സ്‌കൂൾ വിട്ട് വന്നാൽ പുലർച്ചെ രണ്ടുമണി വരെ ഡബ്ബിങ് ആയിരിക്കും; മൗഗ്ലിക്ക് ശബ്ദം നൽകിയ വിശേഷങ്ങളുമായി ദേവി
സിനിമയിലെയും സീരിയലിലെയുമെല്ലാം ചില താരങ്ങളുടെ യഥാർത്ഥ ശബ്ദം കേട്ട് നെറ്റിചുളിച്ചിട്ടുള്ളവരാകും നമ്മൾ. സ്‌ക്രീനിൽ വളരെ ഗാംഭീര്യമുള്ള ശബ്ദത്തോടെ കണ്ടവർ ഓഫ് സ്ക്രീനിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ വളരെ അരോചകമായി തോന്നും. അയ്യോ ഇതായിരുന്നോ ഇവരുടെ ശബ്‍ദമെന്ന് പോലും ചിലപ്പോൾ ഓർത്ത് പോകും.
ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ കഴിവ് മനസിലാകുന്നത് ഇവിടെയാണ്. ഒരു അഭിനേതാവിന്റെ ശബ്ദം അതിന്റെ പൂർണതയിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൾ. അതിപ്പോൾ സിനിമയിലായാലും സീരിയലിൽ ആയാലും കാർട്ടൂണുകളിൽ ആയാലും ഒരുപോലെയാണ്. അന്യഭാഷ നടിമാർ അഭിനയിക്കുന്ന സിനിമകൾ പോലും നമ്മുക്ക് ആസ്വദിക്കാനാവുന്നത് ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉള്ളതിനാലാണ്.

അങ്ങനെയുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ദേവി. കുട്ടിക്കാലം മുതൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ദേവി ഇതിനോടകം നൂറ് കണക്കിന് സീരിയലുകൾക്കും സിനിമകൾക്കും ഒപ്പം കാർട്ടൂണുകൾക്ക് വേണ്ടിയും ശബ്‌ദം നൽകിയിട്ടുണ്ട്.
ഇപ്പോൾ മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക സീരിയലുകളുടേയും മുഖ്യകഥാപാത്രത്തിന് നമ്മൾ കേൾക്കുന്നത് ദേവിയുടെ ശബ്ദം തന്നെയാണ്. ബാല താരമായി സീരിയൽ രംഗത്തെത്തി ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങുന്ന ദേവി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ്.
ദൃശ്യം 2 വിൽ മീന അവതരിപ്പിച്ച റാണിയ്ക്ക് ശബ്ദം നൽകിയതിനാണ് ദേവിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. ദൃശ്യത്തിലെ റാണിയ്ക്ക് പുറമെ പുലിമുരുകനിലെ മൈന, വെറുതെ ഒരു ഭാര്യയിലെ ബിന്ദു അങ്ങനെ മലയാളികൾ നെഞ്ചേറ്റിയ പല നായിക കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ദേവിയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ദേവി. 2007ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ മീനയുടെ ശ്രീദേവി എന്ന കഥാപാത്രം മുതൽ ഇങ്ങോട്ട് ഒരു ചിത്രമൊഴികെ ബാക്കി എല്ലാ സിനിമകൾക്കും മീനയ്ക്ക് ശബ്ദം നൽകിയതും ദേവിയായിരുന്നു. ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിക്കാറുള്ളത് മീനയ്ക്ക് ഡബ്ബ് ചെയ്യുമ്പോഴാണെന്നാണ് ദേവി പറയാറുള്ളത്.
ഇപ്പോൾ ബിഹൈൻഡ്വുഡ് ഐസിന് നൽകിയ അഭിമുഖത്തിൽ ജംഗിൾ ബുക്ക് എന്ന കാർട്ടൂൺ പരമ്പരയിൽ ശബ്‌ദം നൽകിയതിനെ കുറിച്ച് പറയുകയാണ് ദേവി. ജംഗിൾ ബുക്കിലെ പ്രധാന കഥാപാത്രമായ മൗഗ്ലിക്കാണ് ദേവി ശബ്‌ദം നൽകിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഇതെന്നും ദേവി പറയുന്നു.
'കുട്ടികളുടെ ചിത്രങ്ങൾ ധാരാളമുള്ള സമയത്താണ് ഡബ്ബിങ് ആരംഭിക്കുന്നത്. അപ്പോൾ സിനിമകൾ സീരിയലുകൾ അങ്ങനെ എല്ലാത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശബ്‌ദം നൽകുമായിരുന്നു. ചെറിയ പ്രായത്തിൽ ശബ്‍ദം രണ്ടു കൂട്ടർക്കും ഉപയോഗിക്കാം. ഏഴാം ക്ലാസ് വരെ ഒക്കെ അങ്ങനെ ഡബ്ബ് ചെയ്തതാണ്. ജംഗിൾ ബുക്ക് ഞാൻ ആറിൽ പഠിക്കുമ്പോൾ ചെയ്തതാണ്,'
'എല്ലാവരും ഒരുമിച്ച് ഡബ്ബ് ചെയ്യുന്ന കാലഘട്ടത്തിൽ ചെയ്തത് ആണ് ജംഗിൾ ബുക്ക്. ഞങ്ങൾ കുട്ടികളും വലിയവരും എല്ലാവരും ഒന്നിച്ചാണ് ചെയ്യുന്നത്. അപ്പോൾ ഞങ്ങളൊക്കെ സ്‌കൂളിൽ നിന്ന് വന്നിട്ടാകും ഡബ്ബിങ് നടക്കുക. സ്‌കൂളിൽ നിന്ന് നേരെ സ്റ്റുഡിയോയിലേക്ക് പോകും. ആദ്യം എല്ലാവരും ഇരുന്ന് അവരവരുടെ ഡയലോഗുകൾ ശരിയാക്കും. വൈകുന്നേരം ഒരു അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ ഒക്കെ ഡയലോഗുകൾ ശരിയാക്കലും എഴുതിയെടുക്കലും ആയിരിക്കും.'
'പിന്നെയാണ് ഡബ്ബിങ് നടക്കുക. പുലർച്ചെ ഒരു ഒരു മണി രണ്ടു മണി വരെ ഒക്കെ ഡബ്ബിങ് പോകും . ഞങ്ങൾ ഉറങ്ങി ഉറങ്ങി ഒക്കെയാകും ഡബ്ബിങ് തീർക്കുക. പിന്നെ വീണ്ടും രാവിലെ സ്‌കൂളിൽ പോകും വൈകുന്നേരം വീണ്ടും തിരിച്ച് സ്റ്റുഡിയോയിൽ വരും അങ്ങനെ ആയിരുന്നു.' ദേവി പറഞ്ഞു.
മൗഗ്ലിയുടെ ഓരയിടൽ ഒക്കെ ചെയ്യാൻ ആദ്യം ഒരു താരം ചമ്മൽ ആയിരുന്നെന്നും ദേവി പറഞ്ഞു. 'ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതിൽ ഒരു മനുഷ്യക്കുട്ടി മാത്രമായിരുന്നു. ആദ്യം ചമ്മലൊക്കെ തോന്നിയെങ്കിൽ പിന്നീട് അത് ശരിയായി.' ദേവി പറഞ്ഞു.


Click it and Unblock the Notifications