തേജസേട്ടനെ ഭർത്താവ് എന്ന നിലയിൽ കാണാൻ പറ്റിയിട്ടില്ല, ഇപ്പോഴത്തെ ജനറേഷന്റെ മാറ്റമാണ്; മാളവിക പറയുന്നു
മലയാളികളുടെ കണ്മുന്നിൽ വളർന്ന കലാകാരിയാണ് മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മാളവിക പിന്നീട് നടിയായും അവതാരകയായുമെല്ലാം തിളങ്ങുകയായിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് ഒട്ടനവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായി മാളവികയെത്തി. അതിനിടെ അവതാരകയായും കയ്യടി നേടി.
എന്നാൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് മാളവികയിലെ അഭിനേത്രിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. നായിക നായകനിലൂടെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിക്കാനും മാളവികയ്ക്ക് സാധിച്ചു. അതിനുമുൻപ് ചില പരമ്പരകളിലും മാളവിക അഭിനയിച്ചിരുന്നു. നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുണ്ട്.

തന്റെ വിവാഹത്തെക്കുറിച്ചടക്കം മാളവിക ആരാധകരെ അറിയിച്ചത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. നായികാ നായകനിൽ സഹമത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് മാളവിക വിവാഹം ചെയ്തത്. ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരെ സംബന്ധിച്ച് വലിയൊരു സര്‍പ്രൈസ് ആയിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷവും ജീവിതത്തിലെ വിശേഷങ്ങളും, സന്തോഷങ്ങളുമെല്ലാം പങ്കുവെച്ച് മാളവിക എത്താറുണ്ട്.
ഇപ്പോഴിതാ തേജസിന്റെ വീട്ടിലെ ഒരു ദിവസത്തെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് മാളവിക. രാവിലെ എഴുന്നേറ്റ് നാത്തൂനൊപ്പം ക്ഷേത്രത്തില്‍ പോകുന്നതും അവിടെയുള്ള ഐതിഹ്യങ്ങളെ കുറിച്ചുമൊക്കെ പറയുന്നത് ഒരു കഥ പോലെ കേൾക്കാൻ സുഖമുള്ളതാണ്. മാളവികയുടെയും നാത്തൂന്റെയും കോമ്പോ ഇതിനോടകം ആരാധകർക്കിടയിൽ ഹിറ്റാണ്. ഇരുവരുടെയും രസകരമായ സംഭാഷണമാണ് പുതിയ വീഡിയോയുടെയും പ്രധാന ആകർഷണം.
നാത്തൂനുമായുള്ള സംസാരത്തിനിടയിലാണ് തേജസ്സേട്ടനെ തനിക്കിപ്പോഴും ഭര്‍ത്താവ് എന്ന നിലയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാളവിക പറയുന്നത്. തിരിച്ച് തേജസ്സേട്ടനും അങ്ങനെയാണ്, ഭാര്യ എന്ന പദവിയൊന്നും ഇല്ലെന്ന് മാളവിക പറയുന്നു. അത് ഇപ്പോഴത്തെ ജനറേഷന്റെ മാറ്റമാണെന്നും ഭാര്യ-ഭര്‍ത്താവ് എന്നതിനപ്പുറം, സുഹൃത്തുക്കള്‍, പാര്‍ട്ണര്‍ എന്ന നിലയിലാണ് പുതിയ തലമുറ കാണുന്നതെന്നും മാളവിക കൂട്ടിച്ചേർത്തു.

ക്ഷേത്രത്തില്‍ പോയി വന്നതിന് ശേഷം വീട്ടിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും, ചില ഒരുമകളുമൊക്കെ മാളവിക പങ്കുവയ്ക്കുന്നുണ്ട്. അമ്മയുടെ കണ്ണ് വെട്ടിച്ച് സിപ് അപ് കഴിച്ചതിനെ കുറിച്ചും, സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമകളും മാളവിക അയവിറുത്തു. ഉച്ചഭക്ഷണവും, ക്രിസ്മസ് ട്രീ ഒരുക്കുന്നതുമടക്കമുള്ള കാഴ്ചകളും മാളവിക പങ്കുവെച്ചു. അതിന് ശേഷം ഒരു ബന്ധുവിന്റെ പിറന്നാൾ ആഘോഷമാക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. നിരവധിപേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.
നായികാ നായകനിൽ പങ്കെടുത്തെങ്കിലും അതിനു ശേഷം അധികം അവസരങ്ങളൊന്നും മാളവികയ്ക്ക് വന്നിട്ടില്ല. ഏറ്റവും ഒടുവിൽ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അഭിനയമോഹം ഉണ്ടെങ്കിലും ഇപ്പോൾ അതിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് താരം. ഭർത്താവ് തേജസും അഭിനയ മോഹം വിട്ട് മെർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്. ജോലിയുടെ ഭാഗമായി കപ്പലിലാണ് തേജസ് ഇപ്പോൾ. ഏതാനും മാസങ്ങൾക്ക് ശേഷമേ തേജസ് മടങ്ങിയെത്തുകയുള്ളൂ.


Click it and Unblock the Notifications