എങ്ങനെ നിറം വെക്കുമെന്ന് പെണ്‍കുട്ടികള്‍ ചോദിക്കാറുണ്ട്; ഏറ്റവും കൂടുതല്‍ കേട്ടത് നിറത്തോടുള്ള അയ്യോകള്‍!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധ നേടുന്നത്. സാധാരണക്കാരിയായി പ്രേക്ഷകരുടെ മുന്നിലേക്ക് കടന്നു വന്ന മഞ്ജു ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് മഞ്ജു പത്രോസ്.
വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. മറിമായം മുതല്‍ സുസു വരെ നീണ്ടു നില്‍ക്കുന്ന പരമ്പരകളും സിനിമകളുമുണ്ട് മഞ്ജുവിന്റെ കരിയറില്‍. ഇതിനിടെ ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയായി എത്തിയും മഞ്ജു കയ്യടി നേടിയിട്ടുണ്ട്.

അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു പത്രോസ്. സുഹൃത്തിനൊപ്പം നടത്തുന്ന ബ്ലാക്കീസ് എന്ന മഞ്ജുവിന്റെ യൂട്യൂബ് ചാനലിനും ഒരുപാട് ആരാധകരുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞും മഞ്ജു കയ്യടി നേടാറുണ്ട്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ നിറത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ച് മഞ്ജു മനസ് തുറന്നിരുന്നു.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. താന്‍ കൂട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങളാണെന്നാണ് മഞ്ജു പറയുന്നത്. ഇന്ന് തന്നോട് ധാരാളം പെണ്‍കുട്ടികള്‍ ഇതേ വേദന പങ്കുവെക്കാറുണ്ടെന്നും മഞ്ജു പറയുന്നു.
''ഞാന്‍ എന്റെ ചെറുപ്പകാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് അയ്യോ അയ്യോ അയ്യോ.. ഈ അയ്യോകളാണ്. ഞാനൊരു സ്ഥലത്ത് ചെല്ലുമ്പോള്‍ അയ്യോ പറയും. അത് എന്റെ നിറത്തെയാണ് പറയുന്നത്. ഞാന്‍ അനുഭവിച്ച വിഷമം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. കൂടുതലും പെണ്‍പിള്ളേരാണെന്നാണ് തോന്നുന്നത്. എന്നോട് പറഞ്ഞിട്ടുള്ളവര്‍ അധികവും പെണ്‍പിള്ളേരാണ്'' എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

എന്റെ ചില പോസ്റ്റുകളില്‍ എങ്ങനെ നിറം വെക്കും ചേച്ചി, എന്ത് ചെയ്യണം ചേച്ചി എന്നൊക്കെ എഴുതിയിരിക്കുന്നത് കാണാം. സിമ്പതിയ്ക്ക് വേണ്ടിയല്ല ബ്ലാക്കീസ് എന്നിട്ടത് സിമ്പതിയ്ക്ക് വേണ്ടിയിട്ടല്ല. കറുപ്പ് നിറം മനോഹരമാണ്, എനിക്കതില്‍ ആത്മവിശ്വാസമുണ്ടെന്ന് പറയാന്‍ വേണ്ടിയിട്ടാണ് ഞങ്ങളുടെ ചാനലിന് ആ പേരിട്ടത്. അതിനേയും നെഗറ്റീവായിട്ട് ചിത്രീകരിക്കുന്നവരുണ്ടെന്നും മഞ്ജു പറയുന്നു.
അതേസമയം ഈയ്യടുത്ത് പൊതുവേദിയില്‍ വച്ച് അപമാനിച്ചയാള്‍ക്ക് മറുപടി നല്‍കിയും മഞ്ജു കയ്യടി നേടിയിരുന്നു. തൃശൂരില്‍ കുടുംബശ്രീയുടെ പരിപാടിക്കെത്തിയതായിരുന്നു മഞ്ജു. വേദിയിലിരുന്ന വ്യക്തി സീരിയല്‍ താരത്തിനൊപ്പം വേദി പങ്കിടുന്നതിലെ അനിഷ്ടം അറിയിച്ചു. ഇത് കേട്ട മഞ്ജു അഭിനയം ഒരു തൊഴില്‍ മേഖലയാണെന്നും ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ആരും തല കുനിക്കേണ്ടതില്ലെന്നും മറുപടി നല്‍കി. പിന്നാലെ മഞ്ജുവിന് അഭിനന്ദനവുമായി ധാരാളം പേരാണ് സോഷ്യല്‍ മീഡിയയിലൂടെ മുന്നോട്ട് വന്നത്.
കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പുതിയ വീടിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം വീടിന്റെ പാലു കാച്ചല്‍ ചടങ്ങിന് ഭര്‍ത്താവ് സുനിച്ചനെത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ കഥകള്‍ പ്രചരിക്കാനും ഇടയാക്കി. എന്നാല്‍ തങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നാണ് അഭ്യൂഹങ്ങളോട് മഞ്ജു പറയുന്നത്.


Click it and Unblock the Notifications