അർജുനും മോഹൻലാലും ഒരുമിച്ചുള്ള സിനിമ; മണിയൻപിള്ള വേണ്ടെന്ന് പറഞ്ഞു: ആറാം തമ്പുരാൻ ഉണ്ടായ കഥ
1997ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ആറാം തമ്പുരാൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിക മാസ്മരിക ചിത്രം തന്നെയാണ് അത്. വർഷങ്ങൾ 27 കഴിഞ്ഞു, പക്ഷേ ഇന്നും ഈ ചിത്രം ടിവിയിൽ വന്നാൽ കാണാത്ത മലയാളികൾ ഇല്ല. ജഗന്നാദനും ആ കോവിലകവും ഉണ്ണിമായയും, നയൻസും അങ്ങനെ വന്ന് പോയ എല്ലാ കഥാപാത്രങ്ങളും തകർത്തഭിനയിച്ച ചിത്രം. എന്നാൽ ഈ ചിത്രം ഉണ്ടായതിനെ കുറിച്ച് മണിയൻപിള്ള രാജു സംസാരിക്കുന്നു.
"ഞാൻ ഒരിക്കൽ ഫ്ലൈറ്റിൽ പോകുമ്പോൾ സുരേഷ് കുമാർ തൊട്ടടുത്ത് ഉണ്ട്. ഞാൻ വെറതേ ചോദിച്ചു സുരേഷേ അടുത്ത സിനിമ ഏതാണെന്ന്? അപ്പോൾ സുരേഷ് പറഞ്ഞു അടുത്തത് കമൽ സംവിധാനം ചെയ്യുന്ന പടമാണ്. കന്നട ആക്ടർ അർജുൻ സർജയും പിന്നെ മോഹൻലാലും ഒരുമിക്കുന്ന ചിത്രം. അർജുന്റെ റെമ്യൂണറേഷൻ പറഞ്ഞു. ഇത് വർക്ക് ഔട്ട് ആവുമോ എന്ന് ഞാൻ ചോദിച്ചു."

"സത്യത്തിൽ പണ്ടൊന്നും ഒരു പരിധിയിൽ കൂടുതൽ ബഡ്ജറ്റ് താങ്ങാൻ പറ്റില്ല. ഇതൊന്നും ശരിയാവുന്ന കാര്യമല്ലല്ലോ. അതും നമ്മുടെ ഇന്റസ്ട്രിയിൽ ഇതൊന്നും നടക്കില്ല എന്ന് ഞാൻ പറഞ്ഞു. ഞാനൊരു കഥ കേട്ടു. രഞ്ജിത്ത് എന്റടുത്ത് പറഞ്ഞതാണ്. അത് മോഹൻലാലിനെ വെച്ച് എടുത്താൽ ഇപ്പോൾ എന്തായാലും മുടക്കു മുതൽ തിരികെ കിട്ടും എന്നു മാത്രമല്ല നല്ല സക്സസ് ഉണ്ടാക്കാനും സാധിക്കുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ സംസാരം അവസാനിപ്പിച്ച് ഞങ്ങൾ രണ്ടാളും പിരിഞ്ഞു."
"അങ്ങനെ അടുത്ത ദിവസം തന്നെ മോഹൻലാൽ എന്നെ വിളിച്ചു. അണ്ണൻ ഒരു കഥ കേട്ടു എന്നറിഞ്ഞു, ഉഗ്രനാണോ എന്ന് ചോദിച്ചു. സത്യത്തിൽ ഞാൻ കഥ മുഴുവൻ കേട്ടിട്ടില്ലായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു അതിഗംഭീരമാണെന്ന്. ആറാം തമ്പുരാൻ എന്നാണ് ആ കഥയുടെ പേര് എന്നൊക്കെ പറഞ്ഞു. അങ്ങനെ ഇതെല്ലാം കഴിഞ്ഞ് സുരേഷ്കുമാർ എന്നെ വിളിച്ച് ചോദിച്ച് ഇനിയെന്ത് ചെയ്യണം എന്ന്. ഞാൻ പറഞ്ഞു ഷാജി കൈലാസിനും രഞ്ജിത്തിനും അഡ്വാൻസ് കൊടുക്കാൻ പറഞ്ഞു. അന്ന് തന്നെ ഇവരെ നേരിട്ട് കണ്ട് രണ്ട് പേർക്കും അഡ്വാൻസ് കൊടുത്തു."

"അങ്ങനെയാണ് ആ സിനിമ നടക്കുന്നത്. അത് സുരേഷ്കുമാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് ആറാം തമ്പുരാൻ. എനിക്കും അതിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായി." മണിയ പിള്ള രാജു സില്ലി മോങ്ക്സ ചാനലിലൂടെ സംസാരിക്കുകയായിരുന്നു. പാലക്കാടിന്റെ വശ്യ സൗന്ദര്യവും പിന്നെ മനോഹരമായ പാട്ടുകളും ചിത്രത്തിന്റെ മറ്റൊരു ഭംഗിയായിരുന്നു. ഒരു പക്കാ തമ്പുരാനായി മോഹൻലാൽ പരകായ പ്രവേശം നടത്തിയ ചിത്രം.
സ്ഥിരമായി സുരേഷ് ഗോപിക്കൊപ്പം സിനിമ ചെയ്ത ഷാജി കൈലാസ് അതൊന്ന് മാറ്റി പിടിച്ചത് ആറാം തമ്പുരാനിൽ ആയിരുന്നു. ആദ്യമായി മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച ചിത്രം. അതിനു ശേഷം നരസിംഹം, താണ്ഢവം, നാട്ടു രാജാവ്, ബാബാ കല്യാണി, അലി ഭായ്, റെഡ് ചില്ലീസ് തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു.


Click it and Unblock the Notifications