ജയറാമിന്റെ പാർട്ടിക്കിടെ അവർ എല്ലാ രഹസ്യങ്ങളും കണ്ടുപിടിച്ചു; അവസാനം ഭീഷണിപ്പെടുത്താൻ തുടങ്ങി
കനക സിംഹാസനം എന്ന ചിത്രത്തിലെ നിരസിംഹ രാജു എന്ന കഥാപാത്രത്തെ മലയാളികൾ മറക്കില്ല. വില്ലനിസം കാണിച്ച് അവസാനം നല്ലവനായി മാറിയ കഥാപാത്രത്തെ അവതരിപ്പിച്ചത് കിരൺ രാജ് ആയിരുന്നു. അതുവരെ ചെയ്തതിൽ വെച്ച് നല്ലൊരു വേഷമായിരുന്നു കനക സിംഹാസനത്തിലൂടെ ലഭിച്ചത്. ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒരുപാട് ചിരിപ്പിച്ചിരുന്നു. ജയറാമിനൊപ്പമുള്ള അനുഭവങ്ങളും സിനിമയെ കുറിച്ചും മാസ്റ്റർ ബിൻ ചാനലിലൂടെ കിരൺ രാജ് സംസാരിക്കുന്നു.
"ഞാൻ ആ സമയത്ത് സുരേഷ് ഗോപിയുടെ ബഡാ ദോസ്ത് എന്ന പേരിൽ ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്. അതിലെ കൺട്രോളർ അരോമ മോഹൻ ആയിരുന്നു. പുതിയ ഒരു സിനിമ തുടങ്ങാൻ പോകുന്നു എന്നും അതിൽ നല്ലൊരു വേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പറ്റിയ കഥാപാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ശമ്പളത്തിന്റെ കാര്യമൊന്നും തർക്കിക്കരുതെന്നും അവർ ഒരു തുക എഴുതി തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയാണ് കനകസിംഹാനത്തിലേക്ക് അവസരം ലഭിക്കുന്നത്."

"അങ്ങനെ ബഡാ ദോസ്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം നേരെ ഊട്ടിക്ക് പോയി. ഊട്ടിയിൽ വെച്ചാണ് കനക സിംഹാസനത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഊട്ടി ആയതിനാൽ നല്ല തണുപ്പായിരുന്നു. അതിനാൽ അത്യാവശ്യം മദ്യപാനവും ഉണ്ടാവാറുണ്ട്. ഒരു ദിവസം എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസം ഇതുപോലെ ചെറുതായി മദ്യമിച്ച് കിടന്നുറങ്ങുകയായിരുന്നു. അപ്പോഴാണ് അരോമ മോഹൻ വിളിക്കുന്നത്. അന്ന് ദീപാവലി ആയിരുന്നു. അതൊന്നും എനിക്ക് അറിയില്ലായിരുന്നു."
ദീപാവലി ആയതിനാൽ ജയറാമേട്ടന്റെ വക പാർട്ടി ഉണ്ടെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. ഉറക്കം ഉണർന്ന് വൈകുന്നേരം ആയപ്പോൾ കുളിച്ച് റെഡിയായി അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോൾ വലിയ ആഘോഷമായിരുന്നു. ടീം മുഴുവൻ അവിടെയുണ്ട്. ഒപ്പം ജയറാമിന്റെ ഭാര്യ പാർവ്വതിയും മക്കളും അവിടെ ഉണ്ടായിരുന്നെന്ന് കിരൺ ഓർത്തെടുത്തു.

അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ ജയറാമേട്ടൻ കിരണിന്റെ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു റൂമിലേക്ക് വരാൻ വേണ്ടി. അതു പ്രകാരം കിരൺ റൂമിൽ ചെന്നപ്പോൾ അവിടെ സംവിധായകൻ രാജസേനൻ, ജയറാം, അരോമ മോഹൻ എന്നിവർ ഉണ്ടായിരുന്നു. എല്ലാവരും കഥ പറഞ്ഞ് ഇരിക്കുന്നതിനിടെ മദ്യപാനവും ഉണ്ടായിരുന്നു. ജയറാം തന്നെ നന്നായി സൽക്കരിച്ചു എന്നും ഭക്ഷണം കഴിക്കാത്തതിനാൽ പെട്ടെന്ന് തന്നെ മദ്യം തലക്ക് പിടിച്ചു കിക്കായി. പിന്നീട് എന്തു സംഭവിച്ചുവെന്ന് തനിക്ക് ഓർമ ഇല്ലായിരുന്നുവെന്ന് കിരൺ പറഞ്ഞു.
"എല്ലാം കഴിഞ്ഞ് പിറ്റേ ദിവസമായി. അപ്പോഴാണ് എനിക്ക് മനസിലായത് രാത്രിയിലെ പാർട്ടിക്കിടെ എന്റെ ഫ്ലാഷ് ബാക്ക് മുഴുവൻ ചോദിച്ച് എല്ലാം ഷൂട്ട് ചെയ്ത് വെച്ചിരിക്കുന്നു. അരോമ മോഹൻ പറഞ്ഞു ഇത് ഷാജി കൈലാസിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അത്തരത്തിൽ ഒരുപാട് തമാശ നിറഞ്ഞ മുഹൂർത്തങ്ങൾ ആ ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിട്ടുണ്ട്." കിരൺ രാജ് പറഞ്ഞു.


Click it and Unblock the Notifications