ആ സംവിധായകനെ സഹായിക്കാൻ ആരുമുണ്ടായില്ല, രാജു സഹായിച്ചു; സുകുവേട്ടൻ രാജുവിലൂടെ ചെയ്തതാണെന്ന് തോന്നി: മല്ലിക
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരന്റെ വേർപാടിന് ശേഷം മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തി തിളങ്ങി നിൽക്കുകയാണ്. ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ് ഇരുവരും. പൃഥ്വിരാജ് സംവിധാനം, നിർമാണം, അഭിനയം, വിതരണം എല്ലാമായി പാൻ ഇന്ത്യൻ ലെവലിൽ വളർന്ന് കഴിഞ്ഞു. അഭിനയത്തിന് പുറമെ സംവിധാനം അടക്കമുള്ള മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇന്ദ്രജിത്തും.
മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുടെ വിവിധ മേഖലകളിൽ സജീവമാണ്. പ്രായം എഴുപതിനടുത്ത് എത്തിയെങ്കിലും ഇടവേളകളില്ലാതെ സിനിമയും സീരിയലുമൊക്കെയായി സജീവമായി നിൽക്കുകയാണ് മല്ലിക സുകുമാരനും. മല്ലിക സുകുമാരന്റെ അഭിമുഖങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങളും രസകരമായ പല കാര്യങ്ങളും പ്രേക്ഷകരറിയുന്നത് മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്.

ഇപ്പോഴിതാ ഓണം സ്പെഷ്യൽ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചികിത്സ ചെലവിന് മറ്റാരും സഹായിക്കാൻ ഇല്ലാതിരുന്നപ്പോൾ പൃഥ്വിരാജ് സഹായിച്ചതിനെ കുറിച്ചാണ് മല്ലിക പറയുന്നത്. സുകുമാരൻ ഓരോരുത്തർക്ക് ചെയ്തിരുന്ന സഹായങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.
സഹായം ചോദിച്ചു വരുന്നവരെയെല്ലാം സഹായിച്ചിരുന്ന ആളാണ് സുകുമാരനെന്ന് മല്ലിക പറയുന്നു. കടം ചോദിക്കുന്നവർക്ക് പോലും ഒരു തുക കൊടുത്തിട്ട് തിരികെ തരേണ്ട എന്ന് പറയുന്നതായിരുന്നു ശീലം. അതേ പോലെ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ തന്റെ മക്കളും ഒട്ടും പിന്നിലല്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ഞാൻ ഇതുവരെ ഇക്കാര്യം എവിടെയും പറഞ്ഞിട്ടില്ല. അതിപ്രഗൽഭനായ, അവാർഡുകളൊക്കെ വാങ്ങിക്കൂട്ടിയ ഒരു സംവിധായകൻ അസുഖവുമായി കിടന്നിട്ട് അദ്ദേഹത്തെ ഒന്ന് ഇറക്കി കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ഭാര്യ കുറെ കഷ്ടപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ബില്ലുകൾ സെറ്റിൽ ചെയ്യാതെ വിടില്ലെന്ന് ആശുപത്രിക്കാർ പറഞ്ഞു. ആരാണെന്നോ എന്താണെന്നോ ഞാൻ പറയുന്നില്ല. ഒരു സംഘടനയും അദ്ദേഹത്തെ സഹായിച്ചില്ല',
'പിന്നീട് ഞാൻ അറിഞ്ഞു രാജു സഹായിച്ചെന്ന്. അവനോട് ഞാൻ പറഞ്ഞു ഇതുകൊണ്ട് നിനക്ക് ഗുരുത്വമേ വരുകയുള്ളു. നീ ആരോടും പറയുകയും വേണ്ട എഴുതുകയും വേണ്ട. ഇതിനൊരു പബ്ലിസിറ്റി വേണ്ട. ഇതിനു നിന്റെ അച്ഛന്റെ അനുഗ്രഹം നിനക്കു ഉണ്ടാകും. സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ സഹായിച്ചേനെ. അദ്ദേഹത്തിന്റെ ഒന്നൊന്നര വർഷത്തെ ചികിത്സ ചെലവിന് മോൻ സഹായിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞുകൊണ്ടാണ് എന്നെ വിളിച്ച് അത് പറഞ്ഞത്. എന്റെ മകന് അത് സാധിച്ചല്ലോ എന്നതാണ് എന്റെ സന്തോഷം', മല്ലിക സുകുമാരൻ പറഞ്ഞു.

'അവൻ അദ്ദേഹത്തിന്റെ ഒരു പടത്തിൽ പോലും അഭിനയിച്ചിട്ടില്ല. കാരണം അവൻ എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ് അദ്ദേഹം വലിയ സംവിധായകനായി തിളങ്ങി നിൽക്കുന്നത്. ഇങ്ങനെ ഒരു സംഭവങ്ങൾ കാണുമ്പോൾ സുകുവേട്ടൻ രാജുവിലൂടെയും ഇന്ദ്രനിലൂടെയും പ്രവർത്തിക്കുന്നത് ആണെന്ന് എനിക്ക് തോന്നും. കോവിഡ് സമയത്തൊക്കെ ഒത്തിരിപേരെ ഇന്ദ്രൻ സഹായിച്ചിട്ടുണ്ട്. അതെല്ലാം നല്ലതാണു അതിനൊന്നും നമുക്ക് പബ്ലിസിറ്റി വേണ്ട എന്നാണ് ഞാൻ പറയാറുള്ളത്',
'മറ്റേതെങ്കിലും വഴിയിലൂടെ ദൈവം നമുക്കത് തിരിച്ചു തരും. അവർ മാത്രമല്ല, സിനിമയിലെ എത്രയോ പേർ ഇങ്ങനെ സഹായിക്കുന്നുണ്ട്. ഇതിന്റെ പത്തിരട്ടി കൊടുക്കുന്നവരും കാണും. പക്ഷേ ഇദ്ദേഹത്തിന്റെ കാര്യത്തിൽ പലർക്കും കുറച്ചുകൂടി ശ്രദ്ധവേണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കാരണം അത്രയ്ക്കും എല്ലാവർക്കും വേണ്ടപ്പെട്ട മനുഷ്യനാണ് അദ്ദേഹം. അത് എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല', മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications