അഭിനയസിദ്ധി കൊണ്ട് അത്ഭുതപ്പെടുത്തിയ ലാല്‍ ഇനി...; ലാലിന് ആശംസകളുമായി ഇച്ചാക്ക
അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക് കടന്ന നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പ്രവേശിക്കുകയാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ മഹാ നടന്‍ സംവിധാനത്തില്‍ അരങ്ങേറുകയാണ്. ബറോസ് എന്ന ത്രീ ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നത്. വലിയ ബജറ്റിലൊരുക്കുന്ന ബറോസിനായി നാളുകളായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.
നാളെയാണ് ബറോസിന്റെ റിലീസ്. ഇതിനിടെ ഇപ്പോഴിതാ മോഹന്‍ലാലിനും ബറോസിനും ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി മോഹന്‍ലാലിന് ആശംസ നേര്‍ന്നിരിക്കുന്നത്. ഇക്കാലമത്രയും മോഹന്‍ലാല്‍ നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്നാണ് മമ്മൂട്ടി പറയുന്നത്.

''ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് 'ബറോസ് '. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു പ്രാര്‍ത്ഥനകളോടെ സസ്‌നേഹം
സ്വന്തം മമ്മൂട്ടി.'' എന്നാണ് മോഹന്‍ലാലിന് ആശംസ നേര്‍ന്നുകൊണ്ട് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
ജീജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് തീയേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തുന്ന സിനിമ മലയാള സിനിമയിലൊരു ദൃശ്യ വിസ്മയം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മലയാളത്തിന് പുറമെ വിദേശത്തു നിന്നുള്ള നിരവധി പേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന കഥയാണ് സിനിമയുടേതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിച്ചത്. നിധി കാക്കുന്ന ഭൂതവും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഭൂതമായിട്ടാണ് എത്തുന്നത്.


Click it and Unblock the Notifications