ഈ കൈ വിടില്ലെന്ന് മഞ്ജിമ; ഞാൻ എത്ര ഭാഗ്യവാനാണെന്ന് ലോകത്തെ കാണിക്കാനുള്ള ഒരേയൊരു മാർഗമാണെന്ന് ഗൗതം കാർത്തിക്!
തമിഴകത്തിന് പ്രിയപ്പെട്ട താരദമ്പതികളാണ് മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും. ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മഞ്ജിമ. എന്നാൽ മഞ്ജിമയുടെ കരിയറിലും ജീവിതത്തിലും വഴിത്തിരിവുണ്ടാകുന്നത് തമിഴിൽ നിന്നാണ്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ 1997ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന സിനിമയിലൂടെയാണ് ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രിയം ഉൾപ്പടെയുള്ള സിനിമകളിൽ തിളങ്ങി.
അതിനുശേഷം വലിയൊരു ഇടവേളയിലേക്ക് പോയ താരം വടക്കൻ സെൽഫി എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. പിന്നീടാണ് തമിഴിൽ നിന്നടക്കം അവസരങ്ങൾ മഞ്ജിമയ്ക്ക് ലഭിക്കുന്നത്. തുടർന്ന് തമിഴിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു താരം. ഒടുവിൽ തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

ദേവരാട്ടം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഗൗതമും മഞ്ജിമയും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും മഞ്ജിമയോ ഗൗതമോ പ്രതികരിച്ചിരുന്നില്ല. വിവാഹം തീരുമാനിച്ച ശേഷം മാത്രമാണ് ഇതേപറ്റി തുറന്ന് സംസാരിക്കാൻ ഇരുവരും തയ്യാറായത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മഞ്ജിമയും ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.
വലിയ ആഘോഷമോ ആർഭാടമോ ഇല്ലാതെ കഴിഞ്ഞ വർഷം നവംബർ 28ന് ചെന്നെെയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇവർ വിവാഹിതരായത്. സിനിമയിൽ നിന്ന് ഏതാനും പേർക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. വിവാഹ ചിത്രങ്ങളൊക്കെ വൈറലായി മാറുകയുണ്ടായി. വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവച്ച് ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ പ്രിയതമന് ആശംസ നേർന്നു കൊണ്ടുള്ള മഞ്ജിമയുടെ പോസ്റ്റാണ് വൈറലായി മാറുന്നത്.
'ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്‌നര്‍, എന്റെ ശക്തിയുടെ നെടുംതൂണ്‍ നീയാണ്, എന്റെ ആത്മവിശ്വാസവും ആത്മമിത്രവും അങ്ങനെ എല്ലാം നീയാണ്. എന്നും എനിക്കൊപ്പമുണ്ടായിരുന്നതിന് നന്ദി. ഈ യാത്രയില്‍ എന്നും ഞാന്‍ നിനക്കൊപ്പമുണ്ടാവും. നിന്റെ കൈ എന്നും ഞാന്‍ മുറുകെ പിടിക്കും, ഒരിക്കലും വിടാതെ. ഇതെന്റെ ഉറപ്പാണ്. ഒരുപാട് സ്‌നേഹം', മഞ്ജിമ കുറിച്ചു.
ജീവിതത്തില്‍ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് ലോകത്തെ കാണിക്കാനുള്ള ഒരേയോരു മാര്‍ഗമാണ് ഇത്. എല്ലാത്തിനും എന്നും എനിക്കൊപ്പം നില്‍ക്കുന്നതിന് ഒരുപാട് നന്ദി എന്നാണ് ഗൗതം മഞ്ജിമയുടെ പോസ്റ്റിന് താഴെ കുറിച്ചത്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്.

താന്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോവുന്ന സമയത്താണ് മഞ്ജിമയെ പരിചയപ്പെട്ടതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഗൗതം പറഞ്ഞിരുന്നു. മാനസികമായും സാമ്പത്തികമായുമൊക്കെ തകര്‍ന്ന അവസ്ഥയിലായിരുന്നു അന്ന്. ആ സമയത്താണ് ഞങ്ങളൊന്നിച്ച് സിനിമ ചെയ്തത്. മഞ്ജിമയുമായുള്ള സൗഹൃദം ജീവിതത്തിനൊരു പുത്തനുണര്‍വായിരുന്നു. ഒന്നിച്ച് യാത്രകളൊക്കെ ചെയ്യാറുണ്ടായിരുന്നു. മഞ്ജിമ കൂടെയില്ലാതെ ശരിയാവില്ലെന്ന് തിരിച്ചറിഞ്ഞ സമയത്തായിരുന്നു ഗൗതം വിവാഹത്തെക്കുറിച്ച് സംസാരിച്ചതെന്നാണ് ഗൗതം പറഞ്ഞത്.
കളിയാക്കാന്‍ വേണ്ടി തമാശയ്ക്ക് പറയുന്നതാണ് എന്നാണ് മഞ്ജിമ കരുതിയത്. വീണ്ടും ഇതേക്കുറിച്ച് തന്നെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് കാര്യം ഗൗരവമാണെന്ന് മനസിലാക്കിയത്. പിന്നീട് അധികം പ്രണയിച്ചു നടക്കാതെ വീട്ടുകാരോട് ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു താരങ്ങളെന്നും ഗൗതം പറഞ്ഞു. മഞ്ജിമ ജീവിതത്തിലേക്ക് വന്ന ശേഷം ഒരുപാട് മാറ്റങ്ങളുണ്ടായെന്നും ഗൗതം പറയുകയുണ്ടായി. കൃത്യമായി പ്ലാനിങ്ങില്ലാതെ പോയിരുന്ന കാര്യങ്ങളെല്ലാം മഞ്ജിമ മാനേജ് ചെയ്ത് തുടങ്ങി. അതോടെ മഞ്ജിമയോടുള്ള മതിപ്പ് കൂടിയതെന്നും ഗൗതം പറഞ്ഞിരുന്നു.


Click it and Unblock the Notifications