മുഹമ്മദ് കുട്ടി എന്ന പേര് പറയാൻ മടി: മെഗാസ്റ്റാർ മമ്മൂട്ടിയായത് ഇങ്ങനെ
വൈക്കത്തിനടുത്ത് ചെമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച്, മലയാള സിനിമയിലെ അതുല്യ നടന്മാരിൽ ഒരാളായി വളർന്നയാളാണ് മുഹമ്മദ് കുട്ടി പാണപ്പറമ്പിൽ എന്ന പ്രേക്ഷകരുടെ സ്വന്തം മമ്മൂട്ടി. യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെ ഇൻഡസ്ട്രിയിൽ എത്തിയ മെഗാസ്റ്റാർ എന്നും സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് 'ആഗ്രഹ നടൻ' എന്നാണ്. കാരണം, അത്രയധികം ആഗ്രഹിച്ചും, അത് നേടാൻ കഠിനാധ്വാനം ചെയ്തുമാണ് താരം വളർന്നത്. ഈ യാത്രയോളം തന്നെ പ്രത്യേകതയുണ്ട് അദ്ദേഹത്തിന് സ്വന്തമായ 'മമ്മൂട്ടി' എന്ന പേരിനും.
മുൻപൊരിക്കൽ, ഒരു പ്രമുഖ മലയാളം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടി തന്റെ പേരിന് പിന്നിലുള്ള കഥ വെളിപ്പെടുത്തിയിരുന്നു. തന്റെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി പാണപ്പറമ്പിൽ എന്നാണെന്നും, കോളേജിൽ ചേർന്ന സമയത്ത് ആ പേര് പഴഞ്ചൻ ആണെന്ന് കരുതിയ തനിക്ക്, അതോർത്ത് വലിയ നാണക്കേടായിരുന്നു എന്നും ഭ്രമയുഗം താരം വെളിപ്പെടുത്തി. മമ്മൂട്ടി എന്ന പേര് തനിക്ക് നൽകിയത് ഒരു അടുത്ത സുഹൃത്താണെന്നും അദ്ദേഹം ഓർത്തെടുത്തു.

അമാൽ ആദ്യം ശ്രദ്ധിച്ചില്ല, പ്രായവ്യത്യാസം പ്രശ്നമായി: ദുൽഖർ സൽമാൻ വെളിപ്പെടുത്തിയ പ്രണയകഥ
"അന്ന് ഞാൻ കോളേജിൽ കേറി. എറണാകുളം മഹാരാജാസ് കോളേജിൽ ഫസ്റ്റ് ഇയറിൽ ചെന്നപ്പോൾ ഈ മുഹമ്മദ് കുട്ടി എന്ന പേര് ഞാൻ അങ്ങ് ഒളിപ്പിച്ചു. ആ പേര് അപ്പാടെ ഞാൻ അങ്ങ് മറച്ചിട്ട്, എന്റെ പേര് ചോദിക്കുന്നവരോടൊക്കെ ഞാൻ 'ഒമർ ഷെരീഫ്' എന്ന് പറഞ്ഞു. കുറച്ചു കാലം അങ്ങനെ പോയി," മമ്മൂട്ടി ഒരു ചിരിയോടെ ഓർത്തെടുത്തു. എന്നാൽ, മെഗാസ്റ്റാറിനെ കള്ളത്തരം ഒരിക്കൽ കൂട്ടുകാർ കൈയ്യോടെ പൊക്കി. അദ്ദേഹത്തിന്റെ കോളേജ് ഐഡന്റിറ്റി കാർഡ് കളഞ്ഞു പോയപ്പോഴാണ് അതുണ്ടായത്.

"അങ്ങനെ ഇരിക്കുമ്പോൾ, അന്നത്തെ ഈ ഐഡന്റിറ്റി കാർഡ് ഉണ്ടല്ലോ, കോളേജിലെ, അത് എന്റെ അടുത്ത് നിന്ന് വീണു പോയി. അങ്ങനെ എന്റെ അടുത്ത് നിന്ന് വീണു പോയ ഐഡന്റിറ്റി കാർഡ് ഒരുത്തന്റെ കൈയിൽ കിട്ടി. അവൻ എന്റെ പേര് നോക്കിയപ്പോൾ മുഹമ്മദ് കുട്ടി എന്നാണ്. അപ്പൊ അവൻ "നിന്റെ പേര് മമ്മൂട്ടിന്നാണ്?" എന്നു ചോദിച്ചു. അങ്ങനെ എന്റെ പേര് മമ്മൂട്ടി എന്നായതാണ്," ഒരു നിറഞ്ഞ ചിരിയോടെ മലയാളത്തിന്റെ മെഗാസ്റ്റാർ വെളിപ്പെടുത്തി. പിന്നീട് കോളേജിൽ നാടകങ്ങളിലും മറ്റും സജീവമായപ്പോഴും, പിന്നീട് സിനിമയിൽ എത്തിയപ്പോഴും, എന്ത് കോണ്ടോ, മമ്മൂട്ടി എന്ന പേര് അദ്ദേഹം വിട്ടുകളഞ്ഞില്ല.
എന്നാൽ മമ്മൂട്ടിയുടെ പേരിന്റെ കഥ അവിടെ തീർന്നില്ല. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാലത്ത്, മെഗാസ്റ്റാറിന്റെ മമ്മൂട്ടി എന്ന പേര് ചില സംവിധായകർക്ക് രസിച്ചിരുന്നില്ല. അന്ന് ചിലർ അദ്ദേഹത്തോട് കുറച്ചുകൂടി സ്റ്റൈൽ ഉള്ളൊരു പേര് കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, മറ്റു ചിലർ 'സജിൻ' എന്ന പേര് മമ്മൂട്ടിക്ക് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, തന്റെ രൂപത്തിനും വ്യക്തിത്വത്തിനും ഇണങ്ങുന്ന പേര് മമ്മൂട്ടി തന്നെയാണെന്ന് ബോധ്യമുണ്ടായിരുന്ന സൂപ്പർ താരം അതൊന്നും ചെവിക്കൊണ്ടില്ല. അദ്ധേഹത്തിന്റെ വിശ്വാസം പോലെ തന്നെ മലയാള സിനിമ ചരിതത്തിന്റെ ഏടുകളിൽ ആ പേര് കുറിക്കപ്പെട്ടു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://x.com/MKampanyOffl, https://x.com/MammoottyFC369 എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications