പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലുമില്ല; പ്രശ്‌നക്കാരിയെന്ന ലേബലുണ്ട്; ഒഴിവാക്കപ്പെട്ടു!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിള്‍. മോഡലിംഗിലൂടെയാണ് മെറീന സിനിമയിലെത്തുന്നത്. സിനിമയില്‍ കുടുംബവേരുകളോ ഗോഡ് ഫാദര്‍മാരെ ഇല്ലാതെയാണ് മെറീന കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. അതുകൊണ്ട് തന്നെ ഒട്ടും എളുപ്പമായിരുന്നില്ല മെറീനയുടെ യാത്ര. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുമ്പ് മെറീന തുറന്ന് പറഞ്ഞിരുന്നു.
ഈയ്യടുത്ത് ഒരു സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ മെറീനയും ഷൈന്‍ ടോം ചാക്കോയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടു. തനിക്ക് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന.

ഇപ്പോഴിതാ സിനിമയിലെ വേര്‍തിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ചും മെറീന സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെറീന മനസ് തുറന്നത്. മെറീനയ്‌ക്കൊപ്പം അമ്മയും അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഷൈനിനൊപ്പമുള്ള ചാറ്റ് ഷോയില്‍ നിന്നും ഇറങ്ങിപ്പോയ സംഭവം വലിയ വാര്‍ത്തയായല്ലോ. എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു. ആ പ്രശ്‌നം ഞങ്ങള്‍ തന്നെ പരിഹരിച്ചെന്നും പറഞ്ഞു. അതുകൊണ്ട് അമ്മയ്ക്കത്ര ടെന്‍ഷനുണ്ടായില്ലെന്നാണ് മെറീന പറയുന്നത്. അതേസമയം മെറീന പ്രതികരിക്കും എന്നറിയുന്നതിനാല്‍ ഇത്തരം സംഭവങ്ങളുണ്ടാകും എന്നൊരു മുന്‍ കരുതല്‍ മനസിലുണ്ടെന്നാണ് അമ്മ പറയുന്നത്. പിന്നാലെ സിനിമയിലെ സ്ത്രീകളുടെ സംഘടനയെക്കുറിച്ചും മെറീന സംസാരിക്കുന്നുണ്ട്.
സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു കമ്യൂണിറ്റിയുണ്ട്. പ്രശ്‌നങ്ങളില്‍ തുറന്ന് സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും. പക്ഷെ ഈ കമ്യൂണിറ്റി ജൂനിയര്‍ നടിമാരടക്കമുള്ള പലരുടേയും പ്രശ്‌നങ്ങളില്‍ ഒരു നിലപാടെടുക്കുന്നത് കണ്ടിട്ടില്ല. അത്തരത്തില്‍ ഞാന്‍ നേരിട്ട പ്രശ്‌നം പറയാനാണ് അന്ന് ശ്രമിച്ചതെന്നാണ് മെറീന പറയുന്നത്. പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല. അതാരെങ്കിലും പറയണ്ടേ എന്നാണ് മെറീന ചോദിക്കുന്നത്.
അതേസമയം ഇങ്ങനെ തുറന്നു പറയുന്നതു കൊണ്ടും ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതു കൊണ്ടും പ്രശ്‌നക്കാരിയാണെന്ന ലേബലുണ്ടെന്നാണ് മെറീന പറയുന്നത്. അഭിനയിക്കാന്‍ വിളിക്കുന്നവരോട് അവര് വേണോ? ശരിയാകുമോ? എന്ന് ചോദിക്കുന്നവരും ഒഴിവാക്കുന്നവരുമൊക്കെയുണ്ട്. അന്ന് ഇവളാരാ ഇങ്ങനെയൊക്കെ പറയാന്‍ എന്ന രീതിയിലാണ് ആദ്യം കമന്റുകളൊക്കെ വന്നതെന്നും മെറീന പറയുന്നുണ്ട്. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചു. സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിക്കുന്നതിനിടയില്‍ മെറീനയ്ക്ക് ധാരാളം ശത്രുക്കളുണ്ടല്ലോ എന്ന് ചോദിച്ചു. സിനിമയിലേക്ക് വിളിക്കരുതെന്ന് അക്കൂട്ടര്‍ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു'' മെറീന പറയുന്നു.
അതേസമയം വിവേകാന്ദന്‍ വൈറല്‍ ആണ് മെറീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിനിടെയാണ് ഷൈനും മെറീനയും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. ബിഹൈന്‍ഡ് ആണ് മെറീനയുടെ പുതിയ സിനിമ. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന. അഭിനയത്തിന് പുറമെ പാട്ടിലും താല്‍പര്യമുള്ളയാളാണ് മെറീന.


Click it and Unblock the Notifications