പുരുഷനായതുകൊണ്ട് പീഡനം എന്ന് പറയാന്‍ പറ്റില്ലല്ലോ! അയാള്‍ കാരണം സിനിമ കിട്ടാതായി: പദ്മകുമാര്‍
തന്നെ ഒരു സിനിമാക്കാരനായ മലയാള സിനിമ ചേര്‍ത്തുവച്ചിട്ടില്ലെന്ന് നടനും സംവിധായകനുമായ എംബി പത്മകുമാര്‍. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ പറഞ്ഞതിനാല്‍ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് ഇല്ലാതായെന്നാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് താന്‍ അടുത്ത സിനിമ സംവിധാനം ചെയ്തില്ലെന്ന് പറയുകയാണ് പത്മകുമാര്‍. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
വേവുന്ന മലയാള സിനിമയുടെ ഭാഗമാണോ ഞാന്‍ എന്ന് ചോദിച്ചാല്‍. ആണെന്ന് ഞാന്‍ പറയും. പക്ഷെ അല്ലെന്ന് മലയാള സിനിമ പറയും. 'നിവേദ്യ'ത്തിന് ശേഷം ഒരു സിനിമാക്കാരനായിട്ട് എന്നെ മലയാള സിനിമ ചേര്‍ത്തു വച്ചിട്ടില്ല. കാരണം ഞാന്‍ എന്റെ വ്യക്തിത്വത്തെ സംരക്ഷിക്കാന്‍, ഒരു ചലച്ചിത്ര പ്രവര്‍ത്തകന്റെ മുന്‍പിന്‍ ശ്രമിച്ചത് കാരണം.(ഞാനൊരു സ്ത്രീയല്ലെന്നിരിക്കെ, പുരുഷനായതുകൊണ്ട് പീഡനം എന്നു പറയാന്‍ പറ്റില്ലല്ലോ)

അദ്ദേഹം പറഞ്ഞിട്ടെന്നവണ്ണം മലയാള സിനിമ പിന്നെ എന്നെ വിളിച്ചിട്ടില്ല. പിന്നീട് എനിക്ക് അഭയം തന്നത് സീരിയലാണ്, സിനിമാ താരങ്ങളോട് കിടപിടിക്കാന്‍ ശേഷിയില്ലാത്ത സീരിയല്‍ താരങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെ കാണാന്‍ ഹേമാ കമ്മീഷനെന്നല്ല ഒരു കമ്മീഷനും പിറവിയെടുക്കില്ല എന്നുറപ്പുള്ളതുകൊണ്ട്, എന്റെ അസ്തിത്വം സംരക്ഷിക്കേണ്ട ബാധ്യത, എന്നില്‍ നിക്ഷിപ്തമായതുകൊണ്ട്, ഞാന്‍ എന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
'കാസ്റ്റിംഗ് കൗച്ചിൽ നിന്നും രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറഞ്ഞത്, ശിക്ഷ നടപടികൾ വേണം'
ഞാന്‍ പറഞ്ഞു വരുന്നത്; എല്ലാവരും എന്നോട് ചോദിക്കും എന്താണ് അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ താമസിക്കുന്നതെന്ന്. ഞാന്‍ അവരോട് പറയും എനിക്ക് സംവിധായകന്‍ എന്ന അംഗീകാരം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തന്നിട്ടും താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് . താരങ്ങള്‍ പറയുന്നത്, അവാര്‍ഡ് പടത്തിലല്ല കാര്യം കോമേഴ്‌സിയല്‍ സിനിമ ചെയ്ത എക്‌സ്പീരിയന്‍സ് കാണിക്കു എന്ന്.
എക്‌സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ട് ജോലി തരില്ലെന്ന് സ്ഥാപനങ്ങള്‍ പറയുമ്പോള്‍, ജോലി തന്നാലല്ലേ എക്‌സ്പീരിയന്‍സ് കിട്ടു എന്നു പറയുന്ന ഉദ്യോഗാര്‍ത്ഥികളെപ്പോലെ; താരങ്ങള്‍ ഡേറ്റ് തന്നാലല്ലേ ഒരു കൊമേഴ്‌സ്യല്‍ സിനിമ എനിക്ക് ചെയ്യാന്‍ സാധിക്കു എന്ന് ചിന്തിക്കാമെങ്കിലും; എന്റെ ചിന്തകളില്‍ ന്യൂജെന്റെ ഉപരിപ്ലവതയുടെ കുറവുണ്ടെന്ന സത്യം ഞാന്‍ മനസ്സിലാക്കി, എന്റേ വഴിയിലൂടെ നടന്ന്, കാലങ്ങളായി കരുത്തുള്ള അഭിനേതാക്കളുമായി ഒരു സിനിമ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

(മലയാള സിനിമ കരുത്തുള്ള അഭിനേതാക്കളാല്‍ സമൃദ്ധമാണല്ലോ, അവര്‍ മറന്നുപോയെങ്കിലും!). വാസ്തവത്തില്‍ എന്റെ ഫോണ്‍ എടുക്കാത്ത നടന്മാരുണ്ട്, ബ്ലോക്ക് ചെയ്തവരുണ്ട്. ഇന്‍സെക്യൂറാണ് ഞാനെന്നുപോലും പറഞ്ഞവരുണ്ട്.
മരം വെട്ടാന്‍ ആറുമണിക്കൂര്‍ തന്നാല്‍ നിങ്ങള്‍ ആദ്യം എന്തു ചെയ്യുമെന്ന് ചോദിച്ചവരോട് ആദ്യത്തെ നാലുമണിക്കൂര്‍ കോടാലിയുടെ മൂര്‍ച്ചകൂട്ടുമെന്ന് ഏബ്രഹാംലിങ്കന്‍ പറഞ്ഞതുപോലെ , എന്നെ ഒഴിവാക്കിയ നാളിത്രയും എന്നിലെ ക്രീയേറ്റിവിറ്റിയുടെ മൂര്‍ച്ചകൂട്ടുകയായിരുന്നു ഞാന്‍.
ആരും ഡേറ്റ് തന്നില്ലെങ്കിലും മൂര്‍ച്ചകൂട്ടിയ ആയുധവുമായി ഞാനൊരു സിനിമ ചെയ്യുവാന്‍ പോവുകയാണ്, ഇപ്പോള്‍. വരുന്നതു വരട്ടെ, നിങ്ങളുടെ അനുഗ്രഹവും സപ്പോര്‍ട്ടും വേണം. ബാക്കി, കാലം തീരുമാനിക്കട്ടെ.


Click it and Unblock the Notifications











