രക്ഷയില്ല, ഞാന്‍ പോവാണ് മല്ലികേ! അതായിരുന്നു അവസാന കാഴ്ച; സുകുമാരനെക്കുറിച്ച് മല്ലിക
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മല്ലിക സുകുമാരന്‍. അഭിനയ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് മല്ലകി. തന്റെ വ്യക്തിജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ മല്ലികയ്ക്ക് അതിജീവിക്കേണ്ടി വന്നിരുന്നു. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയും സുകുമാരന്റെ മരണവുമെല്ലാം മല്ലിക നേരിട്ടത് ധീരമായാണ്. ഇപ്പോഴിതാ സുകുമാരന്റെ അവസാന നാളുകളെക്കുറിച്ച് മല്ലിക സംസാരിക്കുകയാണ്.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്. അവസാനമായി അദ്ദേഹം തന്നോട് പറയാന്‍ ശ്രമിച്ചത് എന്തായിരുന്നുവെന്ന് വായിച്ചെടുക്കാന്‍ ഇന്നും ശ്രമിക്കുന്നുണ്ട് മല്ലിക. തന്റെ മക്കള്‍ക്ക് കരുത്താകേണ്ടി വന്നതിനെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

പല വേര്‍പാടുകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് കരുത്തും സാന്ത്വനവും പകര്‍ന്ന സുകുവേട്ടന്റെ വേര്‍പാട് ജീവിതത്തിലെ അടുത്ത മുഹൂര്‍ത്തമാണ്. സുകുവേട്ടന്‍ അത്ര വേഗം എല്ലാവരേയും വിട്ടു പോകുമെന്ന തോന്നല്‍ എനിക്കെന്നല്ല ആര്‍ക്കുമുണ്ടായിരുന്നില്ല. മൂന്നാറില്‍ നിന്നും തോളുവേദനയുമായാണ് കൊച്ചിയിലെത്തിയത്. ആശുപത്രിയില്‍ ചെന്നപ്പോള്‍ അവര്‍ ഐസിയുവില്‍ കിടത്തി. നാലുദിവസം കഴിഞ്ഞു മുറിയിലേക്കു മാറ്റി. പെട്ടെന്നു തന്നെ പഴയ ജീവിതത്തിലേക്ക് സുകുവേട്ടന്‍ തിരികെ വരികയായിരുന്നുവെന്നാണ് മല്ലിക പറയുന്നത്.
ഒരു ദിവസം ആശുപത്രിയില്‍ വന്ന ജനാര്‍ദ്ദനന്‍ ചേട്ടനോട് തമാശയായി പറഞ്ഞു, ചുമ്മാതാ എനിക്കൊരു കുഴപ്പവുമില്ല. ഞാന്‍ സിഗരറ്റ് വലിക്കാതിരിക്കാന്‍ ഇവള്‍ വെറുതെ പിടിച്ച് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നതാ. അന്ന് ഉച്ചയ്ക്ക് പത്രം വായിക്കുന്നതിനിടയില്‍ പെട്ടെന്നു കണ്ണട മാറ്റിവച്ചിട്ടു പറഞ്ഞു, ആ തോളുവേദന പിന്നെയും വരുന്നു. കുറച്ചു നേരം നടന്നു നോക്കാം. പയ്യെ എഴുന്നേറ്റ് എന്റെ തോളില്‍ പിടിച്ചു നടന്നു തുടങ്ങി. തോളില്‍ കൈ വല്ലാതെ മുറുകുന്നത് ഞാനറിഞ്ഞുവെന്നും മല്ലിക പറയുന്നു.
സിസ്റ്ററേ എന്ന് ഞാനുറക്കെ വിളിച്ചു. അവര്‍ വീല്‍ചെയറുമായി ഓടിയെത്തി. സുകുവേട്ടനേയും വീല്‍ചെയറിലിരുത്തി ഐസിയുവിലേക്ക് പാഞ്ഞു. ഞാന്‍ പിന്നാലെ ഓടിച്ചെന്നു. ഐസിയുവിലേക്ക് കയറി വാതിലടയ്ക്കും മുമ്പ് എന്റെ നേരെ തിരിഞ്ഞ് മുഖം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. രക്ഷയില്ല, ഞാന്‍ പോവാണ് മല്ലികേ, എന്നാണോ പറഞ്ഞത്. അതായിരുന്നു അവസാന കാഴ്ചയെന്നും താരം പറയുന്നു.

അഞ്ചാറു മാസം കരച്ചില്‍ തന്നെയായിരുന്നു. ഞാനും അമ്മയും കൂടി ഇരുന്നു കരയും. പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു എന്റെ ഈ തളര്‍ച്ച ഇന്ദ്രനേയും രാജുവിനേയും ബാധിക്കുന്നുണ്ട്. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍. അവരുടെ ഉത്തരവാദിത്തം മുഴുവന്‍ എന്റെ കയ്യിലാണ്. ഞാന്‍ തളര്‍ന്നാല്‍ അവര്‍ തകരുമെന്നും മല്ലിക പറയുന്നു.
സുകുവേട്ടന്റെ ചില വാക്കുകളാണ് എനിക്ക് കരുത്തു തന്നത്. അദ്ദേഹം പല തവണ പറഞ്ഞിരുന്നു, നമ്മളെ മക്കളെ പഠിപ്പിച്ചു മിടുക്കാരക്കണം. പിന്നെ വളര്‍ന്നു കല്യാണമൊക്കെ കഴിയുമ്പോള്‍ അവര്‍ക്ക് അവരുടേതായ ജീവിതം ഉണ്ടാകും. അതില്‍ കയറി ഇടപെടരുത്. നിനക്കു ജീവിക്കാനുള്ളത് ഞാനുണ്ടാക്കിയിട്ടുണ്ട്. വളരെയേറെ ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ദ്രനും രാജുവും ഇടയ്ക്കു പറയും. അമ്മ സ്‌ട്രോങ്ങല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ നിലയില്‍ ആകില്ലായിരുന്നു എന്നാണ് മല്ലിക പറയുന്നത്.


Click it and Unblock the Notifications