'50 രൂപ മാത്രം കിട്ടിയിരുന്ന മമ്മൂട്ടിയ്ക്ക് കിട്ടിയ പ്രതിഫലം, കണ്ണ് തള്ളിപ്പോയി'; ഓർമ്മയിലൂടെ ശ്രീനിവാസന്‍
മലയാള സിനിമയുടെ താരരാജാവാണ് മമ്മൂട്ടി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഉമ്മറത്ത് ഒരു കസേരയുമിട്ട് അദ്ദേഹം ഇരിപ്പുണ്ട്. കാലത്തിനൊപ്പം തന്നിലെ നടനേയും താരത്തേയും പുതു്ക്കി പണിതുകൊണ്ട് മുന്നോട്ട് പോവുകയാണ് മമ്മൂട്ടി. തനിക്കൊപ്പം മലയാള സിനിമയേയും മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
തന്റെ കരിയറില്‍ ഒരിടം കണ്ടെത്താന്‍ മമ്മൂട്ടിയ്ക്ക് കുറേ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ കൈരളി ടിവിയിലെ ഒരു പരിപാടിയില്‍ വച്ച് മമ്മൂട്ടി മേള എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും മമ്മൂട്ടിയുടെ തുടക്കകാലത്തെക്കുറിച്ചുമൊക്കെ നടന്‍ ശ്രീനിവാസന്‍ സംസാരിച്ചിരുന്നു. കെജി ജോര്‍ജ് ഒരുക്കിയ മേള മമ്മൂട്ടിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.

ശ്രീനിവാസന്റെ വാക്കുകള്‍:
ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്‍ പ്രഭാകരന്‍ സാറും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കെജി ജോര്‍ജ് ആണ് സംവിധായകന്‍. എന്റെ നാട്ടുകാരനായ ശ്രീധരന്‍ ചെമ്പാടിന്റേതാണ് കഥ. പ്രഭാകരന്‍ സാര്‍ നിര്‍മ്മാതാവ് ആയതിനാല്‍ ആ സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ ഞാനും ഉണ്ടായിരുന്നു. എന്നു വച്ചാല്‍ കഥ തിരക്കഥയാകുന്ന ഘട്ടം മുതല്‍. കഥ എങ്ങനെ തിരക്കഥയാകുന്നത് എങ്ങനെ എന്നതിന്റെ പ്രാരംഭ വിദ്യാഭ്യാസം ഞാന്‍ നേടുന്നത് അവിടെ നിന്നുമാണ്.
ഒരു സര്‍ക്കസ് കഥയായിരുന്നു. നായകന്‍ കുള്ളനാണ്. സര്‍ക്കസിലെ കോമാളി. ഉപനായകന്‍ മോട്ടോര്‍ ബൈക്ക് ജമ്പ് ചെയ്യിക്കുന്ന ആളാണ്. ആ റോള്‍ ചെയ്യാന്‍ സ്മാര്‍ട്ട് ആയിട്ടുള്ള, കാണാന്‍ സൗന്ദര്യമുള്ള ഒരാള്‍ വേണം. എറണാകുളത്ത് മമ്മൂട്ടി എന്ന് പറയുന്ന ഒരാളുണ്ടെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം വക്കീലാണ്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളുടെ ക്യാമറാമാന്‍ രാമചന്ദ്ര ബാബുവും അവിടെ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹവും അതിനെ പിന്തുണച്ചു. ആ ചിത്രമാണ് മേള.
ഞങ്ങളുടെ നാട്ടിലും എറണാകുളത്തുമൊക്കെ വച്ചാണ് ചിത്രീകരണം നടക്കുന്നത്. എറണാകുളത്ത് വച്ച് മമ്മൂട്ടി ജോര്‍ജ് സാറിനെ കണ്ടു. മമ്മൂട്ടി ആ വേഷം അഭിനയിക്കുകയും ചെയ്തു. മേളയുടെ ഡബ്ബിംഗ് മദിരാശിയില്‍ വച്ചായിരുന്നു. മമ്മൂട്ടി വരികയും ഡബ്ബിംഗ് ചെയ്യുകയും ചെയ്തു. തിരിച്ചു പോകാന്‍ നേരം സെന്‍ട്രല്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വച്ച് പ്രഭാകരന്‍ സാര്‍ എന്നെ ഏല്‍പ്പിച്ച മമ്മൂട്ടിയുടെ പ്രതിഫല തുക ഞാന്‍ മമ്മൂട്ടിയ്ക്ക് കൊടുത്തു. 800 രൂപ. മമ്മൂട്ടിയുടെ കണ്ണു തള്ളിപ്പോയി.

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു. 800 രൂപ കണ്ടാല്‍ കള്ള് തള്ളിപ്പോകുന്നതില്‍ അത്ഭുതമില്ല. ഈ രൂപ കൊണ്ട് ഞാന്‍ എറണാകുളത്ത് ഒരു വിലസ് വിലസുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എറണാകുളത്തെ വക്കീല്‍ പണിയില്‍ നിന്നും അദ്ദേഹത്തിന് കാര്യമായെന്നും കിട്ടുന്നില്ലെന്ന് എനിക്ക് മനസിലായി. മേള റിലീസ് ചെയ്തു. വന്‍ വിജയമൊന്നും ആയില്ലെങ്കിലും മമ്മൂട്ടി എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. തുടരെ തുടരെ നല്ല വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു. പടയോട്ടം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്തതോടെ മമ്മൂട്ടിയുടെ മൂല്യവും ഉയര്‍ന്നു.
മേളയില്‍ ചാന്‍സ് വാങ്ങിച്ചു കൊടുത്ത ആളെന്ന നിലയില്‍ മമ്മൂട്ടി എന്നോട് പ്രത്യേക മമതയും കാണിച്ചു തുടങ്ങി. പക്ഷെ എനിക്കറിയാം മമ്മൂട്ടിയ്ക്ക് വേണ്ടിയല്ല, മേള എന്ന സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടിയുടെ പേര് ഞാന്‍ പറഞ്ഞതെന്ന്. മമ്മൂട്ടിയുടെ വളര്‍ച്ചയില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഒരാളുടെ വളര്‍ച്ചയും തളര്‍ച്ചയും അയാളുടെ പ്രവര്‍ത്തനത്തേയും കഴിവിനേയുമാണ് ആശ്രയിച്ചിരിക്കുന്നത്. അഭിനയിക്കാനുള്ള കഴിവില്ലെങ്കില്‍ ബില്‍ ക്ലിന്റണ്‍ റെക്കമന്റ് ചെയ്താലും ഒരാള്‍ നടനാകാന്‍ പോകുന്നില്ല.


Click it and Unblock the Notifications