ആ വീഡിയോ ഇങ്ങനെ ആകുമെന്ന് കരുതിയില്ല! പിറ്റേന്ന് കമന്റുകള്‍ കണ്ട് ഞെട്ടി; വൈറല്‍ ഫോട്ടോഷൂട്ടിനെപ്പറ്റി മാളവിക
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളിക മേനോന്‍. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ മാളവിയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മാളവിക. തന്റെ ഡാന്‍സ് റീലുകൡലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കാറുണ്ട് മാളവിക. ഇപ്പോഴിതാ തന്റെ വൈറലായി മാറിയ ഫോട്ടോഷൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക.
പുതിയ സിനിമയായ പദ്മിനിയുടെ പ്രൊമോഷന് വേണ്ടി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറക്കുന്നത്. സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ താന്‍ അധികം ആകുലപ്പെടാറില്ലെന്നാണ് മാളവിക പറയുന്നത്. അതേസമയം ഇല്ലാത്തത് പറഞ്ഞാല്‍ താന്‍ പ്രതികരിക്കാറുണ്ടെന്നും മാളവിക പറയുന്നു. നടി വിന്‍സി അലോഷ്യസും അഭിമുഖത്തില്‍ മാളവികയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ഞാന്‍ വലുതായി ചിന്തിക്കാറില്ല. ഉള്ള കാര്യങ്ങള്‍ സത്യസന്ധമായി ആരെങ്കിലും പറയുകയാണെങ്കില്‍ ഞാനത് എന്റെ കുറവുകാണോ മികവുകളാണോ എന്ന രീതിയില്‍ നോക്കി അംഗീകരിക്കും. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. അങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറുണ്ട്. ഉള്ള കാര്യങ്ങള്‍ ആണ് പറയുന്നതെങ്കില്‍ ഞാനത് തീര്‍ച്ചയായും അംഗീകരിക്കും. അത് നെഗറ്റീവാണെങ്കിലും, എന്നാണ് മാളവിക പറയുന്നത്.
പിന്നാലെയാണ് മാളവികയോട് വൈറലായ ഫോട്ടോഷൂട്ടിനെക്കുറിച്ച് അവതാരക ചോദിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടിനെതിരെ വ്യാപക സദാചാര ആക്രമണം നടന്നിരുന്നു. അശ്ലീല ചുവയുള്ള കമന്റുകളും ഫോട്ടോഷൂട്ടിനെതിരെ വന്നിരുന്നു. ഇതോടെ മാളവിക തന്നെ പ്രതികരണവുമായി രംഗത്തെത്തുക വരെയുണ്ടായി.
ഭയങ്കര സന്തോഷത്തോടെ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടായിരുന്നു. എനിക്ക് എന്റെ കുടുംബം പോലെയുള്ള ഫോട്ടോഗ്രാഫേഴ്‌സാണ്. അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. എന്റെ തലയില്‍ ഇങ്ങനൊരു ഐഡിയയേ ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അത് പ്ലാന്‍ഡ് ആണെന്നൊക്കെ പറഞ്ഞു. പക്ഷെ അങ്ങനെയല്ല, ഒരു ദിവസം രാത്രി ഞാനായിട്ട് എഡിറ്റ് ചെയ്‌തൊരു ലോങ് വീഡിയോ എടുത്തിട്ടതാണെന്നാണ് മാളവിക പറയുന്നത്.
അതിന്റെ ക്ലിപ്പിംഗുകള്‍ കുറച്ച് ഭാഗമായി മാത്രമെടുത്ത് സൂം ഔട്ട് ചെയ്തും സൂം ഇന്‍ ചെയ്തുമൊക്കെ വീഡിയോ ഉണ്ടാക്കുകയായിരുന്നു. പിറ്റേദിവസം ഉച്ചയായപ്പോഴാണ് ഞാനും അറിയുന്നത്. ഓഹോ ഇതില്‍ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നല്ലേ എന്ന് ഞാനും ശ്രദ്ധിക്കുന്നത് അപ്പോഴാണെന്നും മാളവിക പറയുന്നു. ഈ സമയത്ത് വിന്‍സി ഇടപെടുകയാണ്. മറ്റാരെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇത്ര ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. ജോസഫ് പോലുള്ള സിനിമകള്‍ ചെയ്ത മാളവികയുടെ ഇത്തരത്തിലുള്ളൊരു ഫോട്ടോഷൂട്ട് കാണുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നാണ് വിന്‍സി പറയുന്നത്.

തനിക്ക് വന്ന മാറ്റത്തെക്കുറിച്ചും അഭിമുഖത്തില്‍ മാളവിക സംസാരിക്കുന്നുണ്ട്. പണ്ടത്തെ മാളവികയ്ക്ക് സത്യത്തില്‍ ഒന്നും അറിയില്ലായിരുന്നു. സംവിധായകന്‍ എന്താണോ പറയുന്നത് അത് തന്നെ ചെയ്യുക മാത്രമായിരുന്നുവെന്നാണ് മാളവിക പറയുന്നത്. 916 ചെയ്യുന്ന സമയത്ത് ഞാന്‍ പത്താം ക്ലാസിലായിരുന്നു. അതൊരു വെക്കേഷന്‍ മൂഡില്‍ ചെയ്തതാണ്. ഇന്ന് ചെയ്യാന്‍ കൂടുതല്‍ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒരു കഥാപാത്രം കിട്ടി കഴിഞ്ഞാല്‍ അത് നന്നാക്കാന്‍ ചിന്തിക്കുന്നുണ്ടെന്നും താരം പറയുന്നു.
മുമ്പ് ഒന്നും അറിയില്ലായിരുന്നു. സിനിമ കാണും കാണും എന്നല്ലാതെ. ഇപ്പോള്‍ നോ പറയാന്‍ അറിയാം. മുമ്പ് ഞാന്‍ വളരെ റിസര്‍വര്‍ഡ് ആയിരുന്നു. ഇപ്പോള്‍ ഞാന്‍ മാറാന്‍ ശ്രമിക്കുകയാണെന്നും മാളവിക പറയുന്നു. ഈ യാത്രയില്‍ തനിക്ക് കുടുംബം വലിയ പിന്തുണയാണ്. വേറെ ആരുമില്ലെങ്കിലും കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. അക്കാര്യത്തില്‍ നൂറ് ശതമാനവും പിന്തുണയുണ്ടെന്നും മാളവിക പറയുന്നു.


Click it and Unblock the Notifications











