പൂര്‍ണിമയെ കാണാന്‍ നേരത്തെ സെറ്റിലെത്തുന്ന ഇന്ദ്രന്‍; രാജുവും ഇന്ദ്രനും പ്രണയം പറഞ്ഞതോര്‍ത്താ ചിരി വരും!
മലയാള സിനിമയിലെ സൂപ്പര്‍ മോം ആണ് മല്ലിക സുകുമാരന്‍. ഭര്‍ത്താവും താരവുമായ സുകുമാരന്റെ മരണ ശേഷം മക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും വളര്‍ത്താനും ഇന്നത്തെ അവരുടെ നിലയിലേക്ക് എത്തിക്കാനും മല്ലിക ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മക്കളുടേയും മരുമക്കളുടേയും ജീവിതത്തില്‍ ഇടപെടാതെ സ്വന്തമായിട്ടാണ് മല്ലിക ഇപ്പോഴും കഴിയുന്നത്.
തങ്ങളുടെ രണ്ട് മക്കളുടേയും പ്രണയത്തിനും മല്ലിക പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ തന്റെ മക്കള്‍ അവരുടെ പ്രണയങ്ങള്‍ തന്നോട് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്. ആ വാക്കുകളിലൂടെ.

''ഇന്ദ്രനും രാജുവും പങ്കാളികളെ കണ്ടെത്തിയ കാര്യം എന്നോട് അവതരിപ്പിച്ച രീതിയോര്‍ത്ത് ഇപ്പോഴും എനിക്ക് ചിരി വരാറുണ്ട്. ഞാന്‍ അഭിനയമെല്ലാം ഉപേക്ഷിച്ച് വീട്ടിലിരിക്കുമ്പോഴാണ് പെയ്‌തൊഴിയാതെ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. തിലകന്‍ ചേട്ടനൊക്കെ അഭിനയിക്കുന്നുണ്ട് എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഒരു തീരുമാനത്തിലെത്താനാകാതെ നില്‍ക്കുമ്പോള്‍ മക്കള്‍ രണ്ടു പേരും ഒരുപോലെ പറഞ്ഞു, അമ്മയ്ക്ക് അറിയാവുന്ന ജോലിയാണ് അഭിനയം. തീര്‍ച്ചയായും സീരിയലിലേക്ക് പോണം'' മല്ലിക പറയുന്നു.
അങ്ങനെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. ഷൂട്ടിങ് കഴിഞ്ഞ് എന്നെ കൊണ്ടു പോരാന്‍ ഇന്ദ്രനാണ് ലൊക്കേഷനില്‍ വന്നിരുന്നത്. ആദ്യമൊക്കെ ആറര മണിക്കു വരും. പിന്നെ അഞ്ചരയായി. നാലരയായി. നീ എന്തിനാ നേരത്തെ വരുന്നത്? എന്ന് ചോദിക്കുമ്പോള്‍ കുഴപ്പമില്ല ഞാന്‍ കാത്തിരുന്നോളാം എന്നു മറുപടിയായെന്നും മല്ലിക പറയുന്നു.
''എന്റെയൊപ്പം അഭിനയിക്കുന്ന പൂര്‍ണിമയുമായി ഇന്ദ്രന്‍ നല്ല സൗഹൃദത്തിലായെന്നും ആ കുഞ്ഞിനെ കാണാനാണു നേരത്തെ വരുന്നതെന്നും പിന്നീടാണ് മനസിലായത്. അവരു തമ്മില്‍ കഥ ഡിസ്‌കഷനായി പാട്ടു പാടലായി. അഭിനയത്തെക്കുറിച്ചു ചര്‍ച്ചകളായി. ഒരു ദിവസം അവനെന്നോട് പറഞ്ഞു, അമ്മയുടെ കൂടെ അഭിനയിക്കുന്ന പൂര്‍ണിമയില്ലേ. അതൊരു നല്ല കുട്ടിയാണ്. ഞാന്‍ പറഞ്ഞു, എടാ നിന്റെ അച്ഛനുണ്ടല്ലോ. എന്തുകാര്യവും തന്റേടത്തോടെ വിളിച്ചു പറയുന്ന ആളായിരുന്നു. വളച്ചു കെട്ടില്ലാതെ കാര്യം പറയെടാ'' മല്ലിക പറയുന്നു.

രാജുവും ഇതുപോലെയാണ് സുപ്രിയയോടുള്ള പരിചയവും പറഞ്ഞു തുടങ്ങിയത്. അമ്മേ എന്‍ഡിടിവിയില്‍ വര്‍ക്കു ചെയ്യുന്ന ഒരു കുട്ടിയുണ്ട് മുംബൈയില്‍. എന്റെ ഇന്റര്‍വ്യു എടുത്തു. ഹോ എന്തൊരു പെര്‍ഫോമന്‍സ്. അസാധ്യ ഇന്റര്‍വ്യു. അതായിരുന്നു തുടക്കം. രണ്ടിനോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ വില്ലന്മാരൊക്കെ തന്നെ പക്ഷെ അച്ഛന്റെ പോലെ ധൈര്യമില്ലെന്നും മല്ലിക പറയുന്നു.
തന്റെ മരുമക്കളായ പൂര്‍ണിമയെക്കുറിച്ചും സുപ്രിയയെക്കുറിച്ചും പലപ്പോഴും തുറന്ന് സംസാരിക്കാറുണ്ട് മല്ലിക. തന്റെ മക്കള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പങ്കാളികളാണ് ഇവരെന്നാണ് മല്ലിക പറയുന്നത്. വളരെ അടുത്ത ബന്ധമാണ് മല്ലിക മരുമക്കളുമായി കാത്തുസൂക്ഷിക്കുന്നത്. മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം ജീവിക്കാത്തത് അവരെ ബുദ്ധിമുട്ടിക്കാന്‍ പോകരുതെന്ന് സുകുമാരന്‍ തന്നോട് പറഞ്ഞിട്ടുള്ളതു കൊണ്ടാണെന്നാണ് മല്ലിക പറഞ്ഞത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പലര്‍ക്കും പ്രചോദനമാണ് മല്ലിക സുകുമാരന്‍.


Click it and Unblock the Notifications