അവരോടുള്ള നന്ദിയാണ് എന്റെ പേര്! തോമസ് ജെയിംസ് എന്ന 'ഇടിവെട്ട് പേര്' മാറ്റിയത് എന്തിനെന്ന് താരം
മലയാളികള്‍ക്ക് സുപരിചിതനാണ് മണിക്കുട്ടന്‍. ടെലിവിഷനിലൂടെയാണ് മണിക്കുട്ടന്‍ ശ്രദ്ധ നേടുന്നത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് മണിക്കുട്ടന്‍ കരിയര്‍ ആരംഭിക്കുന്നത്. പരമ്പരയും മണിക്കുട്ടന്റെ പ്രകടനവും ഐക്കോണിക് ആയി മാറി. ഇന്നും ആരാധകര്‍ ആ പ്രകടനം ഓര്‍ത്തിരിക്കുന്നു. അന്നും ഇന്നും മണിക്കുട്ടന്‍ ഞങ്ങള്‍ക്ക് കായംകുളം കൊച്ചുണ്ണിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ടെലിവിഷനിലൂടെ തേടിയ താരപരിവേഷമാണ് മണിക്കുട്ടനെ സിനിമയിലെത്തിക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആയിരുന്നു ആദ്യ സിനിമ. ഹണി റോസ് ആയിരുന്നു ചിത്രത്തിലെ നായിക. സിനിമ വലിയ വിജയം നേടി. പിന്നീട് മണിക്കുട്ടനെ തേടി നിരവധി സിനിമകളെത്തി. നായകനായും വില്ലനായും സഹനടനായുമെല്ലാം മണിക്കുട്ടന്‍ കയ്യടി നേടിയിട്ടുണ്ട്. ഇതിനിടെ ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായി മാറാനും മണിക്കുട്ടന് സാധിച്ചു.

പൊതുവെ ബിഗ് ബോസില്‍ വിന്നറാകുന്നവര്‍ക്ക് പോലും കടുത്ത ഹേറ്റ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മണിക്കുട്ടന്‍ അകത്തും പുറത്തും പോസിറ്റീവ് അഭിപ്രായം നേടിയ ബിഗ് ബോസ് വിന്നര്‍ ആണ്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല നിമിഷങ്ങള്‍ ബിഗ് ബോസിലൂടെ സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട് മണിക്കുട്ടന്. പിന്നീടുള്ള സീസണുകളിലെ താരങ്ങളുടെ പ്രകടനങ്ങളെ മണിക്കുട്ടനോട് താരതമ്യം ചെയ്യുന്നതും പതിവായി മാറിയിട്ടുണ്ട്.
അതേസമയം മണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് തോമസ് ജെയിംസ് എന്നാണ്. പലരും ബിഗ് ബോസിലൂടെയാണ് ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. തോമസ് ജെയിംസ് എന്ന ഇടിവെട്ട് പേര് ഉപേക്ഷിച്ച് ഇദ്ദേഹം സ്വീകരിച്ച പേരാണ് മണിക്കുട്ടന്‍ എന്നായിരുന്നു മിക്ക ട്രോളുകളിലും പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് മണിക്കുട്ടന്‍.അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സില്‍ വച്ചാണ് മണിക്കുട്ടന്‍ തന്റെ പേരിന് പിന്നിലെ കഥ പറയുന്നത്.
''ഞാന്‍ പലയിട്ടത്തും പറഞ്ഞിട്ടുണ്ട്. പലരും ചോദിച്ചിട്ടുണ്ട് പേര് മറയ്ക്കാന്‍ വേണ്ടിയാണോ എന്ന്. അങ്ങനെയൊന്നുമല്ല. മണിക്കുട്ടന്‍ എന്നത് എന്റെ പേര് തന്നെയാണ്. പപ്പ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചതൊക്കെ. അവിടെയുള്ള ആന്റിയുടെ പേരാണ് മണി. എന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയും മറ്റ് ഒരുപാട് കാര്യങ്ങള്‍ക്ക് വേണ്ടിയും മണിയാന്റി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് മുമ്പ് എന്റെ കുടുംബത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.'' മണിക്കുട്ടന്‍ പറയുന്നു.

''അതിനാല്‍ മകന്‍ ജനിച്ചപ്പോള്‍ അവരോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് മണിക്കുട്ടന്‍ എന്ന പേരിടുന്നത്. ഇന്ന് പലരും മണിക്കുട്ടന്‍ എന്ന പേര് മാറ്റിക്കൂടേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. നാളെ നമ്മുടെ നാട്ടില്‍ മതത്തിനൊക്കെ അപ്പുറത്ത് സ്‌നേഹവും പരസ്പര സഹായത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നൊരു കാലം വരും. അന്ന് മണിക്കുട്ടന്‍ എന്ന പേരും ചര്‍ച്ച ചെയ്യപ്പെടും. ആ നന്ദിയ്ക്ക് വേണ്ടിയാണ് ഞാന്‍ മണിക്കുട്ടന്‍ എന്ന പേരിട്ടത്'' എന്നും മണിക്കുട്ടന്‍ പറയുന്നു.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'പുള്ളി ക്രിസ്ത്യാനി ആണെന്ന് പോലും ഞാനുള്‍പ്പെടെ പലര്‍ക്കും അറിയില്ല.. അറിയുകയും വേണ്ട..! മണിക്കുട്ടന്‍ ആയാലെന്ത് തോമസ് ആയാലെന്ത്, ചേട്ടന്‍ സൂപ്പറാ, നല്ല സന്ദേശം, ഇപ്പോള്‍ ഇത് കേള്‍ക്കുന്ന അവര്‍ക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ടാകും' എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.


Click it and Unblock the Notifications











