ഇന്ദ്രൻ എന്നെപ്പോലെയാണ്, നിലപാടുകൾ പറയുമ്പോൾ സൗമ്യനാവും; രാജു അച്ഛന്റെ മകനാണ്, ഒരു മയവുമില്ല: മല്ലിക
മലയാള സിനിമയുടെ അണ്ണനും തമ്പിയുമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമയിൽ വേറിട്ട രീതിയിൽ അഭിനയിക്കുന്ന പ്രതിഭകൾ. പൃഥ്വി അഭിനയത്തിനു പുറമേ മറ്റു പല മേഖലകളിലേക്കും വളരുന്നു. ഇന്ദ്രജിത്തിന് അന്യഭാഷകളിൽ നിന്ന് അത്യഭൂർവ്വ അവസരങ്ങളാണ് തേടിയെത്തുന്നത്. അമ്മയും മക്കളും എപ്പോഴും വളരെ ഹാപ്പിയാണ്. കുട്ടിക്കാലം മുതൽ മക്കൾ തമ്മിലുള്ള സ്നേഹത്തെ കുറിച്ച് അമ്മ മല്ലിക സുകുമാരൻ കൈരളി ടിവിയിലൂടെ സംസാരിക്കുന്നു.
"രാജു ജനിച്ചപ്പോൾ ഇന്ദ്രന് മൂന്ന് വയസ്സാവാറായി. പിന്നെ അവനൊരു കാരണവരായി. രാജുവിനോട് നല്ല അടുപ്പമായിരുന്നു. രാജുവിനെ കൊട്ടു കുട്ടിയെ പോലായിരുന്നു കൊണ്ടു നടന്നിരുന്നത്. അത്രക്കും സ്നേഹമായിരുന്നു. ഇന്ദ്രനും ഞാനും ഒരേ പോലെയാണെന്ന് പറയാറുണ്ട്. കാരണം ഞാനും ഇന്ദ്രനും കൂടുതൽ സംസാരിക്കും. വീട്ടിൽ ആരെങ്കിലും വന്നാൽ പോലും ഞങ്ങൾ വേഗം കുശലം ചോദിക്കും. രാജുവിന് എല്ലാത്തിനും ഒരു താമസമാണ്. കുറച്ച് സമയം കഴിഞ്ഞാലെ രാജു സംസാരിക്കൂ.

അവനും എല്ലാവരുമായും അടുപ്പം തന്നെയാണ്. പക്ഷേ അധികം പരിചയം ഇല്ലാത്തവരെ കണ്ടാൽ പെട്ടെന്ന് ഇടപഴകാൻ രാജുവിന് സാധിക്കില്ല. നിലപാടുകൾ പറയുമ്പോൾ ഇന്ദ്രൻ എന്നെപ്പോലെയാണ്. എന്നോട് വീട്ടിൽ നിന്ന് ശക്തമായി സംസാരിക്കും. പക്ഷേ പുറത്ത് പോയി സംസാരിക്കുമ്പോൾ വീട്ടിൽ പറഞ്ഞ അതേ രീതിയിൽ പറയില്ല. ഭാഷയിൽ അൽപം സൗമ്യം പാലിക്കാൻ ശ്രദ്ധിക്കും. ആ കാര്യത്തിൽ ഞാനും അങ്ങനെ തന്നെയാണ്. രാജു അങ്ങനെയല്ല. അവൻ അച്ഛനെ പോലെ എല്ലാം മുഖത്തടിച്ച് പറയും.
അത് മറ്റുള്ളവരെ വിഷമിപ്പിക്കുമോ എന്നൊന്നും അവൻ നോക്കില്ല. അതാണ് ഏറ്റവും വലിയ വ്യത്യാസം. പക്ഷേ രാജുവും ഇന്ദ്രനും തമ്മിൽ നല്ല സ്നേഹവും അടുപ്പവും തന്നെയാണ്. ഇവർ തമ്മിൽ സംസാരം ഉണ്ട്. അത് പലപ്പോഴായിട്ട് എനിക്ക് മനസിലായതുമാണ്. പിന്നെ രണ്ട് പേരും എന്നെ ഇടക്കിടെ വിളിക്കാറുണ്ട്. ചില തിരക്കുകൾ കാരണം വിളിച്ചില്ലെങ്കിലും പോലും അതു കഴിഞ്ഞിട്ടും സമയം കണ്ടെത്തും. അവരെ കാര്യത്തിൽ യാതൊരു പരാതികളുമില്ല. എന്നെ കാണാനും എനിക്ക് കാണാനും നേരിട്ട് വരാറുമുണ്ട് രണ്ടു പേരും." മല്ലിക സുകുമാരൻ പറയുന്നു.
രണ്ടു മക്കളെ കുറിച്ചും പറയുമ്പോൾ മല്ലിക വാചാലയാവുന്നു. മല്ലിക പൊതുവേ രണ്ടു പേരെയും വിട്ടുകൊടുക്കാറില്ല. ഇവർ മൂവരും തമ്മിലുള്ള ചിത്രങ്ങൾ കാണുമ്പോൾ പോലും അറിയാതെ സന്തോഷം തോന്നിപ്പോകും. ഒരുപാട് കഷ്ടപ്പാടുകളിലൂടെ വളർന്നെങ്കിലും ഇന്ന് രണ്ട് മക്കളും പ്രതീക്ഷിച്ചതിലും ഉയരത്തിലാണ്. ഇന്ദജിത്ത് അഭിനയിച്ച് അവസാനമായി റിലീസ് ചെയ്തത് മനോരഥങ്ങളാണ്. അതിലെ കനൽക്കാറ്റ് എന്ന സെഗ്മെന്റിലാണ് ഇന്ദ്രൻ അഭിനയിച്ചത്. അതിനു മുന്നേ ബൃന്ദ എന്ന തെലുഗു വെബ്സീരിസിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

പൃഥ്വിയുടെ അവസാനം ഇറങ്ങിയ റിലീസ് ഗുരുവായൂരമ്പല നടയിൽ. വർഷങ്ങൾക്കു ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജുവിനെ ആ ചിത്രത്തിലൂടെ കാണാൻ സാധിച്ചു. ഇതിനു മുന്നേ റിലീസ് ചെയ്തവയെല്ലാം വളരെ സീരിയസായ റോളുകളായിരുന്നു. പൃഥ്വിയുടെ അടുത്ത റിലീസ് എമ്പുരാൻ ആണ്. അതിനിടയിൽ വിലായത്ത് ബുദ്ധയും വരാനിരിക്കുന്നു.
വിശേഷ ദിവസമെല്ലാം നാട്ടിൽ ഉണ്ടെങ്കിൽ മക്കൾ രണ്ടു പേരും തന്നെ കാണാനായി ഓടിയെത്താറുണ്ടെന്ന് മല്ലിക പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ഓണത്തിനും ആ പതിവ തെറ്റിച്ചിട്ടില്ല. പൂർണിമയും മാതാപിതാക്കളും മക്കളും ആഘോഷങ്ങളിൽ പങ്കെടുത്തു. അതിൽ സുപ്രിയയെയും മകളെയും കാണാനില്ല. ഓണാശംസകൾ നേർന്നു കൊണ്ട് അമ്മയും രണ്ടും മക്കളും നിൽക്കുന്ന ഒരു ചിത്രം പൃഥ്വി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications