'നിവൃത്തിയുണ്ടെങ്കിൽ ഒരു ശല്യത്തിനും പോകാത്ത അമ്മായിയമ്മയാണ്; മക്കൾക്കൊപ്പം നിൽക്കാത്തതിന് കാരണം!'; മല്ലിക
മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. സുകുമാരന്റെ മരണ ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് മക്കൾ രണ്ടുപേരും സിനിമയിൽ എത്തുന്നത്. രണ്ടുപേരും ഇന്ന് സുകുമാരനെ പോലെ വലിയ നടന്മാരായി മാറി കഴിഞ്ഞു. വലിയ ആരാധകവൃന്ദമാണ് ഇവർക്കുള്ളത്. ഇവരെ പോലെ തന്നെ മരുമക്കളും കൊച്ചുമക്കളുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഇവരുടെ വിശേഷങ്ങളൊക്കെ പലപ്പോഴും അമ്മ മല്ലിക സുകുമാരനിലൂടെയാണ് ആരാധകർ അറിയുക. അഭിമുഖങ്ങളിലെല്ലാം മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കുറിച്ചെല്ലാം മല്ലിക വാചാലയാകാറുണ്ട്. ഇപ്പോഴിതാ മക്കളുടെ സ്വഭാവത്തെ കുറിച്ചും അവർക്കൊപ്പം പോയി നിൽക്കാത്തതിനെ കുറിച്ചും കൊച്ചുമക്കളെ മിസ് ചെയ്യുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഓണം സ്പെഷ്യൽ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

'സുകുവേട്ടന്റെ സ്വഭാവം ഇന്ദ്രന് ഉണ്ടെങ്കിലും തുറന്നടിച്ചുള്ള സംസാരം കിട്ടിയിരിക്കുന്നത് രാജുവിനാണ്. അത് ആരോടും ഇഷ്ടക്കേട് ഉണ്ടായിട്ടല്ല. രാജു അങ്ങനെ സുഖിപ്പിക്കാനായി വാക്കുകൾ പറയുന്ന ആളല്ല. മോൾ വളരുംതോറും രാജുവിന് ചിരി കൂടിയിട്ടുണ്ട്. സുപ്രിയ ഇപ്പോഴാണ് മലയാളം നല്ല രീതിയിൽ സംസാരിച്ചു തുടങ്ങിയത്. തുടക്കത്തിൽ 'നിങ്കൾ' എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അത് പറയുമ്പോൾ ഞാൻ പറഞ്ഞു തിരുത്തിയിട്ടുണ്ട്',
'അത് തെറ്റൊന്നും അല്ല, ഡൽഹിയിലും ബോംബെയിലും ആയിട്ടായിരുന്നു മോൾ പഠിച്ചതും വളർന്നതും. പിന്നെ രാജു പറയുംപോലെ മുല്ലപ്പൂ ഏറ്റുകിടക്കും കല്ലിനും ഉണ്ടാകും സൗരഭ്യം. രാജുവിന്റെ ഗുണം എന്തായാലും കിട്ടുമല്ലോ', മല്ലിക സുകുമാരൻ പറഞ്ഞു. എവിടെ കിട്ടും ഇങ്ങനെ ഒരു അമ്മായി അമ്മയെ എന്നും മല്ലിക ചോദിക്കുന്നു.
'നിവൃത്തി ഉണ്ടെങ്കിൽ അവരുടെ തിരക്കിനിടയിൽ ഞാൻ ഒരു ഉപദ്രവത്തിനും പോകാറില്ല. പക്ഷേ ഫോണിലൂടെ എല്ലാം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ കാലിലെ വേദന എങ്ങനെയുണ്ട്, ജലദോഷം എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചു വിളിക്കാറുണ്ട്. അവിടെ ചെന്ന് നിന്നാൽ എന്താണെന്ന് രണ്ടുപേരും ചോദിക്കും. പക്ഷേ ഞാൻ എണീക്കുന്ന സമയം പോലും ആകില്ല അവരുടേത്. എനിക്ക് ചില ചിട്ടകൾ ഒക്കെയുണ്ട്. അതുകൊണ്ടാണ് പോയി നിക്കാത്തത്', മല്ലിക സുകുമാരൻ പറഞ്ഞു.

'കൊച്ചുമക്കൾ കൂടെ ഇല്ലാത്തതിന്റെ സങ്കടം എനിക്ക് ഉണ്ട്. ഇന്ദ്രന്റെ രണ്ടാമത്തെ മോൾക്കാണ് എന്നെ ഏറെ ഇഷ്ടം. കൂട്ടത്തിൽ ചെറുത് അലംകൃത ആണല്ലോ. വീഡിയോ കോളിലൂടെ ഒക്കെ സംസാരിക്കും. അച്ഛമ്മ എന്നാണ് അലംകൃത വിളിക്കുന്നത്. അലംകൃത കൂടുതലും സുപ്രിയ ആയിട്ടാണ് കണക്ടഡ്. നക്ഷത്രയും, പ്രാർത്ഥനയും എന്റെ കൂടെ വന്നു നിൽക്കുമായിരുന്നു. അവർക്ക് കഥകൾ ഒക്കെ പറഞ്ഞു കൊടുക്കാറുണ്ട്', മല്ലിക സുകുമാരൻ പറഞ്ഞു.
മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പമായിരുന്നു മല്ലിക സുകുമാരന്റെ ഇത്തവണത്തെ ഓണാഘോഷം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കൊച്ചിയിൽ പൃഥ്വിരാജിന്റെ വീട്ടിലാണ് എല്ലാവരും ഒത്തുകൂടിയത്. കാലിനേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്.


Click it and Unblock the Notifications