മക്കളോട് എനിക്ക് അതിൽ പരാതിയൊന്നുമില്ല! പെൺകുട്ടികൾക്കാണ് സ്നേഹവും അനുകമ്പയും കൂടുതലുണ്ടാവുക: മല്ലിക സുകുമാരൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരൻ. രണ്ടു സൂപ്പർതാരങ്ങളുടെ അമ്മ കൂടിയായ മല്ലികയോട് ഒരു പ്രത്യേക ഇഷ്ടം പ്രേക്ഷകർക്കുണ്ട്. നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയാണ്. സുകുമാരന്റെ മരണശേഷം മറ്റൊരു വിവാഹത്തിന് മുതിരാതെ മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു മല്ലിക. വൈകാതെ തന്നെ ഇരുവരും സിനിമയിലേക്ക് എത്തുകയും വലിയ താരങ്ങളായി മാറുകയും ചെയ്തു.
ഇന്ദ്രജിത് പന്ത്രണ്ടിലും പൃഥ്വിരാജ് പത്തിലും പഠിക്കുമ്പോഴാണ് സുകുമാരൻ മരിക്കുന്നത്. അവിടെ നിന്ന് ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കാതെയാണ് രണ്ടു മക്കളെയും മല്ലിക വളർത്തിയത്. അമ്മ വളരെ ധൈര്യശാലിയായ സ്ത്രീയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് മക്കളും അവരുടെ ഭാര്യമാരും മൂന്ന് കൊച്ചുമക്കളുമൊക്കെ ഉണ്ടെങ്കിലും മല്ലികയുടെ താമസം ഒറ്റയ്ക്കാണ്.

മക്കൾ വലിയ താരങ്ങളായി മാറിയെങ്കിലും ഓടി നടന്ന് അഭിനയിക്കുന്ന ശീലവും മല്ലിക മാറ്റിയിട്ടില്ല. മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സജീവ സാന്നിധ്യമാണ് അവർ. നിരന്തരം അഭിമുഖങ്ങളിൽ എത്താറുള്ള മല്ലിക അങ്ങനെയും പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം മല്ലിക അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ 24 ന്യൂസിന് നൽകിയ മല്ലിക സുകുമാരന്റെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.
ജീവിത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു കടന്നുവന്നതിനെ കുറിച്ചും മകളെ കുറിച്ചുമെല്ലാം മല്ലിക അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ഒന്ന് തളരും, എന്നാൽ മാറുകരയിലെത്താൻ ഒരു ലക്ഷ്യം ഉണ്ടാകണമെന്നും അത് തന്നെയാണ് ജീവിതത്തിൽ തന്നെ ഇന്നോളം നയിച്ചതെന്നും മല്ലിക പറയുന്നു.
മക്കൾ നല്ല മിടുക്കരാകണം, എവിടെയെങ്കിലും കൊണ്ടിട്ടാൽ നാല് കാലിൽ വീഴണമെന്ന് സുകുവേട്ടൻ എപ്പോഴും പറയുമായിരുന്നു. അതേ രീതിയിൽ മക്കൾ വളർന്നു, ദൈവത്തിന്റെ കാരുണ്യം കൊണ്ടും, പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടും അവർ ഇവിടം വരെയൊക്കെ എത്തിയെന്നും മല്ലിക സുകുമാരൻ പറഞ്ഞു. തിരക്കുകളിൽ മുഴുകുന്നത് തനിക്ക് ഇഷ്ടമാണെന്നും ഓണക്കാലത്ത് നൽകിയ അഭിമുഖത്തിൽ മല്ലിക വ്യക്തമാക്കി.
പെൺകുട്ടികൾക്കാണ് അച്ഛനോടും അമ്മയോടും ഇഷ്ടം എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പായും എന്ന മറുപടിയാണ് താരം നൽകിയത്. 'ഞാൻ രണ്ടുമക്കളോടും പറയാറുണ്ട്, കണ്ടോടാ അവരുടെ അമ്മമാർക്ക് ഒരു ആവശ്യം വന്നപ്പോൾ വന്നപ്പോൾ അവർ ചെയ്തുകൊടുക്കുന്നതെന്ന്. കാരണം ഈ പെൺകുട്ടികൾക്ക് അമ്മമാരോടുള്ള ഒരു സ്വാതന്ത്ര്യവും അനുകമ്പയും കൂടുതലാണ്, പ്രത്യേകിച്ചും വയ്യാത്ത അവസ്ഥ വരുമ്പോൾ',

'എന്നാൽ ആ സ്ഥാനത്ത് ആൺകുട്ടികളാണെങ്കിൽ അങ്ങനെയല്ല. അയ്യോ ഡോക്ടറെ അമ്മയ്ക്ക് വയ്യ എന്നാകും അവർ പറയുക. നാലുപേരെ നമ്മുടെ കൂടെവിടുന്നതാകും ആൺമക്കൾ ചെയ്യുന്നത്. പക്ഷെ എനിക്ക് അതിൽ പരാതിയൊന്നുമില്ല. വേണ്ടുന്ന കാര്യങ്ങൾ വേണ്ടപോലെ എനിക്ക് അവർ ചെയ്തുതരുന്നുണ്ട്, എന്നെ അവർ നോക്കുന്നുണ്ട്. ഒരു പെൺകുട്ടി വേണം എന്നൊക്കെ സുകുവേട്ടൻ പറയുമായിരുന്നു. ഒരു ആണും പെണ്ണും വേണം, ഗംഗ എന്ന പേര് വയ്ക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടും ആണായി', മല്ലിക പറഞ്ഞു.
താൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിൽ മക്കൾക്ക് വിഷമമൊന്നുമില്ലെന്നും മല്ലിക പറയുകയുണ്ടായി. 'ഞാൻ ഉള്ളത് ഉള്ളതുപോലെ പറയുന്നതിൽ അവർക്ക് ഒരു വിഷയവും ഇല്ല. അവർ പറയാറുണ്ട് അമ്മയെ സമ്മതിക്കണം എന്ന്. ചില കാര്യങ്ങൾ തമാശ രൂപേണ നമ്മൾ പറയുമ്പോൾ ആളുകൾക്ക് വലിയ ഇഷ്ടമാണ്. നമ്മൾക്കൊന്നും അറുത്തു മുറിച്ചു സംസാരിക്കാൻ അറിയില്ല. ആളുകൾക്ക് എന്നെ ഇഷ്ടപ്പെടാൻ കാര്യവും ചിലപ്പോൾ അതാകും', എന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications