അതില്ലെങ്കിൽ ഞാൻ നടനാകില്ല; ഞാൻ നടനായില്ലെങ്കിൽ സിനിമയ്ക്ക് തീപിടിക്കുമെന്ന് ഒരിക്കെ പറഞ്ഞിട്ടുണ്ട്: മമ്മൂട്ടി
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
കണ്ണൂർ സ്‌ക്വാഡാണ് മമ്മൂട്ടിയുടേതായി റിലീസിന് എത്തുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടനിപ്പോൾ. അതിനിടെ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ മോഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. കുട്ടിക്കാലം മുതൽ തനിക്ക് സിനിമയോടുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും നടനാകാനായി നടന്നിരുന്ന കാലത്തെ കുറിച്ചുമൊക്കെ മമ്മൂട്ടി മുൻപ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു കാലത്ത് താൻ സിനിമാ നടനയിലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കുമെന്ന് വരെ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് മമ്മൂട്ടി.

'ഞാനൊരു അഭിനയ പ്രാന്തനാണ്. സിനിമാ പ്രാന്തനുമാണ്. ഇന്നല്ല, പണ്ട് മുതലേ തുടങ്ങിയതാണ്. അതില്ലെങ്കിൽ ഞാൻ സിനിമ നടാനാകില്ല. ഞാൻ നടനായില്ലെങ്കിൽ സിനിമയ്ക്ക് തീപിടിക്കുമെന്ന് ഞാൻ ഒരിക്കെ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് എന്നെ നടനാക്കിയെ ഒക്കുകയുള്ളു. അത്രത്തോളം ഞാൻ ഇത് മോഹിച്ചതാണ്. എന്നെ തട്ടിക്കളയാൻ സിനിമയ്ക്ക് പറ്റില്ല, അത്രത്തോളം മോഹിച്ചതാണ്. എന്നെ പോലെ മോഹിക്കുന്ന ഒത്തിരി പിള്ളേരുണ്ട്. അവർ വരും. അവരുടെ അവസരം വരുമ്പോൾ അവർ വരും', മമ്മൂട്ടി പറഞ്ഞു.
എന്നാൽ വെറുതെ മോഹിച്ചിട്ട് കാര്യമില്ലെന്ന് കൂടെ ഉണ്ടായിരുന്ന വിജരാഘവൻ കൂട്ടിച്ചേർത്തു. 'വെറുതെ മോഹിച്ചിട്ട് കാര്യമില്ല. അധ്വാനിക്കണം. ഇപ്പോൾ എല്ലാവരുടെയും വിചാരം സിനിമയിൽ അഭിനയിക്കാമെന്നാണ്. എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. വീട്ടിൽ ചെല്ലുമ്പോൾ മക്കളും മക്കളുടെ മക്കളുമെല്ലാം പറയും. പഠിക്കാൻ പോകാൻ വയ്യ, എസ്റ്റേറ്റിന്റെ കാര്യം നോക്കാൻ പറഞ്ഞാൽ അതിനും വയ്യ. ജോലിക്ക് പോകാൻ പറഞ്ഞാൽ അതും ചെയ്യില്ല. ഒന്ന് സിനിമയിൽ കോണ്ടാക്ക് എന്നാണ് പറയുക', വിജയരാഘവൻ പറയുന്നു.
'ഒരു ക്വാളിഫിക്കേഷനും വേണ്ടാത്ത പരിപാടിയാണെന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ അങ്ങനെ സിനിമയിൽ വന്നത് കൊണ്ടൊന്നും ആർക്കും ഒന്നും ആകാൻ കഴിയില്ല. ചിലപ്പോൾ ഒന്ന് രണ്ടു സിനിമകളിൽ അഭിനയിക്കാം. അല്ലാതെ ഒരു അഭിനേതാവായി നിൽക്കണമെങ്കിൽ അതിന് നല്ല അധ്വാനവും ശ്രമവും ആവശ്യമാണ്', വിജയരാഘവൻ പറഞ്ഞു.
അഭിനയം എളുപ്പമല്ല. അഭിനയിക്കുമ്പോൾ ശരീരത്തിലും മനസിലുമെല്ലാം സാധാരണ ആളുകളിൽ സംഭവിക്കാത്ത പലതും നമ്മളിൽ സംഭവിക്കുന്നുണ്ട്. ബിപിയൊക്കെ കൂടും. ദേഷ്യം വരുമ്പോൾ രോമം എഴുന്നേൽക്കും, വിയർക്കും, ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ട് തന്നെ 25 വർഷമായി. അതിന്റെ ആവശ്യം പോലും വരാറില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഇപ്പോഴും ഓരോ ഷോട്ട് എടുക്കുമ്പോഴും തനിക്ക് പേടി ആണെന്നും മമ്മൂട്ടി പറഞ്ഞു.

താൻ സിനിമകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നും മമ്മൂട്ടി വെളിപ്പെടുത്തി. സംവിധായകനാണ് കഥ പറയേണ്ടത്. സംവിധായകൻ കഥ പറയുമ്പോൾ നമുക്ക് അറിയാം. ഇയാളുടെ മനസിലെ സിനിമ. ഇയാളുടെ മനസ്സിൽ ആ സിനിമ ഉണ്ടാകും. അയാൾ കാണുന്ന ആ സിനിമ നമുക്ക് ഇഷ്ടപ്പെട്ടാൽ ചെയ്യാം. അങ്ങനെയാണ് ഇപ്പോഴത്തെ സിനിമകൾ തിരഞ്ഞെടുക്കുന്നത്. അത് എപ്പോഴും ശരിയാകണമെന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിൽ ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ്, ശബരീഷ്, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications