'അമ്മയുടെ മകൾ തന്നെ, എല്ലാ കഴിവും അതുപോലെ കിട്ടിയിട്ടുണ്ട്; കണ്ണെടുക്കാൻ തോന്നുന്നില്ല'; മീനാക്ഷിയോട് ആരാധകർ!
താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് അവരുടെ മക്കൾക്കും ലഭിക്കുന്നത് സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് അവർ സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും. ഇങ്ങനെ സിനിമയിലേക്ക് എത്തിയ താരങ്ങൾ മലയാള സിനിമയിൽ ഒരുപാടുണ്ട്. അതേസമയം ഇനിയും സിനിമയിലേക്ക് എത്താത്ത ചിലരുമുണ്ട്. അതിൽ ഇന്നല്ലെങ്കിൽ നാളെ സിനിമയിലെത്തും എന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന താരപുത്രിയാണ് ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി ദിലീപ്.
അച്ഛനും അമ്മയ്ക്കും ഉള്ളതുപോലെ തന്നെ ആരാധകർ മീനാക്ഷിക്കുമുണ്ട്. എന്നാൽ പൊതുവേദികളിൽ നിന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ പോലും ഇടയ്ക്ക് മാത്രമാണ് മീനാക്ഷി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. എന്നാൽ അതെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്. ഇരുപത്തിമൂന്നുകാരിയായ മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്.

അമ്മ മഞ്ജുവിനെപ്പോലെ മീനാക്ഷിക്കും നൃത്തത്തിൽ കമ്പമുണ്ട്. ഇടയ്ക്കിടെ സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് ഡാൻസ് ചെയ്ത് മീനാക്ഷി അത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചെറുപ്പം മുതൽ മീനാക്ഷി ഡാൻസ് പഠിക്കുന്നുണ്ട്. ഇടയ്ക്ക് ഉറ്റ സുഹൃത്ത് നമിതയ്ക്ക് വേണ്ടിയും മീനാക്ഷി നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസമാണ് 'തേരെ മൗല' എന്ന ഗാനത്തിന് ചുവടുവച്ച് മീനാക്ഷി അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ആണ് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങൾ അടക്കം നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 'അമ്മയുടെ അല്ലെ മോൾ, ഡാൻസിൽ ഒട്ടും മോശമാവില്ല, ആ കഴിവ് അതുപോലെ കിട്ടി, എന്തൊരു മെയ്‌വഴക്കം' എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
അതേസമയം അമ്മയുടെ കഴിവ് എന്ന് പറയുന്നത് എന്തിനാണെന്ന് ചോദിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അവളുടെ പാഷനും കഴിവും കൂടിയാണ്. ഓരോരുത്തരും ഓരോ വ്യക്തികളാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മക്കൾക്ക് മാതാപിതാക്കളുടെ അല്ലാതെ വല്ലവരുടെയും കഴിവ് കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു. വെളിച്ചമില്ലാതെയുള്ള വീഡിയോ പങ്കുവച്ചതിനുള്ള പരാതിയും ചിലർ പറയുന്നുണ്ട്.
'എന്തായാലും നന്നായി ഡാൻസ് കളിക്കുന്നുണ്ട് എന്നാ, ഇച്ചിരി വെട്ടവും വെളിച്ചവും ഒക്കെ ഇട്ട് കളിച്ചൂടെ ഞങ്ങള് കാണട്ടെ', എന്നാണ് ഒരാളുടെ കമന്റ്. താരങ്ങളുടെയും തന്റെ സുഹൃത്തുക്കളുടേയുമൊക്കെ കമന്റിന് മീനാക്ഷി മറുപടിയും നൽകി. ഇമോജി ഉപയോഗിച്ചാണ് മറുപടികൾ എല്ലാം. നേരത്തെയും മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ വൈറലായിട്ടുണ്ട്.
അച്ഛന്റേയും അമ്മയുടേയും പാതിയിലൂടെ മകള്‍ സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഒരിക്കൽ ദിലീപിനോട് ഇത് ചോദിച്ചപ്പോൾ ഇപ്പോൾ മകൾ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താൽപര്യം അനുസരിച്ചായിരിക്കും എന്നുമാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ താന്‍ സിനിമയിലേക്കില്ല എന്ന നിലാപാടാണ് മീനാക്ഷിയ്ക്ക്. പഠനം പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് മീനാക്ഷിയുടെ ആഗ്രഹം.

കുറച്ചു നാളുകൾക്ക് മുൻപ് മീനാക്ഷി വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമയിലെ പ്രശസ്‌തനായ നടനാണ് വരൻ എന്ന തരത്തിലായിരുന്നു വാർത്ത. ഇതിലും ദിലീപ് പ്രതികരിക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും താനറിയുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ് എന്നാണ് ദിലീപ് പറഞ്ഞത്.
മകളുടെ വിവാഹം നിശ്ചയിച്ചെന്ന് അറിഞ്ഞത് ഈയ്യടുത്താണ്. താനും മകളും ഇത് അറിഞ്ഞിരുന്നില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണ്' എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.


Click it and Unblock the Notifications











