അമ്മയെ പോലെ തന്നെ മകളും, നായികയായി വരുമോ? നടി ലയയോട് ആരാധകർ, കുടുംബത്തോടൊപ്പമുള്ള ചിത്രം വൈറൽ
തൊമ്മനും മക്കളും, ഉടയോൻ തുടങ്ങിയ സിനിമകളിൽ നായികയായ ലയ ഗോർട്ടിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്
ഒരുകാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു ലയ ഗോർട്ടി. തെലുങ്കിലൂടെ സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ലയ മലയാളം, തമിഴ്, കന്നഡ, തുടങ്ങിയ ഭാഷകളിൽ എല്ലാം നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ലയ അഭിനയിച്ചതെങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ താരങ്ങളോടൊപ്പം ആയിരുന്നത് കൊണ്ട് തന്നെ താരം ശ്രദ്ധ നേടിയിരുന്നു.
ആലിസ് ഇൻ വേണ്ടെൻലാന്റ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ലയ മമ്മൂട്ടി നായകനായ തൊമ്മനും മക്കളിലും മോഹൻലാലിന്റെ ഉടയോനിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 2006 ൽ പുറത്തിറങ്ങിയ രാഷ്ട്രം ആയിരുന്നു അവസാന മലയാള ചിത്രം. തൊമ്മനും മക്കളും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നിരവധി മലയാളത്തിൽ ആരാധകരെ ലയ സ്വന്തമാക്കിയിരുന്നു.

നടി എന്നതിലുപരി മികച്ച കുച്ചിപ്പുടി നര്‍ത്തകി കൂടിയായിരുന്നു ലയ. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താരം. ഇടയ്ക്ക് രണ്ടു തെലുങ്ക് ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നെങ്കിലും പിന്നീട് താരത്തെ ബിഗ് സ്‌ക്രീനിൽ കണ്ടിരുന്നില്ല. 2006 ൽ ആണ് ലയ വിവാഹിതയായത്. അമേരിക്കയിൽ ഡോക്ടറായ ഗണേശ് ഗോര്‍ട്ടിയെ ആണ് നടി വിവാഹം ചെയ്തത്.
വിവാഹത്തിന് ശേഷം അഭിനയം വിട്ട നടി കുടുംബത്തോടൊപ്പം ലോസ് ഏഞ്ചന്‍സിലാണ് ഇപ്പോൾ താമസം. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിങ്ങനെ രണ്ടു മക്കളും താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് തന്റെ വിശേഷങ്ങളും റീലുകളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അടുത്തിടെ ലയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ഒരു ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വാലന്റൈൻസ് ഡേ ദിനത്തിൽ ആയിരുന്നു നടിയുടെ പോസ്റ്റ്. ഏറെ നാളുകൾക്ക് ശേഷമായിരുന്നു നടി തന്റെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ മകളെ കുറിച്ചുള്ള കമന്റുകൾ ആയിരുന്നു ഏറെയും.

അമ്മയെ പോലെ തന്നെയുണ്ട് മകളും. സഹോദരിയെ പോലെ ഇരിക്കുന്നു. കാഴ്ചയിൽ ഇരട്ട സഹോദരി പോലുണ്ട്. മകളും സിനിമയിലേക്ക് വരുമോ എന്നൊക്കെ ആയിരുന്നു ആരാധകരുടെ കമന്റുകൾ. പ്രിയപ്പെട്ട നായികയുടെ മകളെ സിനിമയിൽ കാണാനുള്ള ആഗ്രഹം ഒരുപാട് പേർ പങ്കുവച്ചിരുന്നു. എന്നാൽ അതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി.

ലയയുടെ മകൾ സ്ലോക ഗോര്‍ട്ടി ബാലതാരമായി ഇതിനകം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അമർ അകബര് ആന്തണി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരപുത്രി അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ മകളുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് ലയയും മനസ് തുറന്നിരുന്നു. അവൾ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. സ്ലോക വളരെ സുന്ദരിയാണ്. ബിഗ് സ്‌ക്രീനിൽ അവളെ നായികയായി കാണാമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.

അവൾ അമർ അക്ബർ ആന്റണി സിനിമയിൽ ബാല താരമായി അഭിനയിച്ചിരുന്നു. പക്ഷെ മകൾക്ക് അവസരം നൽകാൻ ഞാൻ ആരോടും ആവശ്യപ്പെടില്ല. കൂടാതെ, സിനിമയിലേക്ക് പോകാൻ അവളെ നിർബന്ധിക്കുകയുമില്ല. അവൾക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമാണ് ലയ പറഞ്ഞത്.
അതേസമയം, ഭർത്താവ് അനുവദിക്കാഞ്ഞിട്ടല്ല താൻ സിനിമയിൽ അഭിനയിക്കാത്തതെന്നും ലയ പറയുന്നുണ്ട്. അമേരിക്കയിൽ ഐടി മേഖലയിൽ ജോലി ചെയ്തിട്ടുള്ള ലയ, സിനിമ തന്റെ പാഷൻ ആണെന്നും പറയുന്നുണ്ട്.


Click it and Unblock the Notifications











