എനിക്ക് സുഖമില്ല, നാട്ടില്‍ ഇല്ലെന്നൊക്കെ പറഞ്ഞ് അവസരങ്ങള്‍ നഷ്ടമാകുന്നു; ഇടവേളയെപ്പറ്റി മംമ്ത
മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമ്ത മോഹന്‍ദാസ്. രണ്ട് പതിറ്റാണ്ടോളം എത്തി നില്‍ക്കുന്ന തന്റെ കരിയറില്‍ മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകൡും മംമ്ത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണ് മംമ്ത. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ.
തന്റെ തമിഴ് സിനിമയില്‍ നിന്നുള്ള ഇടവേളയെക്കുറിച്ചുള്ള മംമ്തയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖമാണെന്ന് കരുതിയാണ് പല തമിഴ് സിനിമകളും തന്നിലേക്ക് എത്താതെ പോകുന്നതെന്നാണ് മംമ്ത പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്ത മനസ് തുറന്നത്. എനിമി എന്ന ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത കഥാപാത്രം ചെയ്യാന്‍ എന്തുകൊണ്ട് തയ്യാറായി എന്ന് പറയുകയായിരുന്നു മംമ്ത.

ആ സമയത്ത് ഞാന്‍ തമിഴില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സമയമാണ്. എന്തിനോടെങ്കിലും ഓക്കെ പറഞ്ഞ് വന്ന് തമിഴില്‍ ഒരു സിനിമ ചെയ്യണമായിരുന്നു. അറിയപ്പെടുന്ന സംവിധായകനായിരുന്നു. ബനറും മോശമായിരുന്നില്ല. വിശാലിനൊപ്പവും മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ കഥാപാത്രം ആര്യയുടെ ഓപ്പോസിറ്റുമായിരുന്നു. പ്രേക്ഷകരോട് ഞാന്‍ ഇപ്പോഴും ഇവിടെയുണ്ട് എന്ന് പറയുകയായിരുന്നു എന്നാണ് മംമ്ത പറയുന്നത്.
ഞാന്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. തമിഴില്‍ നിന്നും എന്നെ അന്വേഷിക്കുമ്പോള്‍ അവള്‍ ഇവിടെയില്ല, അവള്‍ യുഎസിലാണ്, അവളുടെ ആരോഗ്യം മോശമാണ് എന്നൊക്കെയാണ് കേള്‍ക്കുന്നതെന്ന്. ഞാന്‍ തൊട്ടപ്പുറത്തെ സംസ്ഥാനത്തുണ്ടാകും. നോണ്‍ സ്‌റ്റോപ്പ് ആയി ഷൂട്ട് ചെയ്യുകയായിരിക്കും. കുറച്ചെങ്കിലും റിസര്‍ച്ച് ചെയ്യണ്ടേ. ഞാനും അമ്മയുമാണ് എല്ലാം ചെയ്യുന്നത് ഇത്രയും വര്‍ഷമായിട്ടും. എന്നെ പ്രതിനിധീകരിക്കാന്‍ ആരുമില്ല. ഇപ്പോഴാണ് എനിക്കൊരു ടീമൊക്കെയാകുന്നതെന്നും മംമ്ത പറയുന്നു.
''ആളുകള്‍ ഇപ്പോഴും കരുതുന്നത് ഞാന്‍ ഇവിടെയില്ലെന്നും എന്നിലേക്ക് എത്താന്‍ സാധിക്കില്ല എന്നുമാണ്. ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകുന്നത് ആരോഗ്യപകരമല്ല. ഡേറ്റ് ഇല്ല എന്നല്ല എന്നെക്കുറിച്ച് കേള്‍ക്കുന്നത്. കൂടുതലും കേള്‍ക്കുന്നത് അവള്‍ക്ക് സുഖമില്ല എന്നാണ്. മംമ്തയ്ക്ക് ഇപ്പോഴും സുഖമില്ല എന്നതാണ് എന്നിലേക്ക് വരുന്നതിനെ തട്ടിയകറ്റാനുള്ള എളുപ്പമാര്‍ഗ്ഗം. അയാം നോട്ട് സിക്ക്'' താരം പറയുന്നു.

ആ നരേറ്റീവ് മാറ്റേണ്ടതുണ്ട്. ഞാന്‍ ഇവിടെ തന്നെയുണ്ട്. ഞാന്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. പക്ഷെ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ചൂസിയാകാനുള്ള സമയമാണ്. എല്ലാ സിനിമകളിലും മരിക്കേണ്ടതില്ല. അങ്ങനെ ഞാന്‍ ഇവിടെ ഉണ്ടെന്ന് ആളുകളെ അറിയിക്കുക എന്നതായിരുന്നു എനിമി ചെയ്യാന്‍ കാരണം. നല്ല ടീമുമായിരുന്നു. ആളുകളെ ഒന്ന് ഓര്‍മ്മപ്പെടുത്താന്‍. അതിന് ശേഷം എന്നെ തേടി സിനിമകള്‍ വരികയും ചെയ്തുവെന്നും മംമ്ത പറയുന്നു.
അതേമസയം മലയാളത്തില്‍ ബാന്ദ്രയാണ് മംമ്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദിലീപ് നായകനായ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. തമന്നയായിരുന്നു ചിത്രത്തിലെ നായിക. വിജയ് സേതുപതി നായകനാകുന്ന മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ. നിതിലന്‍ സാമിനാഥന്‍ ആണ് സിനിമയുടെ സംവിധാനം. അനുരാഗ് കശ്യപും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications