'ലളിതാമ്മയ്ക്ക് ഇഷ്ടം ഉർവശിയെ ആയിരുന്നു! എന്നോടൊപ്പം അഭിനയിക്കുമ്പോൾ വാശിയാണെന്ന് പറയും': മഞ്ജു പിള്ള
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിളള. വർഷങ്ങളായി മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് നടി. കോമഡി വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് മഞ്ജു പിളള. ടെലിവിഷൻ ഷോകളിൽ ജഡ്ജായും മഞ്ജു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.
1992 ലാണ് മഞ്ജു അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് മുതൽ സിനിമകൾ ചെയ്യുന്ന താരം ഇടക്കാലത്ത് ഒരു ഇടവേളയെടുത്തിരുന്നു. എന്നാൽ ഇന്ന് ശക്തമായ കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായി മാറുകയാണ് താരം. ഹോം എന്ന സിനിമയോടെയാണ് മഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു തുറങ്ങിയത്.

നേരത്തെ മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ മഞ്ജു വലിയ സ്വീകാര്യത നേടിയിരുന്നു. ഹാസ്യ പരമ്പരയായ തട്ടീം മുട്ടീയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്തരിച്ച നടി കെപിഎസി ലളിത ആയിരുന്നു. ഇവരുടെ അമ്മായിയമ്മ മരുമകൾ കോംബോ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തതാണ്.
സ്ക്രീനിന് പുറത്തും കെപിഎസി ലളിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മഞ്ജു പിള്ള. ഇപ്പോഴിതാ, കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മഞ്ജു പിള്ള. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'ലളിതാമ്മയ്ക്ക് അഭിനയിക്കാൻ ഏറ്റവും ഇഷ്ടം ഉർവശിയുടെ കൂടെയാണെന്ന് പറഞ്ഞിട്ടുണ്ട്. ഒന്ന് കൊടുത്താൽ നൂറ് തിരിച്ചു കിട്ടുന്ന പോലെയാണ്. അത് കഴിഞ്ഞാൽ നിന്നോടൊപ്പമാണ്. നിന്റെ കൂടെ അഭിനയിക്കുമ്പോൾ എനിക്കൊരു വാശിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഒരു കലാകാരിയിൽ നിന്ന് അങ്ങനെയൊരു അഭിപ്രായം കിട്ടുക എന്നത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്,'
'അതിലുപരി ഞങ്ങൾ തമ്മിൽ ഭയങ്കരമായ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. മെന്റലി ഞങ്ങൾ തമ്മിൽ ഭയങ്കര അടുപ്പമായിരുന്നു. എന്നെ ഒരുപാട് വഴക്ക് പറയുമായിരുന്നു. സിദ്ധുവിനൊക്കെ അറിയുന്നതാണ്. അവരെ പറയുന്നത് പോലെ തന്നെ എന്നെയും പറയും. വഴക്കുണ്ടാക്കി പിണങ്ങി ഇരുന്നിട്ടൊക്കെ ഉണ്ട്. ഒരു അമ്മയെ പോലെയാണ് എന്നോട് പെരുമാറിയിരുന്നത്,'

'ഞാൻ ഇന്ന് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എന്നെ ഒരുപാട് വഴക്ക് പറയുമെങ്കിലും ഒരു ആവശ്യം വന്നാൽ ആദ്യം വിളിക്കുക എന്നെയാണ്. ഒന്ന് ഹോസ്പിറ്റലിൽ പോണമെങ്കിലോ പാർലറിൽ പോകണമെങ്കിലോ എന്നെ വിളിക്കും. സിദ്ധുവിനെ എപ്പോഴും കിട്ടില്ല. ശ്രീക്കുട്ടി ഇവിടെയില്ല. കഴിഞ്ഞ പത്ത് വർഷം കൂടെ ഉണ്ടായിരുന്നത് ഞാനാണ്.
'അതുകൊണ്ടാവണം ലളിതാമ്മ പോയപ്പോൾ വളരെ അടുത്ത് തന്നെ ഞാൻ ഉണ്ടായിരുന്നു. ആദ്യം തന്നെ ഞാൻ എത്തിയിരുന്നു. അമ്മയുടെ വയ്യാതെ ഉള്ള കിടപ്പ് കണ്ടപ്പോൾ ഒന്നിലെങ്കിൽ നന്നാക്കി തരണം. ഇങ്ങനെ കിടത്തരുത് എന്ന് ഞാൻ പ്രാർത്ഥിച്ചു. പോയപ്പോൾ ഒരുപാട് സങ്കടം തോന്നിയെങ്കിലും അത് നന്നായെന്ന് തോന്നി,'

'മരിക്കുന്നതിന് മുൻപ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ കണ്ടിട്ടിപ്പോൾ എന്തിനാ എന്ന് സിദ്ധു ചോദിച്ചിരുന്നു. സിദ്ധുവിന് ഭയങ്കാരമായി സങ്കടമായി. സിദ്ധു ഉദ്ദേശിക്കുന്നത് അല്ലായിരുന്നു നാട്ടുകാർ മനസിലാക്കുന്നത്. ആളുകളുടെ മനസ്സിൽ കെപിഎസി ലളിത എന്നൊരു മുഖം ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിദ്ധു കാണിക്കാൻ മടിച്ചത്. അവന് അഹങ്കാരമാണ് എന്നൊക്കെ പലരും പറഞ്ഞു,'

'ഞാൻ വിളിച്ചപ്പോൾ കാണേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ ശരി എന്ന് പറഞ്ഞു ഫോൺ വെച്ചതാണ്. അതിന് മുന്നേ ആരോ ആയിട്ട് ഇതിന്റെ പേരിൽ വഴക്കിട്ട് നിൽക്കുകയായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് സിദ്ധു എന്നെ തിരിച്ചു വിളിച്ചിട്ട് സോറി പറഞ്ഞു.
മറ്റെന്തോ ദേഷ്യത്തിൽ ആയി പോയി. ചേച്ചിയോട് അത് പറയാൻ പാടില്ലായിരുന്നു. നിങ്ങൾ തമ്മിലുള്ള ബന്ധം ഞാൻ മറന്ന് പോയി. ചേച്ചി എപ്പോൾ വേണമെങ്കിലും വന്ന് കണ്ടോളു എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ കാണുന്നത്,' മഞ്ജു പിള്ള പറഞ്ഞു.
തന്റെ അഭിനയത്തെ കെപിഎസി ലളിതയുടേതുമായി താരതമ്യം ചെയ്ത് വന്ന ഒരു കമന്റിനെക്കുറിച്ച് മഞ്ജു പിള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. കെപിഎസി ലളിത ഇനി ജീവിക്കും മഞ്ജുവിലൂടെ എന്നായിരുന്നു ഒരാളുടെ കമന്റ് അത് കണ്ടപ്പോൾ തന്നെ സിദ്ധുവിനെ വിളിച്ച് പറഞ്ഞെന്നും മഞ്ജു പിള്ള പറഞ്ഞു.


Click it and Unblock the Notifications