ദൈവം ഹിന്ദിക്കാരന്റെ രൂപത്തില്‍ എത്തി ജീവന്‍ രക്ഷിച്ചു; കിടപ്പിലായിപ്പോയ അപകടത്തെപ്പറ്റി ഉണ്ണി രാജ
മറിമായത്തിലൂടെ വന്ന് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കലാകാരനാണ് ഉണ്ണി രാജ. കണ്ണൂര്‍ ഭാഷാ ശൈലിയിലൂടെ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന കുണ്ടല പുരാണത്തിലും മികച്ച വേഷത്തിലൂടെ സ്‌ക്രീനില്‍ ഉണ്ണി രാജയും നിറഞ്ഞു നില്‍ക്കുകയാണ്.
അഖിലേഷേട്ടന്‍, രാജേഷ് അമ്പലത്തറ, രഘു തുടങ്ങി പ്രേക്ഷകരെ ചിരിപ്പിക്കുന്ന വിവിധ കഥാപാത്രങ്ങളാണ് ഉണ്ണി രാജ എന്ന കലാകാരന്‍ സമ്മാനിച്ചത്. മോളൂസ് എന്ന ഓട്ടോ ഡ്രൈവറായിട്ടാണ് കുണ്ടല പുരാണത്തില്‍ ഇദ്ദേഹം എത്തുന്നത്. തന്റെ അപകടവും അതിലൂടെ വന്ന ശാരീരിക ബുദ്ധിമുട്ടുകളും ജിഞ്ചര്‍ മീഡിയയുമായി പങ്കു വെക്കുകയാണ് അദ്ദേഹം.

''ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ ബൈക്ക് ഇടിച്ച് മറിഞ്ഞ് വീണു. അതൊരു വലിയ വീഴ്ചയായിരുന്നു. ഒരു ഹിന്ദിക്കാരന്‍ ആ സമയം അവിടെ എത്തിയത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി. ദൈവം ഹിന്ദിക്കാരന്റെ രൂപത്തില്‍ എത്തിയ പോലെയാണ് തോന്നിയത്. സ്‌പൈനല്‍ ഇഞ്ച്വറി ആയതിനാല്‍ കുറച്ച് നാള്‍ ഫിസിയോതെറാപ്പി ചെയ്ത് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കലാകാരന്‍ ആണെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ വല്ലാതെ അലട്ടാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തുടങ്ങി'' ഉണ്ണി രാജ പറയുന്നു.
നാടകത്തിലൂടെ വന്നെങ്കിലും ഉണ്ണി രാജ എന്ന അഭിനേതാവിനെ ജനങ്ങള്‍ തിരിച്ചറിയുന്നത് മറിമായത്തിലൂടെയാണ്. ''സിനിമയും മറിമായവും തമ്മില്‍ വലിയ വ്യത്യാസമില്ല. സിങ്ക് സൗണ്ടാണ്. മറിമായത്തില്‍ ഉപയോഗിക്കുന്നത്. എങ്കിലും എല്ലാവരും സിനിമയിലും സജീവമായ കലാകാരന്‍മാര്‍ തന്നെയാണ്. മറിമായം കാരണം പല സിനിമയും എനിക്ക് നഷ്ടമായിട്ടുണ്ട്. മറിമായം കൃത്യമായ ഷെഡ്യൂളില്‍ പോവുന്നതാണ്. അതിനാല്‍ ഇടക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്'' ഉണ്ണി രാജ വിശദീകരിച്ചു.
ഓപ്പറേഷന്‍ ജാവ എന്ന സിനിമ റിലീസായപ്പോള്‍ അഖിലേഷേട്ടന്‍ എന്ന ഒറ്റ കഥാപാത്രം ഉണ്ടാക്കിയ ഓളം വളരെ വലുതാണ്. അതില്‍ ഉണ്ണി രാജയുടെ പ്രകടനവും നിഷ്‌കളങ്കമായ പുഞ്ചിരിയും ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കും. കുണ്ടലപുരാണത്തില്‍ ഉണ്ണി രാജയ്‌ക്കൊപ്പം ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേണു എന്ന തനി കാസര്‍ഗോഡുകാരനായാണ് ഇന്ദ്രന്‍സ് ഇത്തവണ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഹോമിലെ ഒലിവര്‍ ട്വിസ്റ്റര്‍ മുതല്‍ ശേഷം വന്ന എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ കണ്ണു നനയിക്കുന്ന പ്രകടനങ്ങളായിരുന്നു കാഴ്ച വെച്ചത്. ഇത്രയും വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടും എളിമയോടെയുള്ള അദ്ദേഹത്തിന്റെ സംസാരവും ആ നിഷ്‌കളങ്കമായ ചിരിയും ഏറെ സന്തോഷം നിറക്കുന്നതാണ്.

''ഞാന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിയിട്ടില്ല, അങ്ങനെ കിട്ടുമ്പോഴല്ലെ ഞാനും എന്നെ അംഗീകരിക്കുള്ളു. ഇതിലും മികച്ച കഥാപാത്രങ്ങള്‍ ഇനി വരാനിരിക്കുന്നേ ഉള്ളൂ'' എന്നാണ് തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഇന്ദ്രന്‍സ് പറയുന്നത്. ചിത്രത്തില്‍ കാസര്‍ഗോഡ് ഭാഷയാണ് കൈകാര്യം ചെയ്യുന്നത്, എങ്കിലും വലിയ പ്രയാസം ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ വളരെ പെട്ടെന്ന് ഭാഷ പഠിക്കാന്‍ സാധിച്ചുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്.
ഇന്ദ്രന്‍സ്, രമ്യ സുരേഷ്, ഉണ്ണി രാജ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത ചിത്രമാണ് കുണ്ടല പുരാണം. കാസര്‍ഗോഡുള്ള ഒരു നാട്ടിന്‍പുറവും അവിടെ ഉറവ വറ്റാത്ത ഒരു കിണറിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഏറെ രസകരമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് കുണ്ടല പുരാണം മുന്നോട്ട് പോവുന്നത്.


Click it and Unblock the Notifications











