'എന്റെ മുടിയൊക്കെ നരച്ചതാ, ഡൈയടിച്ചതാണ്; രഹസ്യങ്ങൾ എല്ലാവരും അറിയട്ടെ': മമ്മൂട്ടി
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ സൗന്ദര്യം മലയാളികൾക്കിടയിൽ എന്നും വലിയ ചർച്ചയാണ്. പ്രായം കൂടുതോറും സൗന്ദര്യവും കൂടിവരുന്ന അത്ഭുത പ്രതിഭാസമായാണ് ആരാധകർ മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. 71-ാം വയസ്സിലും മലയാളത്തിന്റെ ഫാഷൻ ഐക്കണാണ് താരം. സ്റ്റൈലിന്റെ കാര്യത്തിൽ യുവനടന്മാരെ പോലും വെല്ലുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്. ഈ സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യം കാലാകാലങ്ങളായി മെഗാസ്റ്റാറിന് കേൾക്കേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ തന്റെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ഒരു 'രഹസ്യമാണ്' ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. തന്റെ മുടിയൊക്കെ നരച്ചതാണെന്നും ഡൈ ചെയ്തിരിക്കുകയാണെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഴവിൽ എന്റർടൈൻമെന്റ് അവാർഡ്‌സ് 2023 എന്ന അവാര്‍ഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ തമാശകലര്‍ന്ന വെളിപ്പെടുത്തില്‍. നടൻ വിജയരാഘവന് അവാര്‍ഡ് സമ്മാനിക്കുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുടെ തമാശ.

പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ് വിജയരാഘവൻ നേടിയിരുന്നു. അവാർഡ് സമ്മാനിക്കവെ പൂക്കാലത്തില്‍ മൊട്ടയടിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. മൊട്ടയടിച്ച് കുറേ പണം നേടി. ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും വിജയരാഘവൻ എന്നും മമ്മൂട്ടി പറഞ്ഞു. ഇല്ല ഡൈ ചെയ്യാൻ പോകുകയാണ് താൻ, അല്ലെങ്കില്‍ വൃദ്ധ വേഷങ്ങളേ ലഭിക്കൂ എന്നായിരുന്നു വിജയരാഘവന്റെ മറുപടി.
അപ്പോഴാണ് എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതാണെന്ന് മമ്മൂട്ടി പറഞ്ഞത്. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേയെന്നും തമാശയോടെ താരം പറഞ്ഞു. വേദിയിൽ ഉണ്ടായിരുന്ന മറ്റ് നടീ നടൻമാരും മമ്മൂട്ടി പറയുന്നത് കേട്ട് ചിരിക്കുന്നത് കാണാമായിരുന്നു. ചെറുപ്രായത്തില്‍ വൃദ്ധ കഥാപാത്രത്തെ മികച്ച രീതിയില്‍ വിജയരാഘവൻ അവതരിപ്പിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി അഭിനന്ദിച്ചു.
നെടുമുടി വേണുവൊക്കെ അങ്ങനെ മുൻപ് ചെയ്തിട്ടുണ്ട്. വിജയരാഘവനാണ് ഇത്രയും പ്രായമായി അഭിനയിക്കുന്നത്. തനിക്ക് അടുത്ത സൗഹൃദവുമുണ്ട് വിജയരാഘവനുമായി. വിജയരാഘവൻ എന്റെ മകനായും അഭിനയിച്ചിട്ടുണ്ട്. ഡാനി എന്ന ചിത്രത്തില്‍ അത്തരം ഒരു കഥാപാത്രമായിരുന്നു എന്ന് മമ്മൂട്ടി വ്യക്തമാക്കി. തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍ എന്ന് വിജയരാഘവൻ ഓര്‍മിക്കുകയും ചെയ്‍തു.
ടി വി ചന്ദ്രൻ സംവിധാനം ചെയ്‍ത ചിത്രമാണ് ഡാനി. ഡാനി എന്ന ടൈറ്റില്‍ വേഷത്തിലായിരുന്നു മമ്മൂട്ടി. റോബര്‍ട്ട് എന്ന കഥാപാത്രമായാണ് വിജയരാഘവൻ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതേസമയം ഗണേഷ് രാജ് സംവിധാനം ചെയ്‍ത ചിത്രമാണ് പൂക്കാലം. ഇട്ടൂപ്പ് എന്ന കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ വിജയരാഘവൻ വേഷമിട്ടത്. 100 വയസുള്ള കഥാപാത്രമായിരുന്നു അത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ വിജയരാഘവൻ കാഴ്ചവെച്ചത്.

ഇതേ ഷോയിൽ ഹരികൃഷ്ണൻസ് സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ താടി വളർത്തുന്ന സംബന്ധിച്ച് മമ്മൂട്ടി പറഞ്ഞ കമന്റും ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് പേര്‍ക്കും തുല്യ സ്‍പേസുള്ള ഒരു ചിത്രമായിരുന്നു ഹരികൃഷ്‍ണൻസ്. ഹരിയായി ഞാനും കൃഷ്‍ണനായി മോഹൻലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. മീരയെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് മീരയെ തേടി നിരാശകാമുകൻമാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
കാതൽ ദി കോർ, കണ്ണൂർ സ്‌ക്വാഡ്, ബസൂക്ക തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഉള്ളത്. ഭൂതകാലം സംവിധായകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രവും മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം.


Click it and Unblock the Notifications