മീര നന്ദന്‍ വിവാഹിതയാകുന്നു! നിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് താരം; ഇനി കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വേണ്ട!
ടെലിവിഷനിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദന്‍. ഇപ്പോഴിതാ ആര്‍ജെയായും സാന്നിധ്യം അറിയിക്കുകയാണ് താരം. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര നന്ദന്‍. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മീരയുടെ ജീവിതത്തില്‍ സന്തോഷകരമായൊരു കാര്യം നടന്നിരിക്കുകയാണ്.
മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇക്കാര്യം മീര നന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ശ്രീജുവാണ് വരന്‍. വരനൊപ്പമുള്ള ചിത്രങ്ങളും മീര നന്ദന്‍ പങ്കുവച്ചിട്ടുണ്ട്. ഒടുവില്‍ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് മീര നന്ദന്‍ പറയുന്നത്. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു മീര നന്ദന്‍ വിവാഹ നിശ്ചയം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. നടിമാരായ ആന്‍ അഗസ്റ്റിനും ശ്രിന്ദയും വിവാഹ നിശ്ചയത്തിനെത്തിയിരുന്നു. മീര നന്ദന്റെ വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ സിനിമാ ലോകത്തു നിന്നും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. മഞ്ജിമ മോഹന്‍, ശ്രിന്ദ, കനിഹ, അര്‍ച്ചന കവി, പ്രിയങ്ക നായര്‍, ചാന്ദിനി തുടങ്ങിയവര്‍ കമന്റിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്. തന്നോട് വിവാഹത്തെക്കുറിച്ച് പലരും എപ്പോഴും ചോദിക്കാറുണ്ടെന്ന് നേരത്തെ മീര നന്ദന്‍ പറഞ്ഞിട്ടുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മീര പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്.
''കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. വിവാഹം എന്നതില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകള്‍ പറഞ്ഞത് കൊണ്ടോ കുടുംബക്കാര്‍ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒറ്റയ്ക്ക് ജീവിച്ച് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്ത് വന്ന ആളാണ്. വിവാഹമെന്നത് നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' എന്നാണ് മുമ്പൊരിക്കല്‍ കല്യാണത്തെക്കുറിച്ച് മീര നന്ദന്‍ പറഞ്ഞിട്ടുള്ളത്.
ആരെങ്കിലും പറഞ്ഞത് കൊണ്ട്, എങ്കില്‍ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എന്നും നേരത്തെ മീര നന്ദന്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാന്‍ റെഡി ആണെന്ന് തോന്നുന്ന സമയത്ത് ഞാന്‍ വിവാഹം കഴിക്കുമെന്നതായിരുന്നു മീരയുടെ നിലപാട്. പറ്റിയ ആളെ കിട്ടട്ടെ അപ്പോള്‍ നോക്കാം എന്നും മീര പറഞ്ഞിരുന്നു. വിവാഹം എന്ന കോണ്‍സെപ്റ്റിനോട് ഞാന്‍ എതിരല്ല. ഞാന്‍ ഇത്രയും നാള്‍ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്. എന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാള്‍ പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും താരം പറഞ്ഞിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലെ അവതരാകയായിട്ടാണ് മീരയെ മലയാൡകള്‍ പരിചയപ്പെടുന്നത്. ഗായികയായി മത്സരിക്കാന്‍ വന്ന മീര പിന്നീട് അവതാരകയായി മാറുകയായിരുന്നു. ദിലീപ് നായകനായ മുല്ല എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് മീരയുടെ അഭിനയ അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചു. ചെറിയ സമയത്തിനുള്ളില്‍ തന്നെ ഹിറ്റുകളുടെ ഭാഗമാകാന്‍ മീരയ്ക്ക് സാധിച്ചു.
പിന്നീടാണ് മീര അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. തുടര്‍ന്ന് താരം ദുബായില്‍ ആര്‍ജെയായി ജീവിതം ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ ബോള്‍ഡ് ചിത്രങ്ങളുടെ പേരില്‍ നിരന്തരം സദാചാര ആക്രമണവും മീര നന്ദന് നേരിടേണ്ടി വരാറുണ്ട്.


Click it and Unblock the Notifications