പറഞ്ഞത് 10 വര്‍ഷം മുമ്പത്തെ അനുഭവം, പണത്തിനായുള്ള ഫേക്ക് ഓഡിഷന്‍; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി മാളവിക
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെയായിരുന്നു പുറത്ത് വന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമാ ലോകത്ത് നിലനില്‍ക്കുന്ന കടുത്ത സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണങ്ങളുമൊക്കെ തുറന്ന് കാണിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളേയും അതിക്രമങ്ങളേയും കുറിച്ച് പല നടിമാരും കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെ സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. ഈ ചര്‍ച്ചകളില്‍ നടി മാളവിക ശ്രീനാഥിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. മുമ്പൊരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം മാളവിക തുറന്നു പറഞ്ഞിരുന്നു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു മാളവിക ശ്രീനാഥിന്റെ തുറന്ന് പറച്ചില്‍. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

തന്റെ വീഡിയോ വൈറലാകുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ മാളവിക തന്നെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. താന്‍ പങ്കുവച്ച അനുഭവം പത്ത് വര്‍ഷം മുമ്പത്തേതാണെന്നും താന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പായിരുന്നു എന്നുമാണ് മാളവിക പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മാളവികയുടെ വിശദീകരണം. താരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.
''ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല. യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷന്‍ ആയിരുന്നു'' മാളവിക പറയുന്നു.
ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല എന്നും മാളവിക പറയുന്നുണ്ട്. അതേസമയം താരത്തിന്റെ അന്നത്തെ തുറന്നു പറച്ചില്‍ ഞെട്ടിക്കുന്നതായിരുന്നു.
'മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ് മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ചാന്‍സാണെന്ന് പറഞ്ഞു. ആരായാലും വീണ് പോകും. ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര്‍ ഇന്നോവ കാറൊക്കെ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂര്‍ ഭാഗത്തായിരുന്നു ഓഡിഷന്‍. ഒരു ചില്ലിട്ട റൂമായിരുന്നു. ഞാനതിനുള്ളില്‍ ഓഡിഷന്‍ ചെയ്യുന്നു'' എന്നാണ് മാളവിക വീഡിയോയില്‍ പറയുന്നത്.
അര മണിക്കൂറോളം ഇയാളെന്ന ഓഡിഷന്‍ ചെയ്യിക്കുന്നുണ്ട്. പുറത്ത് അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. കുറേ ഷൂട്ട് ചെയ്തപ്പോള്‍ മാളവിക, മുടി കുറച്ച് പാറിയിട്ടുണ്ട്. ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കി വരൂയെന്ന് അയാള്‍ പറഞ്ഞു എന്നാണ് താരം പറയുന്നത്. ഡ്രസിംഗ് റൂമില്‍ പോയി ഞാന്‍ ഹെയര്‍ ശരിയാക്കവെ ഇയാള്‍ പെട്ടെന്ന് എന്നെ വന്ന് പിറകിലൂടെ പിടിച്ചു. നല്ല പൊക്കവും തടിയുമുള്ള ആളാണ്. ചില സമയത്ത് നമ്മള്‍ക്ക് പ്രതികരിക്കാന്‍ പറ്റില്ല. വിറങ്ങലിച്ച് പോകും. ഒരു കൈ കൊണ്ട് അയാളെ തട്ടി മാറ്റാന്‍ നോക്കുന്നുണ്ട്. പറ്റുന്നില്ലായിരുന്നുവെന്നും താരം പറയുന്നു.

ഇപ്പോള്‍ ഒന്ന് മനസ് വെച്ച് കഴിഞ്ഞാല്‍ മാളവികയെ ഇനി ആളുകള്‍ കാണുക മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും എന്ന് അയാള്‍ പറഞ്ഞുവെന്നാണ് താരം പറയുന്നത്. അമ്മയും അനിയത്തിയും പുറത്ത് നിന്നോട്ടെ പത്ത് മിനുട്ട് മാളവിക ഒന്നിവിടെ നിന്നാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ കരയാനും വിറയ്ക്കാനും തുടങ്ങി. ആളുടെ കൈയില്‍ ക്യാമറയുണ്ടായിരുന്നു. അത് തട്ടി താഴെയിടാന്‍ നോക്കി. അയാള്‍ ക്യാമറ പിടിക്കാന്‍ നോക്കിയ ഗ്യാപ്പില്‍ ഞാന്‍ ഒന്നും നോക്കാതെ ഗ്ലാസ് വിന്‍ഡോ തുറന്ന് പുറത്തോട്ട് ഓടുകയായിരുന്നു എന്നാണ് മാളവിക പറഞ്ഞത്.
അമ്മയ്ക്കും അനിയത്തിക്കും നടന്നത് എന്താണെന്ന് മനസിലായില്ല. താന്‍ പുറത്തേക്ക് ഓടി ഒരു ബസില്‍ കയറിയെന്നാണ് മാളവിക പറയുന്നത്. അമ്മയും അനിയത്തിയും പുറകെ ബസില്‍ കയറി. താന്‍ അന്ന് പൊട്ടിക്കരയുകയായിരുന്നുു. ഇത് പോലെ രണ്ടും മൂന്നും അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നും മാളവിക വെളിപ്പെടുത്തിയിരുന്നു. അതേസമയം, മഞ്ജു വാര്യരുടെ സിനിമയിലെ ആളുകളല്ല തന്നെ വിളിച്ചതെന്നുറപ്പാണെന്നും മാളവിക അഭിമുഖത്തില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











