'മമ്മൂക്കയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഓസ്കാർ കിട്ടിയ പോലെയായിരുന്നു'; സന്തോഷ നിമിഷത്തെ കുറിച്ച് രാജി മേനോൻ
നടി, അവതാരക എന്ന നിലയിലൊക്കെ പ്രേക്ഷകർക്ക് സുപരിചിതയാണ് രാജി പി മേനോൻ. വാർത്ത അവതാരകയായി കരിയർ ആരംഭിച്ച രാജി നിരവധി സീരിയലുകളിലും വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിന്നെങ്കിലും ഇന്ന് സീരിയലുകളിൽ സജീവമാണ് താരം. രാജിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി നായകനായ ഡാനിയിലേത്.
മമ്മൂട്ടിക്കൊപ്പം ആ സിനിമയിൽ അഭിനയിക്കാനായത് കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് പറയുകയാണ് രാജി. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യ വേഷമായിരുന്നു രാജിക്ക്. സിനിമയിലേക്കും സീരിയലിലേക്കുമുള്ള തന്റെ കടന്നുവരവിനെ കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

അവതാരകയും ന്യൂസ് റീഡറുമൊക്കെ ആയിട്ടാണ് കരിയർ തുടങ്ങുന്നത്. പിന്നീട് സിനിമയിലേക്ക് എത്തി. അതുകഴിഞ്ഞാണ് സീരിയലിലേക്ക് എത്തുന്നത്. ആദ്യ സിനിമ തിയേറ്റർ റിലീസ് ഉണ്ടായിരുന്നില്ല. അതിനു ശേഷം ടി.വി ചന്ദ്രന്റെ സീരിയൽ ചെയ്തു. തുടർന്നാണ് മമ്മൂട്ടി നായകനായ ഡാനിയിൽ അഭിനയിക്കുന്നത്. വളരെ ചെറിയ വേഷമാണെങ്കിലും അതൊരു ഭാഗ്യമായിരുന്നുവെന്നാണ് രാജി പറയുന്നത്.
അടുത്തിടെ മമ്മൂട്ടിയെ കണ്ടപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചതിനെ പറ്റിയും നടി ഓർത്തു. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ റിസപ്‌ഷനിൽ വെച്ചാണ് മമ്മൂക്കയെ കണ്ടത്. ഭാര്യയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന്, ഞാൻ മമ്മൂക്കയ്‌ക്കൊപ്പം ഡാനിയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആ മരിച്ച് പോയ ക്യാരക്ടറല്ലേ എന്ന് അദ്ദേഹം ചോദിച്ചു. അതെനിക്ക് ഓസ്‌കാര്‍ അവാര്‍ഡിന് തുല്യമാണ്. ചെറിയൊരു ക്യാരക്ടറായിട്ടും മമ്മൂക്ക അതോര്‍ത്തിരുന്നല്ലോ എന്ന് രാജി പറയുന്നു.
ഡാനിക്ക് ശേഷം കഥാവശേഷന്‍, ക്ലാസ്‌മേറ്റ്‌സ്, ഫ്രൈഡേ, വയലിന്‍ അങ്ങനെ കുറച്ചു സിനിമകളില്‍ രാജി അഭിനയിച്ചിരുന്നു. സുശാന്തിന്റെ കൂടെ ഒരു ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയായി. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം സിനിമയില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നാണ് രാജി പറയുന്നത്.
വീണ്ടും അഭിനയത്തിൽ സജീവമാകുമ്പോൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ കൂടുതൽ കോൺഷ്യസ് ആണെന്ന് നടി പറയുന്നു. ഇപ്പോൾ മോഡലിങ്ങൊക്കെ ചെയ്യുന്നുണ്ട്. അന്നൊന്നും ബ്യൂട്ടി കോണ്‍ഷ്യസായിരുന്നില്ല. ഇപ്പോള്‍ കുറച്ച് കോണ്‍ഷ്യസാണ്. പരസ്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ജിമ്മില്‍ ആദ്യം പോവാറുണ്ടായിരുന്നു. പിന്നെ അത് നിര്‍ത്തി. യോഗ ചെയ്തപ്പോള്‍ വല്ലാതെ മെലിഞ്ഞു. അതോടെ അതും നിര്‍ത്തി. എന്നാൽ ഇഷ്ടം പോലെ ഭക്ഷണം കഴിക്കാറുണ്ട്.

സിനിമകളിൽ സൗന്ദര്യം നോക്കി ആളെ തിരഞ്ഞെടുക്കുന്ന കാലം കഴിഞ്ഞെന്നും ഇപ്പോള്‍ സിനിമയില്‍ അങ്ങനെയൊന്നുമില്ലെന്നും രാജി പറഞ്ഞു. അതേസമയം, ഉര്‍വശി ചെയ്ത പോലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടി വ്യക്തമാക്കി. ഇനി അത് നടക്കുമോ എന്നറിയില്ല. ചില സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് രാജി കൂട്ടിച്ചേർത്തു.
നിലവിൽ സൂര്യ ടിവിയിലേയും അമൃതയിലേയും പരമ്പരകളിൽ ആണ് രാജി പി മേനോൻ അഭിനയിക്കുന്നത്. വിവിധ പരമ്പരകളുടെയും സിനിമകളുടെയും ചർച്ചകൾ നടക്കുന്നുണ്ട്. ഉടൻ തന്നെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താൻ കഴിയുമെന്നാണ് രാജിയുടെ പ്രതീക്ഷ.


Click it and Unblock the Notifications