ജീവിതത്തിൽ പലരും എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്, എന്റെ മക്കളെ ആയുധമാക്കാൻ ശ്രമിച്ചവരുണ്ട്; മനസുതുറന്ന് മല്ലിക
മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മല്ലിക സുകുമാരൻ. രണ്ടു സൂപ്പർതാരങ്ങളുടെ അമ്മ കൂടിയായ മല്ലികയോട് ഒരു പ്രത്യേക ഇഷ്ടം പ്രേക്ഷകർക്കുണ്ട്. മലയാളത്തിന്റെ രണ്ടു മിന്നും താരങ്ങളായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയാണ്. നടൻ സുകുമാരന്റെ മരണശേഷം മക്കൾക്ക് വേണ്ടി മാത്രമാണ് മല്ലിക ജീവിച്ചത്. ആ മക്കളാണ് ഇന്ന് മലയാളത്തിന്റെ അഭിമാന താരങ്ങളായി വളർന്നു നിൽക്കുന്നത്.
ഇന്ദ്രജിത് പന്ത്രണ്ടിലും പൃഥ്വിരാജ് പത്തിലും പഠിക്കുമ്പോഴാണ് സുകുമാരന്റെ വിയോഗം. അവിടെ നിന്ന് ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കാതെയാണ് രണ്ടു മക്കളെയും മല്ലിക വളർത്തിയത്. അധികം വൈകാതെ തന്നെ രണ്ടുപേരും സിനിമയിലേക്ക് എത്തുകയും വലിയ താരങ്ങളായി മാറുകയും ചെയ്തു. അമ്മ വളരെ ധൈര്യശാലിയായ സ്ത്രീയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് മക്കളും അവരുടെ ഭാര്യമാരും മൂന്ന് കൊച്ചുമക്കളുമൊക്കെ ഉണ്ടെങ്കിലും മല്ലികയുടെ താമസം ഇപ്പോഴും ഒറ്റയ്ക്കാണ്.

മക്കൾ വലിയ താരങ്ങളായെങ്കിലും ഓടി നടന്ന് അഭിനയിക്കുന്ന ശീലവും മല്ലിക സുകുമാരൻ ഇതുവരെ മാറ്റിയിട്ടില്ല. മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സജീവ സാന്നിധ്യമാണ് മല്ലിക. നിരന്തരം അഭിമുഖങ്ങളിൽ എത്താറുള്ള മല്ലിക അങ്ങനെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം മല്ലിക അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൗമുദി മൂവീസിന് എന്റെ കഥ എന്ന പുതിയ പരിപാടിയുമായി എത്തിയിരിക്കുകയാണ് നടി. അതിൽ നടി പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്.
ജീവിതത്തിലെ ഒരു കഥകളും മറച്ചുവയ്ക്കാത്ത ആളാണ് താനെന്ന് മല്ലിക പറയുന്നു. 'എന്റെ കഥ ഞാൻ എവിടെയും മറച്ചു വെച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷമുള്ള എന്റെ കഥ എന്റെ മക്കളോട് ഉൾപ്പടെ പറഞ്ഞിട്ടുള്ളത് സുകുവേട്ടനാണ്. അതുകൊണ്ട് തന്നെ ഞാൻ ഒന്നും മറച്ചുവെക്കാറില്ല. ജീവിതത്തിൽ തോറ്റൊടുന്ന സ്വഭാവം എനിക്കില്ല. എന്നെ പലരും ഭയപ്പെടുത്തിയിട്ടുണ്ട്, ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് കടന്ന് പലതും പറഞ്ഞ് എന്നെ തളർത്താൻ നോക്കിയവരുണ്ട്. എന്റെ മക്കളെ ആയുധമാക്കി കൊണ്ട് പലതും ചെയ്യാൻ നോക്കിയവരുണ്ട്,'
'അവരോടൊക്കെ എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. പരാക്രമം സ്ത്രീകളോടല്ല കാണിക്കേണ്ടത്. എന്റെ സുകുവേട്ടൻ എനിക്കും കുട്ടികൾക്കും ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഒരു കാര്യത്തിലും ചാടിക്കേറി പ്രതികരിക്കാറില്ല. ഒന്ന് ആലോചിക്കും. എന്തായിരുന്നു ഇതിനു പിന്നിൽ ഇവർക്കുണ്ടായിരുന്ന ഉദ്ദേശം, എന്തിനാണ് ഇവർ ഇതിനു ഇറങ്ങി തിരിച്ചത് എന്നൊക്കെ ചിന്തിക്കാറുണ്ട്,' മല്ലിക സുകുമാരൻ പറയുന്നു.

'വെറുതെ അവിടെയും ഇവിടെയും ഇരുന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നതൊന്നും ഞാൻ കേൾക്കാറില്ല. എന്നോട് നേരിട്ട് പറയുന്നത് ആണെങ്കിൽ ഞാൻ കേൾക്കും. എനിക്ക് ഏറ്റവും വേദന തോന്നുന്നതും ദേഷ്യം തോന്നുന്നതും എന്റെ മക്കളെ പറയുമ്പോഴാണ്. കാരണം എനിക്ക് എന്റെ സുഖുവേട്ടൻ തന്നിട്ട് പോയ ഏറ്റവും വലിയ രണ്ടു നിധികളാണ് എന്റെ മക്കൾ. എന്റെ സമ്പത്ത് എന്താണെന്ന് ചോദിച്ചാൽ അത് വീടോ, അച്ഛൻ തന്നിട്ട് പോയ പുരയിടമോ ഒന്നുമല്ല. എന്റെ മക്കളാണ്, ഇന്ദ്രജിത്തും പൃഥ്വിരാജും,'
'അവർക്കും കുടുംബവും കുട്ടികളുമൊക്കെയായി, തിരക്കൊക്കെ ആയെങ്കിലും അമ്മ എന്നൊരു സ്നേഹം അവർക്കുണ്ട്. അതില്ലാതാക്കാൻ ആര് ശ്രമിച്ചാലും, അതിന് എന്തൊക്കെ പറഞ്ഞു കൊടുത്താലും, അവരുടെ അമ്മ എന്താണെന്ന് അവർക്ക് അറിയാം. ഉള്ളിന്റെ ഉള്ളിൽ ആ സ്നേഹം എപ്പോഴും ഉണ്ടാകും,' മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications