രോഗം അറിഞ്ഞ നിമിഷത്തില്‍ അമ്മയുടെ കരച്ചില്‍ ഇന്നും ഓര്‍മയുണ്ട്, ഹൃദയം പൊട്ടിയുള്ള കരച്ചില്‍: മംമ്ത മോഹന്‍ദാസ്
മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളിയ മാറിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ഓണ്‍ സ്‌ക്രീനില്‍ തന്റെ അഭിനയത്തിലൂടെ മനസില്‍ ഇടം നേടിയ മംമ്ത ഓഫ് സ്‌ക്രീനില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു പോരാളിയാണ്. ക്യാന്‍സര്‍ രോഗത്തെ തന്റെ മനക്കരുത്തു കൊണ്ട് അതിജീവിച്ചയാളാണ് മംമ്ത. ഇപ്പോഴിതാ ജീവിതത്തില്‍ മറ്റൊരു രോഗാവസ്ഥയെ നേരിടുകയാണ് മംമ്ത.
അതേസമയം തന്റെ അമ്മയെക്കുറിച്ചുള്ള മംമ്തയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്. തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണെന്നാണ് മംമ്ത പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ക്യൂട്ടാണ് എന്റെ മമ്മി. എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഗംഗയുടേയും മോഹന്റേയും മകളാണ് എന്നതാണ് എന്റെ വലിയ വിലാസം എന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. ഏതുകാര്യത്തിലും അമ്മയുടെ അനുവാദം കിട്ടാന്‍ പ്രയാസമാണെന്നും മംമ്ത പറയുന്നു. താന്‍ പങ്കുവച്ച അമ്മയോടൊപ്പമുള്ള ചിത്രത്തക്കെുറിച്ചും അഭിമുഖത്തില്‍ മംമ്ത സംസാരിക്കുന്നുണ്ട്.

ഫോട്ടോയില്‍ കാണുന്ന ചിരി സുന്ദരമാണ്. പക്ഷെ അമ്മയുടെ റോളില്‍ ആള്‍ ഹിറ്റ്‌ലറാണെന്നാണ് മംമ്ത പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാര്‍ക്കു കുറയുമോ എന്നോര്‍ത്ത് പേടിച്ച് എനിക്ക് പനി വന്നിട്ടുണ്ടെന്നും താരം ഓര്‍ക്കുന്നു. എല്ലാ പെണ്‍കുട്ടികളേയും പോലെ ടീനേജ് കാലത്ത് അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ ശത്രുവെന്നും മംമ്ത പറയുന്നു. പക്ഷെ അന്നത്തെ വിഡ്ഢിത്തത്തെക്കുറിച്ച് ഓര്‍ത്ത് പിന്നെ ഒരുപാട് സങ്കടം തോന്നിയെന്നും താരം പറയുന്നു.

ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷത്തില്‍ അമ്മയുടെ കരച്ചില്‍ ഇന്നും ഓര്‍മ്മയുണ്ട്. ഹൃദയം പൊട്ടിയുള്ള കരച്ചിലായിരുന്നുവെന്നാണ് മംമ്ത പറയുന്നത്. അമ്മയെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, നമുക്ക് നോക്കാം ശരിയാകും എല്ലാം. പിന്നെ അങ്ങോട്ട് ഇന്നും ഞാന്‍ അമ്മയേയും അച്ഛേയും ആശ്വസിപ്പിക്കുകയാണ്. എന്റെ എനര്‍ജിയാണ് അവരുടെ കരുത്ത്. ഞാന്‍ തളര്‍ന്നാല്‍ വീടു മുഴുവന്‍ ഇരുട്ടിലായി പോവുമെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്.
തന്റെ ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നത്തെക്കുറിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് മനസ് തുറക്കുന്നുണ്ട്. മഹേഷും മാരുതിയും എന്ന സിനിമയുടെ ചിത്രീകരണം നടക്കവെയാണ് ശരീരത്തിലെ വെള്ള കുത്തുകള്‍ കാണുന്നതെന്നാണ് മംമ്ത പറയുന്നത്. പിന്നീടത് വലുതായി കഴുത്തിലേക്കും, മുഖത്തേക്കും കൈപ്പത്തിയിലേക്കും പടര്‍ന്നുവെന്നാണ് താരം പറയുന്നത്.

ഇടക്ക് മരുന്നുകള്‍ മാറ്റി നോക്കിയിരുന്നു. എന്നാല്‍ ഇന്റേണല്‍ ഇന്‍ഫ്ളമേഷന്‍ ഉണ്ടായി. ശ്വാസകോശത്തിന് കുഴപ്പങ്ങള്‍ ഉണ്ടായത് നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യസം വലുതായി വരാന്‍ തുടങ്ങിയെന്നാണ് മംമ്ത പറയുന്നത്. ക്യാന്‍സറിനെ കരുത്തോടെ നേരിട്ട തനിക്ക് ഈ അവസ്ഥ വന്നപ്പോള്‍ അതിന് സാധിച്ചില്ലെന്നും താന്‍ ഇരുട്ടിലേക്ക് വീണു പോയെന്നുമാണ് മംമ്ത പറയുന്നത്. ഇതോടെ താരം ലോസ് ആഞ്ചല്‍സിലേക്ക് തിരികെ പോവുകയായിരുന്നു.

പിന്നീട് മംമ്ത ചികിത്സയ്ക്ക് ശേഷം സ്ട്രോങ്ങായിട്ടാണ് തിരികെ എത്തുന്നത്ത്. എന്നാല്‍ ഒരു ദിവസം കാറുമായി പെട്രോള്‍ അടിക്കാന്‍ കയറിയപ്പോള്‍ അയ്യോ മാഡം എന്ത് പറ്റി, മുഖത്തിനും കഴുത്തിനും, ആക്സിഡന്റ് ആയോ എന്നൊരു ചോദ്യം നേരിടേണ്ടതായി വന്നുവെന്നും അത് തന്നെ വീണ്ടും തളര്‍ത്തിയെന്നും മംമ്ത പറയുന്നു. എന്നാല്‍ ഇങ്ങനെ ഒളിച്ചിരിക്കുന്നത് എന്നെയങ്ങ് ഇല്ലാതാക്കുമെന്ന് എനിക്ക് മനസിലായെന്നും താരം പറയുന്നു. സ്‌ട്രെസ് കൂടിയാല്‍ രോഗവും കൂടും. അങ്ങനെയാണ് ഒരു അതിരപ്പിള്ളി ട്രിപ്പിനിടയില്‍ നിങ്ങള്‍ ഇന്‍സ്റ്റയില്‍ കാണുന്ന ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്.


Click it and Unblock the Notifications