീരദിന്റെ സെറ്റിലൊക്കെ ഒന്നും നടക്കില്ലെന്നും എന്നാല്‍ സിനിമയില്‍ മോശം കാര്യങ്ങള്‍ ഇല്ല എന്നല്ലെന്നും മാലാ പാര്‍വതി പറയുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും എന്ന് വന്നാല്‍.. ഇപ്പോള്‍ അങ്ങനെ വന്നിട്ടുണ്ട്.. അത്തരം മാറ്റങ്ങള്‍ കൂടുതലായി വന്നാല്‍ മാറ്റങ്ങള്‍ വരുമെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications