പ്രീ ബുക്കിംഗില്‍ പുതുചരിത്രം സൃഷ്ടിച്ച് മരക്കാര്‍; ഫാന്‍സ് ഷോകള്‍ ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക്
ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പിന്റെ വരവോടെ തീയേറ്ററുകള്‍ വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. കൊറോണ മൂലം അടച്ചിടേണ്ടി വന്ന തീയേറ്ററുകള്‍ക്ക് പുതുജീവന്‍ പകരാന്‍ വലിയ വിജയങ്ങള്‍ വേണ്ടതുണ്ട്. സിനിമ വലിയ സ്‌ക്രീനില്‍ തന്നെ ആസ്വദിക്കാന്‍ വീണ്ടും സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തീയേറ്ററുകാരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശനും മോഹന്‍ലാലും കൈകോര്‍ക്കുന്ന മരക്കാറിന്റെ റിലീസ് സംബന്ധിച്ച് നാളുകള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ചിത്രം തീയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായിരുന്നു.
Recommended Video
മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മരക്കാര്‍ ഒടിടിയ്ക്ക് പകരം തീയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ഡിസംബര്‍ രണ്ടിനാണ് മരക്കാറിന്റെ റിലീസ്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്നുറപ്പാണ്. ഇപ്പോഴിതാ റിലീസിന് മുമ്പ് തന്നെ മരക്കാര്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ്.

മരക്കാറിന്റെ റിലീസിന് അറിയിപ്പിന് പിന്നാലെ പ്രീ ബുക്കിംഗ് മലയാള സിനിമയില്‍ പുതിയ ചരിത്രമായി മാറുകയാണ്. ശരവേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. ആശിര്‍വാദ് സിനിമാസിന്റെ തന്നെ സ്‌ക്രീനുകളിലായിരുന്നു ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയൊരു പങ്ക് ടിക്കറ്റുകളും വിറ്റു തീര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ നിലവില്‍ 409 ഫാന്‍സ് ഷോകള്‍ നടത്തിയ ഒടിയന്‍ ആണ് ഇക്കാര്യത്തില്‍ മുന്നില്‍. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ റെക്കോര്‍ഡ് അഞ്ഞൂറിലധികം ഫാന്‍സ് ഷോ നടത്തിക്കൊണ്ട് മരക്കാര്‍ മറി കടക്കാനിരിക്കുകയാണ്. ആദ്യ ദിനം അഞ്ഞൂറിലധികം ഫാന്‍സ് ഷോകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഫാന്‍സ് ഷോകള്‍ ഇവിടം കൊണ്ട് നില്‍ക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ ഫാന്‍സ് ഷോകള്‍ ഭൂരിഭാഗവും ചാര്‍ട്ട് ചെയ്തിരിക്കുന്നത് പുലര്‍ച്ചെ നാല് മണിയ്ക്കും ഏഴ് മണിക്കുമൊക്കെയാണ്. എന്നാല്‍ വിദേശത്ത് തലേദിവസം രാത്രി തന്നെ പ്രീമിയര്‍ നടക്കുന്നതിനാല്‍ പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് ഫാന്‍സ് ഷോ നടത്താനുള്ള അനുമതി തേടുന്നുണ്ട്. അങ്ങനെ വന്നാല്‍ ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും. വിലയിരുത്തപ്പെടുന്നത് പോലെ ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക് ഫാന്‍സ് ഷോകള്‍ എത്തിയാല്‍ അത് മലയാള സിനിമയില്‍ പുതിയൊരു ചരിത്രമായി മാറും.

മരക്കാറിനായി ഒരുങ്ങിയിറങ്ങാനാണ് തീയേറ്ററുകളുടെ തീരുമാനം. കേരളത്തിലെ പല വലിയ തീയേറ്ററുകളിലും രാത്രിയും പകലുമൊക്കെയായി പതിവിലുമധികം ഷോകള്‍ നടത്താനാണ് തീരുമാനം. ലോകമെമ്പാടുമായി രണ്ടായിരത്തിന് മുകളില്‍ സ്‌ക്രീനുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. ഗള്‍ഫിലും വിദേശത്തും റെക്കോര്‍ഡ് റിലീസാണ് മരക്കാറിനെ കാത്തു നില്‍ക്കുന്നത്. മലയാളത്തിന് പുറമെ നാല് ഭാഷകളില്‍ കൂടി പുറത്തിറങ്ങുന്ന സിനിമയാണ് മരക്കാര്‍. കേരളത്തില്‍ ഡിസംബര്‍ രണ്ടിന് എത്തുന്ന സിനിമ ഗള്‍ഫിലും അമേരിക്കയിലും ഡിസംബര്‍ ഒന്നിന് തന്നെ റിലീസ് ചെയ്യും.

മരക്കാറിന്റെ റിലീസ് മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. തീയേറ്ററിന് പകരം ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത് എത്തിയിരുന്നു. നീണ്ട ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും അരങ്ങേറിയിരുന്നു. ഒടുവില്‍ മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടര്‍ന്നാണ് സിനിമ തീയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. നേരത്തെ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം റിലീസ് രണ്ട് വര്‍ഷത്തോളം നീണ്ടു പോവുകയായിരുന്നു.


Click it and Unblock the Notifications











