വിവാഹത്തിന് എല്ലാവരെയും ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല; വണ്ണത്തെക്കുറിച്ച് പറഞ്ഞാൽ..!, മഞ്ജിമ പറയുന്നു
ഒരുകാലത്ത് ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് മഞ്ജിമ മോഹൻ. മലയാളത്തിലെ പ്രമുഖ സിനിമാറ്റോഗ്രാഫറായ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ, 1997 ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
വളരെ ചെറുപ്പത്തിൽ സിനിമ അരങ്ങേറ്റം നടത്തിയ നടി എട്ടോളം സിനിമകളിലാണ് ബാലതാരമായി അഭിനയിച്ചത്. അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ബാല താരമായിരുന്നു മഞ്ജിമ. പ്രിയം എന്ന സിനിമയിലെ കഥാപാത്രമാണ് മഞ്ജിമയ്ക്ക് ഏറെ ജനപ്രീതി നൽകിയത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം കൂടിയാണ് അത്.

എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ സിനിമകൾ വിട്ട് പൂർണമായും പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ. എന്നാൽ കോളേജ് പഠനം പൂർത്തിയാക്കിയതിന് പിന്നാലെ മഞ്ജിമ വീണ്ടും തിരിച്ചെത്തി. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നായിക ആയിട്ടാണ് താരം മടങ്ങി വരവ്. അഭിനയത്തിലേക്ക് വരാനുള്ള ആഗ്രഹം കൊണ്ട് വിനീത് ശ്രീനിവാസനോട് ചോദിച്ചു വാങ്ങിയ വേഷമായിരുന്നു അത്.
വടക്കൻ സെൽഫി സിനിമ ഹിറ്റായതിന് പിന്നാലെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മഞ്ജിമയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായ മഞ്ജിമ ഇതിനോടകം തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയിട്ടുണ്ട്. വടക്കൻ സെൽഫിക്ക് ശേഷം മിഖായേൽ എന്നൊരു ചിത്രം മാത്രമാണ് മഞ്ജിമ മലയാളത്തിൽ ചെയ്തത്.

അതേസമയം, കുറച്ചായി സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി. അടുത്തിടെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കും മഞ്ജിമ പ്രവേശിച്ചിരുന്നു.
നടൻ ഗൗതം കാർത്തിക്കിനെ വിവാഹം കഴിച്ച് നടി പുതു ജീവിതം ആരംഭിച്ചു. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് ഇരുവരും വിവാഹിതരായത്. ചെന്നെെയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

കരിയറില്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയിൽ ബോഡി ഷെയ്‌മിങ്ങിനും ഇരയായിട്ടുണ്ട് മഞ്ജിമ മോഹന്‍. വിവാഹ ദിവസം പോലും താരത്തിന് അത്തരം അനുഭവങ്ങളുണ്ടായിരുന്നു. വിവാഹ ശേഷം ഇതേ കുറിച്ചെല്ലാം മഞ്ജിമ തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എയിലും ഇതേ കുറിച്ച് മനസ്സു തുറക്കുകയാണ് മഞ്ജിമ മോഹൻ.

പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് മഞ്ജിമ. ഇത്തവണ ആരാധകർക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകുകയായിരുന്നു. ബോഡി ഷെമിങ് കമന്റുകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കുന്നിലെന്നാണ് മഞ്ജിമ പറഞ്ഞത്. വണ്ണം കുറയ്ക്കാൻ പറയുന്നവരോട് എന്താണ് മറുപടി നൽകാറുള്ളത് എന്ന ചോദ്യത്തിനും നടി മറുപടി നൽകുന്നുണ്ട്.
'സത്യം പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കുന്നതല്ല. പിന്നെ അവർ ഒരു ആശങ്കയോടെ പറയുന്നത് ആണെങ്കിൽ എനിക്ക് മനസിലാകും. അല്ലെങ്കിൽ ഞാൻ ഒഴിവാക്കുകയാണ് ചെയ്യുക,' എന്നാണ് മഞ്ജിമ പറഞ്ഞത്. തന്റെ വിവാഹം വളരെ സ്വകാര്യമായി നടത്താൻ എല്ലാവരെയും സമ്മതിപ്പിക്കാൻ കുറച്ചു പണിപ്പെട്ടെന്നും മഞ്ജിമ പറയുന്നുണ്ട്.

വിവാഹദിനത്തിലെ ലുക്കിന്റെ ആരാധികയാണ് എന്ന് പറഞ്ഞ ഒരു ആരാധികയ്ക്ക് മറുപടി കൊടുക്കുന്നതിനിടയിലാണ് മഞ്ജിമ ഇക്കാര്യം സൂചിപ്പിച്ചത്. 'ഒരുപാട് സ്നേഹം കാണുമ്പോൾ സന്തോഷമുണ്ട്. ഞങ്ങളുടെ വിവാഹം എങ്ങനെയാവണം എന്ന കൃത്യമായ ധാരണ ഞങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ എല്ലാവരെയും ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല. എല്ലാവർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അവസാനം ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ ചെയ്തു,' എന്നാണ് മഞ്ജിമ പറഞ്ഞത്.


Click it and Unblock the Notifications