'പ്രായം കൂടി വരുമ്പോൾ മക്കൾ അടുത്തില്ലാത്തത് ഭയങ്കരമാ! ഒരുത്തൻ ബോംബെയിൽ, മറ്റൊരുത്തൻ മദ്രാസിലും'; മല്ലിക
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരൻ. വർഷങ്ങളായി മലയാള സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി. ഇതിനെല്ലാം ഉപരി മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളുടെ അമ്മ കൂടിയാണ് മല്ലിക. നടന്മാരായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണക്കാരി ഈ അമ്മയാണ്.
മക്കൾ വലിയ താരങ്ങൾ ആണെങ്കിലും ഇന്നും അഭിനയത്തിൽ സജീവമാണ് മല്ലിക സുകുമാരൻ. പോയ വർഷത്തിൽ നിരവധി സിനിമകളിലാണ് മല്ലിക സുകുമാരൻ അഭിനയിച്ചത്. ഈ കാലയളവിൽ നിരവധി അഭിമുഖങ്ങളും മല്ലിക നൽകിയിരുന്നു. മക്കളുടെ വിശേഷങ്ങളൊക്കെ പലപ്പോഴും മല്ലികയുടെ അഭിമുഖങ്ങളിൽ നിന്നാണ് പ്രേക്ഷകർ അറിയാറുള്ളത്. മിക്ക അഭിമുഖങ്ങളും അതുകൊണ്ട് പ്രേക്ഷക ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴും സിനിമയും സീരിയലും അഭിമുഖങ്ങളുമൊക്കെയായി തിരക്കിലാണ് താരം. ഏറ്റവും ഒടുവിലായി അഭിനയിച്ച സന്തോഷം എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മല്ലിക സുകുമാരൻ. കലാഭവൻ ഷാജോൺ, അനു സിത്താര, അമിത് ചക്കാലക്കൽ, ആശ അരവിന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇവർ മനോരമ ഒൺലൈന് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. തന്റെ ആരോഗ്യത്തെ കുറിച്ചും മക്കളുടെ തിരക്കിനെ കുറിച്ചുമൊക്കെയാണ് മല്ലിക സംസാരിച്ചത്. അഭിമുഖത്തിൽ ഇല്ലാതിരുന്ന മല്ലിക സുകുമാരനെ ഷാജോൺ ഫോൺ ചെയ്യുകയായിരുന്നു. സുഖമല്ലേ എന്ന ഷാജോണിന്റെ ചോദ്യത്തിനായിരുന്നു മറുപടി.

'ഈ വയസ്സു കാലത്ത് ഓരോരോ കഥാപാത്രങ്ങളുമായി തെക്കോട്ടും വടക്കോട്ടും ഒക്കെ ഓട്ടം തന്നെ. സത്യം പറഞ്ഞാൽ ഞാൻ ഈ സീരിയലും സിനിമയുമൊക്കെ നിർത്തി, വലുതായിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ഒന്നൊന്നര കൊല്ലം മുൻപ് ഒരു പടം വന്നു. അത് കഴിഞ്ഞ് അഭിനയിച്ച് അഭിനയിച്ച്, എന്ത് പറയാനാടാ, തെക്ക് വടക്ക് ഓട്ടമാണ്,'

'അതിന്റെതായ ചില ശാരീരിക ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്. ഇങ്ങനെ യാത്രയൊക്കെ ചെയ്യേണ്ട പ്രായമൊക്കെ കഴിഞ്ഞു പോയി. എങ്കിലും നമ്മുടെ ജോലിയാണ്, നമ്മുടെ ചോറാണ്. നമ്മുക്ക് അത് ഇഷ്ടവുമാണ്.
പിള്ളേര് ഒരുത്തൻ ബോംബെയിൽ കിടക്കുന്നു, ഹിന്ദി പടമെന്ന് പറഞ്ഞ്. മറ്റൊരുത്തൻ റസൂൽ പൂക്കുട്ടിയുടെ പടവുമായി മദ്രാസ് ,കോയമ്പത്തൂര് അതിനിടെ കൂടെ തെലുങ്ക് വെബ് സീരീസ് അങ്ങനെ. ഒറ്റെണ്ണവും ഒരു കാര്യത്തിനും ഇല്ല എന്റെ പൊന്ന് ഷാജോണേ,' എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

അതേസമയം, 'ഇത് ചേച്ചിയുടെ ഭാഗ്യമല്ലേ, ചേച്ചിയെ പോലെ ഭാഗ്യം ചെയ്ത ഒരു അമ്മ സത്യം പറഞ്ഞ് കഴിഞ്ഞാൽ ഇല്ല' എന്നായിരുന്നു ഷാജോണിന്റെ ചോദ്യം. 'അത് ശരിയാ.. പ്രായം കൂടി വരുമ്പോൾ മക്കൾ ഇങ്ങനെ അടുത്തില്ലാത്തത് ഭയങ്കര ഭാഗ്യമാ' എന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.
സിനിമയിൽ കൂടെ അഭിനയിച്ചതിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നും ഷാജോൺ ഫോണിലൂടെ ചോദിക്കുന്നുണ്ട്. എനിക്ക് അങ്ങനെ ആരോടും പ്രത്യേക ഇഷ്ടമില്ല. എല്ലാവരെയും ഒരുപോലെ ഇഷ്ടമാണ് എന്നായിരുന്നു മല്ലികയുടെ മറുപടി.

ഈ വയസാം കാലത്ത് നമ്മളോട് ഇടക്ക് വിളിച്ച് അന്വേഷിക്കുന്നവരോട് പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോൾ ഷാജോണിനോട് ഒരു ഇഷ്ടമുണ്ട്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കും. അതൊരു സന്തോഷമാണ്. എന്താണ് സുഖമാണോ എന്നൊക്കെ ചോദിക്കുന്നത്,'
ഇപ്പോൾ തന്നെ ഞാൻ ഇങ്ങനെ കാറിന് പോകുമ്പോൾ ഒരുപാട് സിനിമയുടെ പേരുകളൊക്കെ കാണും. ഇത് എന്തോരം സിനിമകളാണ് ഇതൊക്കെ എവിടെയാണ് കളിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അതിൽ ചെല്ലാ സിനിമകളൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ വ്യത്യസ്ത കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സിനിമയാകും ഇത്. അമ്മമാരൊക്കെ പെണ്മക്കളുമായി പോയി ഈ സിനിമ കാണണം. എന്റെ മക്കളോട് കൂടി ചേർത്താണ് ഞാൻ ഈ പറയുന്നത്.' മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications