ദുബായിലേക്ക് പോകുന്നു എന്നറിയിച്ചപ്പോൾ ദിലീപേട്ടൻ പറഞ്ഞത്; എനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു: മീര നന്ദൻ
അവതാരകയായെത്തി പിന്നീട് നടിയും ആർജെയുമൊക്കെയായി മാറിയ താരമാണ് മീര നന്ദൻ. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായിട്ടാണ് മീര കരിയർ ആരംഭിക്കുന്നത്. ഷോയിൽ മത്സരാർത്ഥിയാകാൻ ഓഡിഷന് എത്തിയ മീരയ്ക്ക് അവതാരകയായി അവസരം നൽകുകയായിരുന്നു. തുടർന്നാണ് മീര സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ ലാൽ ജോസാണ് മീരയെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത്.
ദിലീപ് നായകനായ മുല്ലയിലൂടെ അരങ്ങേറ്റം കുറിച്ച മീരയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സാന്നിധ്യം അറിയിക്കാനായി. ഇടക്കാലത്ത് സിനിമയും ടെലിവിഷനും വിട്ട് റേഡിയോയിൽ സജീവമായ താരം ഈ വർഷം വീണ്ടും സിനിമയിലേക്കും ടെലിവിഷനിലേക്കും തിരിച്ചെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മീര നന്ദൻ.

ഇപ്പോഴിതാ സിനിമയൊക്കെ വിട്ട് ദുബായിയിൽ പോയി ആർജെ ആയതിനെ കുറിച്ച് സംസാരിക്കുകയാണ് മീര നന്ദൻ. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് മീര മനസുതുറന്നത്. നടൻ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചും മീര അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
അഭിനയിക്കുന്ന സമയത്തും, റേഡിയോ രംഗം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെണ് മീര പറയുന്നു. ഓഫർ ലഭിച്ച സമയത്ത് അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന പേടി ആയിരുന്നു. എന്നാൽ അവർ സമ്മതിച്ചു. കരിയറിൽ എടുത്ത തീരുമാനങ്ങളിലൊന്നും പശ്ചാത്താപമില്ല. എല്ലാം വിട്ടെറിഞ്ഞിട്ട് ആർജെ ആയി ജീവിതം തുടങ്ങിയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആയിരുന്നു തുടക്കത്തിൽ നേരിട്ടത്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ആയിരുന്നു പഠിച്ചിരുന്നതെന്നും താരം പറഞ്ഞു.
കുക്കിങ് പോലും അറിയില്ലായിരുന്നു, ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് അറിയില്ലായിരുന്നു. ഒറ്റക്ക് ജീവിക്കാൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമല്ല. ഒറ്റയ്ക്ക് ജീവിക്കുന്നത്തിൽ നിന്നും ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരുമെന്നും മീര പറയുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി, ദൈവം സഹായിച്ച് തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതിൽ ഞാൻ ഹാപ്പിയാണ്. ആർജെ എന്ന പണി അത്ര ഈസി അല്ലെന്നും മീര വ്യക്തമാക്കി.
ഒരുപാട് അബദ്ധങ്ങളും തെറ്റുകളും ആർജെ ആയ തുടക്ക സമയത്ത് സംഭവിച്ചിട്ടുണ്ട്. ചില മോശം അനുഭവങ്ങളും ഉണ്ടെന്ന് മീര പറഞ്ഞു. നമുക്ക് എല്ലാം ഉണ്ട്, നമ്മൾ എല്ലാമായി എന്ന ഭാവം മറ്റൊരു രാജ്യത്തു താമസിക്കുമ്പോൾ തനിയെ മാറും. നമുക്ക് തന്നെ കുറെ മാറ്റങ്ങൾ വരും. ദുബായിൽ ജീവിച്ചതുകൊണ്ട് തനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മീര പറഞ്ഞു. തുടർന്നാണ് ദിലീപുമായുള്ള ബന്ധത്തെ കുറിച്ചും മീര സംസാരിച്ചത്.

മുൻപ് ദിലീപിനെതിരെ വിവാദങ്ങൾ ഉണ്ടായ സമയത്ത് പിന്തുണയുമായി നിന്ന നടിമാരിൽ ഒരാളാണ് മീര നന്ദൻ. അത് എന്തുകൊണ്ടായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മീര. 'എനിക്ക് സഹോദരനെ പോലെയാണ് ദിലീപേട്ടൻ. ഞാൻ ദുബായിലേക്ക് മാറുകയാണെന്ന് ദിലീപേട്ടനെ വിളിച്ച് പറയുമ്പോൾ എന്നോട് പറഞ്ഞത് നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കണം എന്നാണ്'
'നീ വേറെയൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങുവാണെങ്കിലും എപ്പോഴും അവരെ കുറിച്ച് ചിന്തിക്കണം. അവർ ഇത്രയും നാൾ നിനക്ക് വേണ്ടി ചെയ്ത് തന്നിട്ടുള്ളത് എന്തൊക്കെയാണെന്ന് നീ എപ്പോഴും ആലോചിക്കണം, എന്നൊക്കെ പറഞ്ഞ് തരുന്ന സഹോദര തുല്യനാണ് ദിലീപേട്ടൻ എന്റെ ജീവിതത്തിൽ. അതിപ്പോഴും അങ്ങനെ തന്നെയാണ്' മീര നന്ദൻ പറഞ്ഞു.


Click it and Unblock the Notifications